പാലക്കാട്: അരനൂറ്റാണ്ട് പഴക്കമുള്ള മുന്‍സിപ്പല്‍ ബസ് സ്റ്റാന്റ് പുതുക്കി പണിയുന്നതിന്റെ ഭാഗമായി താല്‍ക്കാലികമായി അടച്ചിടും. ഇതിനുള്ള തിയ്യതി പിന്നീട് നിശ്ചയിക്കും. ബസുടമകളും കടയുടമകളുമായി ചര്‍ച്ചനടത്തിയതിന് ശേഷമാണ് അന്തിമ തീരുമാനം എടുക്കുക.
വര്‍ഷങ്ങളോളം ജില്ലയുടെ എല്ലാ ഭാഗങ്ങളിലേക്കുമുള്ള ബസുകള്‍ ഇവിടെ നിന്നാണ് പുറപ്പെട്ടിരുന്നത്.അ്ന്ന് ബസുകളുടെ എണ്ണം കുറവായിരുന്നു. എന്നാല്‍ എണ്ണം വര്‍ദ്ധിച്ചതോടെ ബസുകള്‍ക്ക് പാര്‍ക്കിംഗിന് സ്ഥലമില്ലാതായി.തുടര്‍ന്ന് നഗരത്തിന്റെ നാനാഭാഗങ്ങളിലും ബസ് പാര്‍ക്കിംഗ് തുടങ്ങി.
പിന്നീടാണ് ടൗണ്‍ ബസ് സ്റ്റാന്റ് പ്രവര്‍ത്തനമാരംഭിച്ചത്. അതിന് ശേഷം സ്റ്റേഡിയം സ്റ്റാന്റും. പതിറ്റാണ്ടുകള്‍ പിന്നിട്ട ബസ് സ്റ്റാന്റിനെ കുറിച്ച് നിരവധി പരാതികളാണ് ഉയരുന്നത്.
ഇവിടെ നിന്നും കോഴിക്കോട്,ചെര്‍പ്പുളശ്ശേരി, കോങ്ങാട് , മുണ്ടൂര്‍, പെരിങ്ങോട്ടുകുറുശ്ശി, കോട്ടായി, കുഴന്‍മന്ദം ഭാഗങ്ങളിലേക്കുള്ള ബസുകളാണ് പുറപ്പെടുന്നത്. നഗരസഭയുടെ പ്രധാന വരുമാന സ്രോതസ്സുകളിലൊന്നാണിത്.
കാലപ്പഴക്കം മൂലം കെട്ടിടത്തിന്റെ മേല്‍ഭാഗം വിവിധയിടത്ത് അടര്‍ന്ന് വീണിട്ടുണ്ട്. എന്നാല്‍ മുന്‍ കൗണ്‍സിലുകള്‍ ഇക്കാര്യത്തില്‍ വേണ്ടത്ര ശുഷ്ക്കാന്തി പ്രകടിപ്പിച്ചിരുന്നില്ല.
കെട്ടിടത്തിന്റെ ഉറപ്പ് പരിശോധിക്കാന്‍ കൗണ്‍സില്‍ തീരുമാനിച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ അകത്തേത്തറ എന്‍എസ്എസ് എഞ്ചിനീയറിംഗ് കോളേജിലെ സിവില്‍ വിഭാഗത്തെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്. കടകള്‍ക്ക് ബദല്‍ സംവിധാനം കാണേണ്ടിവരും.
അതുപോലെതന്നെ സ്കൂള്‍ തുറക്കുന്നതോടെ വിദ്യാര്‍ഥികളുടെ യാത്ര പ്രശ്നത്തിനും പരിഹാരം കാണേണ്ടതുണ്ട്. അതിനാല്‍ റിപ്പോര്‍ട്ട് കിട്ടിയാലുടന്‍ നടപടി സ്വീകരിക്കാനാണ് കൗണ്‍സില്‍ തീരുമാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: