എഴുപതുകളുടെ അവസാനപാദത്തിലാണ് ‘ഹസിന ഫിലിംസ്’ അന്ന് കേരളത്തിലെ ശ്രദ്ധിക്കപ്പെടുന്ന ഒരു വിതരണ സ്ഥാപനമാണ്. ‘തോക്കുകള്‍ കഥ പറയുന്നു’, ‘നാടന്‍ പ്രേമം’ തുടങ്ങിയ ചിത്രങ്ങള്‍ നിര്‍മിച്ച് ‘നവജീവന്‍’ ഫിലിംസില്‍ ‘മഞ്ഞിലാസി’ലെ എം.ഒ. ജോസഫിന്റെ പാര്‍ട്ട്ണറായിരുന്ന ബല്‍ത്താസറിന്റെ ഉടമസ്ഥതയിലുള്ള വിതരണക്കമ്പനിയായിരുന്നു ‘ഹസിന.’ ഹരിപോത്തന്റെ ‘ഇതാ ഇവിടെ വരെ’ അടക്കമുള്ള വന്‍ ചിത്രങ്ങള്‍ ‘ഹസിന’യാണ് പ്രദര്‍ശനത്തിനെത്തിച്ചത്.
‘ഹസിന’യുടെ എറണാകുളം മാനേജര്‍ രവി എന്ന സഹൃദയനായ ചെറുപ്പക്കാരനെ സുഹൃത്ത് കലൂര്‍ ഡെന്നിസ് വഴി എനിക്കറിയാം. ഡെന്നിസ് അന്ന് ‘ചിത്രപൗര്‍ണമി’ ചലച്ചിത്ര വാരിക നടത്തുകയാണ്. രവി ‘ഹസിന’യിലെ ജോലിക്കിടയില്‍ ചില ചെറിയ ചിത്രങ്ങളുടെ വിതരണാവകാശം സ്വന്തം നിലയില്‍ വാങ്ങി പ്രദര്‍ശനത്തിനു കൊടുക്കാറുണ്ട്. പഴയ പടങ്ങളും അന്യഭാഷാ ചിത്രങ്ങളുമാണ് ഏറെയും. ഭാഗ്യമനുസരിച്ചായിരിക്കും നഗരത്തില്‍ തിയറ്ററുകള്‍ ലഭിക്കുന്നത്. ബി, സി സെന്ററുകളിലാണ് സാധ്യത പിന്നെയും.
നഗരത്തില്‍ ചിലപ്പോള്‍ ചില ചിത്രങ്ങള്‍ കളക്ഷന്‍ മോശമായി മൂക്കുകുത്തി വീഴും. ബുധനാഴ്ച മാറ്റേണ്ടിവരും. പുതിയ പടം വെള്ളിയാഴ്ചയേ വരൂ. വ്യാഴാഴ്ച ഒരു ദിവസത്തേക്ക് ഒരു ഗ്യാപ്പ് വരുമ്പോള്‍ ഇത്തരം ചിത്രങ്ങള്‍ക്ക് ഇടകിട്ടും. അതും ഒരു ദിവസത്തേയ്ക്കോ ഏറിയാല്‍ രണ്ടു ദിവസത്തേക്കോ… അപൂര്‍വങ്ങളില്‍ അപൂര്‍വമായി ഇതിനപവാദങ്ങളുണ്ടാകും.
മൂന്നുദിവസത്തെ ഗ്യാപ്പിന് എറണാകുളം കവിതാ തീയറ്ററില്‍ ഒരു ചിത്രം ഒരിക്കല്‍ പ്രദര്‍ശിപ്പിച്ചു. കൊട്ടും ഘോഷവുമായി എഴുന്നള്ളിച്ചുകൊണ്ടുവന്ന ഒരു ഹിന്ദി ചിത്രമാണവിടെ കളിച്ചുകൊണ്ടിരുന്നത്.
അത് തിങ്കളാഴ്ച വീണു നിലംപരിശായി. വെള്ളിയാഴ്ചയാവണം ഇനി ഏതെങ്കിലും കൊള്ളാവുന്ന പടം തേടി ചാര്‍ട്ട് ചെയ്തെടുക്കുവാന്‍. അതുവരെ ചൊവ്വ, ബുധന്‍, വ്യാഴം ഗ്യാപ്പിനുകൊണ്ടുവന്നതാണ് തെലുങ്കില്‍നിന്നും മൊഴിമാറ്റിക്കൊണ്ടുവന്ന ഒരു ചിത്രം.
മൂന്നുദിവസം തീയറ്റര്‍ ചെലവിനുള്ള തുക കളക്ഷനുണ്ടായാല് ഭാഗ്യമെന്ന ഉദാസീനഭാവത്തില്‍ റിലീസ് ചെയ്തു. ചൊവ്വ കഴിഞ്ഞു ബുധനായപ്പോള് ചിത്രം നീറിപ്പിടിച്ചു. വ്യാഴാഴ്ച ഹൗസ്ഫുള്ളായി. വെള്ളിയാഴ്ച മാറ്റാന്‍ കഴിയാത്തവിധം തിരക്ക്! പ്രദര്‍ശനം തുടര്‍ന്നു.
സഹൃദയനായ തീയറ്ററുടമ കണ്മണി ബാബു സേഠിന് സംഗീതപ്രധാനമായ ചിത്രത്തോട് ഒരലിവ് പ്രത്യേകം തോന്നിയിട്ടുണ്ടാകാം. കണ്ടവര്‍ കണ്ടവര്‍ പറഞ്ഞതറിഞ്ഞ്, ആ അറിവ് പ്രചരണ ഫലം ചെയ്ത് ഓരോ ഷോയ്ക്കും ചിത്രം കാണാന്‍ നീണ്ട ക്യൂ. ആഴ്ചകളല്ല, മാസങ്ങളല്ല, ഒരു വര്‍ഷം തുടര്‍ച്ചയായി പ്രദര്‍ശിപ്പിച്ച ശേഷമാണ് ചിത്രം കവിത തീയറ്റര്‍ വിട്ടത്. ആ ചിത്രമായിരുന്നു ‘ശങ്കരാഭരണം.’
അത്തരം വലിയ ഭാഗ്യമൊന്നും രവിയെ കടാക്ഷിച്ചില്ല. എന്നാല്‍ തീരെയില്ല എന്നുംപറഞ്ഞുംകൂടാ. അതിന്റെ ഒരു ചെറിയ മിനിയേച്ചര്‍ അനുഭവം.ചെറിയ വിലയ്ക്ക് രവി ഒരു പഴയ മലയാളചിത്രത്തിന്റെ പ്രിന്റും വിതരണാവകാശവും വാങ്ങി. വന്‍ ചിത്രങ്ങള്‍ കൈകാര്യം ചെയ്യുന്ന പ്രമുഖ വിതരണ കമ്പനിയുടെ മാനേജര്‍ എന്ന നിലയ്ക്കു തീയറ്റര്‍ മാനേജുമെന്റുകള്‍ക്കിടയില്‍ രവിക്കൊരു മതിപ്പുണ്ടായിരുന്നു. എറണാകുളത്തെ അന്നത്തെ മേനകാ ടാക്കീസില്‍ ഒരു ബുധന്‍, വ്യാഴം ഗ്യാപ്പ് വന്നപ്പോള്‍ അവര്‍ ഈ ചിത്രം കളിക്കുവാന്‍ തയ്യാറായി.
റിലീസിനുമുന്‍പ് ചെറിയ തോതിലൊരു പബ്ലിസിറ്റി രവി നടത്തി. 30ഃ40 പോസ്റ്റര്‍ തയ്യാറാക്കി പലയിടത്തായി പതിച്ചു. കുറെ നോട്ടീസുമിറക്കി. അന്നേയ്ക്ക് ആ ചിത്രത്തിന് മൂന്നുപതിറ്റാണ്ടിനടുത്തു പഴക്കമുണ്ട്. ചിത്രം പക്ഷെ, പേരുകേട്ടതാണ്. പണ്ടതൊരു ഹിറ്റ് ചിത്രവുമായിരുന്നു. മുന്‍പ് ചിത്രം കണ്ടിരുന്നവര്‍ പോസ്റ്റര്‍ ശ്രദ്ധിച്ചു. ഒരിക്കല്‍ക്കൂടി കാണാനവര്ക്കൊരു കൗതുകം തോന്നി. ചില ചിത്രങ്ങള്‍ പുനര്പ്രദര്ശനത്തിനെത്തുമ്പോള് അങ്ങനെ ഗൃഹാതുരത്വത്തിന്റെ അലകളുണര്ത്താറുണ്ട്.
വേറെ ചിലര്‍ ചിത്രത്തെക്കുറിച്ചു കേട്ടിട്ടുണ്ടെങ്കിലും മുന്‍പു കാണാന്‍ കഴിയാതെ പോയവരായുണ്ടായിരുന്നു. ഇക്കുറി ഒന്നു കണ്ടുകളയാം എന്ന് അവര്‍ക്കും തോന്നി. അങ്ങനെയങ്ങനെ രവി റിലീസ് ചെയ്തചിത്രം വെള്ളിയാഴ്ച പുതുചിത്രത്തിനു വഴിമാറാതെ വീക്കെന്റ് താണ്ടി. അതില്‍ മുന്‍പേ സൂചിപ്പിച്ച തിയറ്റര്‍ മാനേജുമെന്റിനു രവിയോടുണ്ടായിരുന്ന സമീപനവും ഒരനുകൂലഘടകമായിരുന്നിട്ടുണ്ടാവാം. ചിത്രം രണ്ടാം വാരത്തിലേക്ക് കടന്നപ്പോള്‍ രവി ഒരു ചെറിയ പത്രപ്പരസ്യം കൂടി ചെയ്തു. അതോടെ ചിത്രം രണ്ടുവാരം തികയ്ക്കുമെന്നുറപ്പായി.
ഹൗസ്ഫുള്ളൊന്നുമായിരുന്നില്ല. മെല്ലെ മെല്ലെ വന്നുകൂടുന്ന പ്രേക്ഷകക്കൂട്ടം. ഷോ തുടങ്ങാറാകുമ്പോള്‍ തീയറ്ററിന്റെ 80 ശതമാനം നിറഞ്ഞിരിക്കും. അധികവും കുടുംബസദസ്സുകളായിരുന്നു. ഈ ചിത്രം ഞാന്‍ മുന്‍പു കണ്ടിരുന്നില്ല. കാണണമെന്ന് തോന്നി. ‘ചിത്രപൗര്‍ണമി’യുടെ സാരഥികളായ കലൂര്‍ ഡെന്നീസും ആര്‍ട്ടിസ്റ്റ് കിത്തോയും ചിത്രം പണ്ടുകണ്ടിട്ടുള്ളതാണ്. എങ്കിലും ഒരിക്കല്‍ക്കൂടി കാണാമെന്ന് കരുതി. ഞങ്ങള്‍ മൂവരും ചേര്‍ന്നാണ് തിയറ്ററില്‍ കയറിയത്.
1951 ലാണ് ഈ ചിത്രം ആദ്യമായി പ്രദര്‍ശനത്തിനെത്തിയത്. അന്ന് അതിന്റെ ഒരു മൊഴിമാറ്റ പതിപ്പു തമിഴിലുമിറങ്ങിയിരുന്നു. വലിയ ജനപ്രീതിയാണ് അന്നു ചിത്രം നേടിയത്. പക്ഷേ, അത് അന്ന്! ഇന്നിപ്പോള്‍ മൂന്നുപതിറ്റാണ്ട് കഴിഞ്ഞിട്ടാണ് പുനര്‍ കാഴ്ച മുപ്പതുവര്‍ഷങ്ങളുടെ ചലച്ചിത്ര ദൈര്ഘ്യമെന്നുപറയുന്നത് സിനിമയില്‍ ഒരു വലിയ ദൂരമാണ്. ജീവിതത്തില്‍, അനുഭവങ്ങളില്‍ പ്രകൃതങ്ങളില്‍, സമൂഹത്തില്‍, പെരുമാറ്റ ഭാഷയില്‍, പ്രതിഭവങ്ങളില്, വൈകാരിക സാത്മ്യങ്ങളില്, സര്‍വ്വോപരി, മനസ്സിന്റെ സഞ്ചാരവേഗത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്നിരിക്കും. അതെല്ലാം സ്വീകാരനിരാകരങ്ങളെ സ്വാധീനിക്കും.
പക്ഷെ മൂന്ന് പതിറ്റാണ്ടുകള്‍ പിന്നിട്ട ഈ ചിത്രത്തെ സംബന്ധിച്ചിടത്തോളം പ്രേക്ഷക
സ്വീകാര്യതയില്‍ അങ്ങനെയൊരകലം പോറലുകള്‍ വീഴ്ത്തിയിട്ടില്ലെന്ന് ചുറ്റും കൂടെയുമിരുന്നവരും സാക്ഷ്യപ്പെടുത്തി. ചിത്രമിറങ്ങിയകാലത്ത് നിലവിലിരുന്ന എല്ലാ സാമ്പ്രദായിക ചേരുവകളും മാമൂലിന് പടിചേര്ത്തിട്ടുണ്ട് ചിത്രത്തില്‍. ശൈലീകൃതമായ നെടുങ്കന്‍ സംഭാഷണങ്ങള്‍ ക്യാമറയുടെ നേര്‍ക്കും അന്യോന്യവും തിരിഞ്ഞുനിന്നു ഉരുവിടുന്ന കഥാപാത്രങ്ങള്‍. അതിനാടകീയതയുടെ ആഘോഷം. അതിശയവല്‍ക്കരിച്ച ഭാവപ്രകടനങ്ങള്‍. കൃത്രിമത്വം പേറുന്ന മുഹൂര്ത്തസന്ധികള്.
അന്തര്നാടകമാണെന്നതില് ഒന്നല്ല, മൂന്ന്! മുഖ്യ കഥാപാത്രവുമായി അവയ്ക്കങ്ങനെ ബന്ധമൊന്നുമില്ല…ഇതെല്ലാമുണ്ടായിരുന്നിട്ടും എനിയ്ക്ക് മുഷിച്ചലനുഭവപ്പെട്ടില്ല. ശകലങ്ങളായി അപഗ്രഥിച്ചാല്‍ തള്ളിപ്പറയാതിരിക്കാനാവാത്ത ദൃശ്യവ്യാഖ്യാനവും കഥാഗതിയുമായിരുന്നിട്ടും സമഗ്രതയില്‍ അറിയാതെ ലയിച്ചുപോകുന്നു.
ഇടതുവശത്തിരുന്ന കലൂര്‍ ഡെന്നിസ് സംഭാഷണ ഭാഗങ്ങളില്‍ ചിലത് ഓര്‍മയില്‍ നിന്നെടുത്ത് സ്ക്രീനില്‍ തെളിയുന്ന തിക്കുറിശ്ശിയ്ക്കും സെബാസ്റ്റ്യന്‍ കുഞ്ഞുകുഞ്ഞു ഭാഗവതര്ക്കുമൊപ്പം ഇരിപ്പിടത്തിലിരുന്നു അയവിറക്കുന്നു. ഡെന്നീസിന് അതൊരു പ്രത്യേക വിരുതാണ്. പഴയകാലത്തെ വിഖ്യാത തമിഴ്-മലയാളം ചിത്രങ്ങളിലെ സംഭാഷണങ്ങള്‍ ഒറ്റ കേള്‍വിയില്‍ ഹൃദിസ്ഥമാക്കും. പിന്നീട് ഇടക്കും തലയ്ക്കും അതയവിറക്കി സ്വയം ആസ്വദിക്കും.
ഞാന്‍ ശ്രദ്ധിക്കുന്നു എന്നു കണ്ടപ്പോള്‍ പാതി ആത്മഗതമായി ചങ്ങാതി പറഞ്ഞു:
”മറന്നുകാണുമെന്നാണ് കരുതിയത്; ഇല്ല. വീണ്ടും കണ്ടപ്പോല്‍ കൃത്യമായി ഓര്‍മയില്‍ തെളിയുന്നു!”
ഇത് ഡെന്നീസിന്റെ മാത്രം അനുഭവമായിരുന്നില്ല എന്ന് ചില സംഭാഷണഭാഗങ്ങള്ക്ക് അവിടെനിന്നും ഇവിടെനിന്നും ഉയര്‍ന്ന കയ്യടി സാക്ഷ്യപ്പെടുത്തി. ഗാനസന്ദര്ഭവേളകളില് തിയറ്ററിലെ പ്രതികരണം കൂടുതല്‍ സജീവമായി. പതിമൂന്നു പാട്ടുകളുണ്ടായിരുന്നു ചിത്രത്തില്‍. അഭയദേവിന്റെ വരികള്‍ക്കും വള്ളത്തോളിന്റെ മഗ്ദലനമറിയത്തിലെ ഏതാനും വരികള്‍ക്കും ദക്ഷിണാമൂര്‍ത്തിയാണ് സംഗീതമേകിയിരിക്കുന്നത്.
”തോര്‍ന്നിടുമോ കണ്ണുനീര്…” എന്ന ഗാനം പ്രശസ്ത ഹിന്ദി ചിത്രമായ ബര്സാത്തിലെ ഒരു വിശ്രുതഗാനത്തിന്റെ (”ഛോടു ഗയാ ബാലു….”) ഈണം അതേപടി പകര്‍ത്തി ചിട്ടപ്പെടുത്തുവാന്‍ നിര്‍ബന്ധിതനായ കഥ ദക്ഷിണാമൂര്‍ത്തി സ്വാമി തന്നെ പറഞ്ഞിട്ടുമുണ്ട്. ”ആനത്തലയോളം വെണ്ണതരാമെടാ…” ”വനഗായികേ വാനില്‍ വരൂനായികേ…” എന്നീ ഗാനങ്ങളുടെ രംഗങ്ങള്‍ വന്നപ്പോള്‍ പോയകാല ഗാനങ്ങളുണര്ത്തുന്ന ഇമ്പം തീയറ്ററില്‍ ഓളം തീര്‍ത്തു. പ്രേക്ഷകര്‍ പാട്ടിനൊപ്പം താളംപിടിച്ചു. ”തങ്കക്കിനാക്കള്‍ ഹൃദയേ വീശും വസന്ത ചന്ദ്രികയോ നീ…” എന്ന വരികള്‍ കോഴിക്കോട് അബ്ദുള്‍ ഖാദറിന്റെ വിഷാദ സാന്ദ്രമായ സ്വരധാരയിലൂടെ ഒഴുകിയിറങ്ങിയപ്പോള്‍ ആ ദുഃഖസ്ഥായി തീയറ്ററിലും പടര്‍ന്നതുപോലെ!
1951 ലാണ് കെ ആന്‍ഡ് കെ പ്രൊഡക്ഷന്‍സിനുവേണ്ടി കെ. വെമ്പു സംവിധാനം ചെയ്ത ‘ജീവിതനൗക’ ആദ്യം തിയറ്ററിലെത്തുന്നത്. മൂന്നുദശാബ്ദങ്ങള്ക്കുശേഷമുള്ള പുനഃപ്രദര്‍ശനത്തിന് ഇങ്ങനെയൊരു സ്വാഗതമെങ്കില് റിലീസ് സമയത്ത് എത്ര വലിയ സ്വീകരണമായിരുന്നിരിക്കണം ചിത്രത്തിനു ലഭിച്ചതെന്ന് സങ്കല്പ്പിക്കാവുന്നതേയുള്ളൂ. അന്നോളമിറങ്ങിയ എല്ലാ ചിത്രങ്ങളെയും വെല്ലുന്ന വിജയം സ്വന്തമാക്കിക്കൊണ്ട് ‘ജീവിതനൗക’ മലയാളത്തിലെ ആദ്യ ഹിറ്റ് ചിത്രമായി ചരിത്രത്തിലിടം നേടി.
1964 ല്‍ ടി.ഇ. വാസുദേവന്‍ നിര്‍മിച്ച് എം. കൃഷ്ണന് നായര്‍ സംവിധാനം ചെയ്ത ‘കുട്ടിക്കുപ്പായ’മാണ് പിന്നീട് ‘ജീവിതനൗക’യെ മറികടന്ന് ആദ്യത്തെ സൂപ്പര്‍ഹിറ്റ് ചിത്രമെന്ന വിശേഷണം സ്വന്തമാക്കുന്നത്. ഫിലിം ഡിസ്ട്രിബ്യൂട്ടിങ് കമ്പനിയാണ് ചിത്രം പ്രദര്‍ശനത്തിനെത്തിച്ചത്. മൊഴിമാറ്റത്തോടെ അതേസമയം തമിഴിലും ചിത്രം പ്രദര്‍ശിപ്പിച്ചിരുന്നു.
‘ജീവിതനൗക’ ഓരോ കേന്ദ്രങ്ങളിലും നേടുന്ന കളക്ഷന്‍ കണക്കുകള്‍ അഭിമാനത്തോടെ പത്രങ്ങളില്‍ പരസ്യപ്പെടുത്തിയിരുന്നു നിര്‍മാതാക്കള്‍.
ഇന്നു പലരും അനുവര്‍ത്തിച്ചുകാണുന്ന ഈ വിളംബര രീതി ആദ്യമായി തുടങ്ങിയത് ഈ ചിത്രത്തോടെയാവണം. ‘ജീവിതനൗക’ സംവിധാനം ചെയ്ത കെ. വെമ്പു പിറ്റേവര്‍ഷം ‘അമ്മ’ എന്നൊരു ചിത്രം കൂടി മലയാളത്തില്‍ സംവിധാനം ചെയ്തു. ടി.ഇ.വാസുദേവന്റെ സാരഥ്യത്തിലുള്ള അസോഷ്യേറ്റഡ് പിക്ചേഴ്സ് ആയിരുന്ന ‘അമ്മ’യുടെ നിര്‍മാതാക്കള്‍.
അടുത്തലക്കത്തില്‍: പ്രവചനങ്ങള്‍ക്കതീതം
പ്രതികരിക്കാൻ ഇവിടെ എഴുതുക: