ഇരുണ്ട ഭൂഖണ്ഡമെന്നാണ് വിളിപ്പേര്. പട്ടിണിമരണങ്ങളും ഗോത്രയുദ്ധങ്ങളും അഴിമതിയും അരുംകൊലയുമൊക്കെയാണ് മുഖമുദ്ര. ബൊക്കാഹറാം പോലെയുള്ള കൊടും ഭീകരരുടെ കയ്യിലാണ് നാട്ടുഭരണം. ജനാധിപത്യമെന്നത് തൊലിപ്പുറത്തുമാത്രം. ഇതാണ് ആഫ്രിക്കന്‍ ഭൂഖണ്ഡത്തിന്റെ ദാരുണ മുഖം. കാലാവസ്ഥാ മാറ്റം രൂക്ഷമായതോടെ മറ്റൊരു ദുരിതം കൂടി ആഫ്രിക്കന്‍ ഗോത്രജീവിതങ്ങളില്‍ കരിനിഴല്‍ പരത്തിയിരിക്കുന്നു- കുടിനീര് ക്ഷാമം. ഒരു തുള്ളി വെള്ളത്തിനായി ഗോത്ര യുവാക്കള്‍ അടരാടാനൊരുങ്ങുമ്പോള് അന്നാട്ടില്‍ വലിയൊരു തടാകം ഇഞ്ചിഞ്ചായി മരിക്കുന്നു.
അര നൂറ്റാണ്ടിനപ്പുറം 23,000 ചതുരശ്ര കിലോമീറ്റര്‍ വിസ്തീര്‍ണ്ണമുണ്ടായിരുന്ന ചാഢ് തടാകമാണ് കഥാനായകന്. എട്ട് രാജ്യങ്ങളിലെ 30 ദശലക്ഷം പട്ടിണിപ്പാവങ്ങളുടെ ആശാകേന്ദ്രമായ ചാഢിന്റെ ഇന്നത്തെ വലിപ്പം 1400 ച.കിലോമീറ്റര്‍ മാത്രം. ചാഢ് വറ്റി വരളുന്നതിനാനുപാതികമായി സഹാറാമരുഭൂമി ജനവാസ കേന്ദ്രങ്ങളിലേക്ക് പടര്‍ന്നു കയറുകയാണ്. മഴയില്ലാ നാളുകളും കൃഷിയില്ലാമണ്ണുകളും സമ്മാനിച്ച്, കൊടുംചൂടും മണല്‍ക്കാറ്റും വമിച്ച് സസ്യലതാദികളെയപ്പാടെ തിന്നൊടുക്കി… ഉഷ്ണഭൂമി പടര്‍ന്നുകയറുകയാണ്. പട്ടിണിയും പരിവട്ടവും ചേര്‍ന്ന് ഭീകര പ്രവര്‍ത്തനത്തിന് വഴിയൊരുക്കുന്നു. ആളുകള്‍ കൂട്ടംകൂട്ടമായി നാടുവിടുന്നു.
ചാഢിലെ ജലം ഊറ്റിയെടുക്കുന്നതില്‍ നാലുരാജ്യങ്ങള്‍ കാണിച്ച വിവരംകെട്ട ആര്‍ത്തിയാണ് പ്രകൃതിയുടെ അമൂല്യ സമ്പത്തിനെ തകര്‍ത്തത്. എട്ട് രാജ്യങ്ങളാണ് ചാഢിനെക്കൊണ്ട് ജീവിക്കുന്നത്-ചാഢ്, നൈജീരിയ, കാമറൂണ്‍, നൈജര്‍, അള്‍ജീരിയ, ലിബിയ, സെന്‍ട്രല്‍-ആഫ്രിക്കന്‍ റിപബ്ലിക്ക്, സുഡാന്, എന്നീ രാജ്യങ്ങള്‍. തീരരാജ്യങ്ങള്‍ ഏകപക്ഷീയമായി വെള്ളമൂറ്റിയതും, വര്‍ദ്ധിച്ചുവരുന്ന ജനസംഖ്യയുമാണത്രെ തടാകത്തിന്റെ തകര്‍ച്ചയുടെ കാരണങ്ങള്‍. അങ്ങിനെയാണ് 1972 ലെ വേനല്‍ക്കാലത്ത് തടാകം രണ്ടായി മുറിഞ്ഞത്. 1986 ലെ വേനലില്‍ ചാഢിന്റെ വടക്കെമുറി പാടെ വറ്റി വരണ്ടു. പിന്നെ തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ലെന്നത് വര്‍ത്തമാനകാലചരിത്രം.
സഹാറാ മരുഭൂമിയുടെ തെക്കെ അറ്റത്ത് സ്ഥിതി ചെയ്യുന്ന തടാകത്തിന്റെ തീരങ്ങളില്‍ മണല്‍ക്കുന്നുകള്‍ പ്രത്യക്ഷപ്പെട്ടു കഴിഞ്ഞു. തടാകസംരക്ഷണത്തിന് 1964 ല്‍ രൂപം നല്കിയ ‘ലേക്ചാഢ് ബേസിന് കമ്മീഷന്’ നിസ്സംഗതയോടെ ഈ കാഴ്ച കണ്ടുനില്ക്കുന്നു. മൊത്തം വലിപ്പത്തിന്റെ 90 ശതമാനവും വറ്റിവരണ്ട ഒരു പടുകൂറ്റന്‍ തടാകം. ലോക ഭക്ഷ്യ-കൃഷി സംഘടനയുടെ നിരീക്ഷണ പ്രകാരം അവിടെ സംഭവിച്ചത് ഒരു ‘പരിസ്ഥിതിദുരന്തം’. തടാകത്തിന്റെ നാശത്തിനു കാരണം തീരദേശരാജ്യങ്ങള് നിരനിരയായി പണിതുയര്‍ത്തിയ അണക്കെട്ടുകളാണെന്ന് ഒരു വിഭാഗം ശാസ്ത്രജ്ഞര്‍ പറയുന്നു. അവര്‍ ഒഴുകിയെത്തുന്ന ജലത്തിന്റെ സിംഹഭാഗവും വഴിതിരിച്ചുവിട്ടു.
ചാഢിന് വേണ്ട ജലത്തിന്റെ 80 ശതമാനവും നല്കുന്ന ചാരിലോണ് നദീ ശൃംഖലയില്‍ ചാഢ് രാജ്യം തീര്‍ത്തത് അസംഖ്യം തടയണകളും വന്‍ അണക്കെട്ടുകളും. നൈജീരിയ നിര്‍മ്മിച്ചത് മൂന്ന് അണക്കെട്ടുകള്‍. കൊമഗഡു-യോസ് നദിയില്‍ നാലാമത്തേത് പണിയുന്ന തിരക്കിലാണവര്‍. യെഡ്സരം-ഗാഢാ നദിയിലും നൈജീരിയ അണക്കെട്ട് നിര്‍മ്മിച്ചുകഴിഞ്ഞു. ഓരോ വേനലിലും നദി വറ്റിവരണ്ടതും തടാകം അനുനിമിഷം ശോഷിച്ചുവന്നതുമൊന്നും ആരും ശ്രദ്ധിച്ചില്ല.
അതിനിടെ തടാകത്തിന്റെ ശരാശരി ആഴം 11 മീറ്ററില്‍ നിന്നും കേവലം രണ്ട് മീറ്ററായി കുറയുകയും ചെയ്തു. പുഴയോരത്തെ നനവും അപൂര്‍വമായി കിട്ടുന്ന കാലവര്‍ഷ മഴയും കണക്കാക്കി ചാഢ് തീരത്തെ കര്‍ഷകര്‍ നിരവധി കൃഷികള്‍ നടത്തിയിരുന്നു. ഉരുളകിഴങ്ങ്, ഉള്ളി, നിലക്കടല തുടങ്ങി നെല്ലുവരെ. എല്ലാം ഏതാണ്ട് നിലച്ചുകഴിഞ്ഞു. മത്സ്യബന്ധനവും തകരാറിലായെന്ന് കണക്കുകള്‍. അതോടെ തകര്‍ന്നത് ആയിരക്കണക്കിന് ദരിദ്ര കുടുംബങ്ങള്‍. പ്രതിവര്‍ഷം രണ്ടേകാല്‍ലക്ഷം ടണ്‍ മീന്‍ പിടിച്ചിരുന്നടത്തുനിന്ന് ഇപ്പോള്‍ കിട്ടുന്നത് കേവലം ഒരു ലക്ഷം ടണ്‍. തടാകത്തില്‍ തത്തിക്കളിച്ചിരുന്ന നൈല്‍ പെര്‍ച്ച്, ലാബിയോ എന്നിവ വംശനാശത്തിന്റെ വക്കിലാണ്. കാലാവസ്ഥാമാറ്റം ജൈവ വൈവിധ്യവും ജീവിതവും തകര്‍ക്കുന്നുവെന്നതിന്റെ നേര് സാക്ഷ്യം.
കുടിവെള്ളത്തിനും കൃഷിയ്ക്കാവശ്യമായ വെള്ളത്തിനും വേണ്ടിയുള്ള ഗോത്രയുദ്ധങ്ങളും രാജ്യയുദ്ധങ്ങളും ചാഢ് തടാക മേഖലയില്‍ വ്യാപകമാവുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. വെള്ളം വറ്റി തടാകത്തിന്റെ വിസ്തൃതി കുറയുന്നതിനനുസരിച്ച് പുത്തന്‍ മേച്ചില്പുറം തേടുന്ന പാവം ഗ്രാമീണര്‍ ഒരുവശത്ത്. അവരുടെ കടന്നുകയറ്റത്തെ ആശങ്കയോടെ കാണുന്ന എതിര് ഗോത്രങ്ങള്‍ മറുവശത്ത്. അതാണ് സ്ഥിതി. തടാകതീരത്തെ ഭരാക് ഗ്രാമത്തിലും മറ്റും കാമറൂണ്‍കാരും നൈജീരിയക്കാരും തമ്മിലുണ്ടാകുന്ന പോരാട്ടം തന്നെ ഉദാഹരണം.
തടാകത്തിലെ കൃഷിയോഗ്യമായ ദ്വീപുകളുടെ ഉടമാവകാശത്തെച്ചൊല്ലി ചാഢും നൈജീരിയയും തമ്മില്‍ പോരാട്ടം നടത്തിയത് 1983 ല്‍. വെള്ളത്തിനായി നൈജറും നൈജീരിയയും പലവട്ടം വഴക്കിട്ടു. തൊഴില്‍ പോയി പ്രതീക്ഷ നശിച്ച കര്‍ഷകയുവാക്കള്‍ കൂട്ടമായി ഭീകര സംഘടനകളിലേക്ക് ചേക്കേറുന്നതും ആഫ്രിക്കയിലെ സാധാരണ സംഭവം. അടുത്ത ലോകമഹായുദ്ധം സംഭവിച്ചാല്‍ അതിന്റെ മൂലകാരണം ജലത്തിന്റെ ലഭ്യതയായിരിക്കുമെന്ന് പ്രവചിച്ച മഹാനായ ചിന്തകനെ സ്മരിക്കുക.
വെള്ളം വറ്റിയതും കൃഷി മുട്ടിയതും മീന്‍പിടുത്തം ഇല്ലാതായതും ബൊക്കൊഹറാമിന്റെ സര്‍ക്കാരുമായുള്ള പോരാട്ടങ്ങളും മൂലം ചുരുങ്ങിയത് 25 ലക്ഷം പേരെങ്കിലും വീടും നാടും വിട്ട് പലായനം ചെയ്തതായി ഐക്യരാഷ്ട്ര സഭയുടെ ഏജന്‍സികള്‍ കണക്കുകൂട്ടുന്നു. അതില്‍ 15 ലക്ഷം പേരും നാളെയുടെ പ്രതീക്ഷകളായ കുട്ടികളാണെന്ന് യു എന്‍ എടുത്തുപറയുന്നു. പട്ടിണിയും പരിവട്ടവും മാറ്റാനും അഭയാര്‍ത്ഥികളുടെ ദേശാന്തരഗമനം തടയാനും അത്യാവശ്യം വേണ്ടത് ചാഢ് തടാകത്തിന്റെ പുനരുജ്ജീവനമാണ്. അതിനാണെങ്കില്‍ സൂത്രവിദ്യകളുമില്ല. ഏതാണ്ട് 1300 കിലോമീറ്റര്‍ അകലെ ഒഴുകുന്ന കോംഗോ നദിയില്‍ നിന്ന് തോട് കീറി ചാഢിന്റെ പോഷക നദികളിലെത്തിക്കാമെന്ന ചാഢ് ബേസിന് കമ്മീഷന്റെ സ്വപ്നം യാഥാര്‍ത്ഥ്യമാകുമെന്ന വിശ്വാസവും ആര്‍ക്കുമില്ല.
ആറാള് കടല്‍ വറ്റിവരണ്ടതും ചാവുകടല്‍ ചത്തൊഴിയുന്നതും കണ്മുന്നില് കാണുന്ന ദുരമൂത്ത മനുഷ്യനുള്ള അടുത്ത മുന്നറിയിപ്പാണ് ചാഢ് തടാകത്തിന്റെ നാശം. വിവേചനമില്ലാതെ അണകെട്ടിയും ജലസേചന പദ്ധതികള്‍ പടച്ചുവിട്ടും ജലം മലിനമാക്കിയും കുടിവെള്ളം മുട്ടിക്കുന്ന പ്രാദേശിക സര്‍ക്കാരുകളുടെ നയവൈകല്യത്തിന്റെ ഇരയാണ് ഈ തടാകം. ഒപ്പം മറ്റൊരുസൂചനയും ഇത് നമുക്ക് തരുന്നു. പരിസ്ഥിതി നാശം മാത്രമല്ല, പട്ടിണിമരണവും അഭയാര്‍ത്ഥി പ്രവാഹവും ഭീകരപ്രവര്‍ത്തനവുമൊക്കെ ആരംഭിക്കുന്നതിന് മുഖ്യകാരണം ജലദൗര്ലഭ്യമാണെന്ന സത്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: