സ്വതന്ത്ര്യസമരവും അക്ഷരങ്ങളും തമ്മില്‍ നാഭീനാളീ ബന്ധമുണ്ടെന്നത് വസ്തുതയാണ്. ഗാന്ധിജിയായാലും നെഹ്റുവായാലും സര്‍ദാര്‍വല്ലഭഭായ് പട്ടേലായാലും ബങ്കിംചന്ദ്ര ചാറ്റര്‍ജിയായാലും അക്ഷരങ്ങളില്അഗ്നി ജ്വലിപ്പിച്ചുകൊണ്ടിരുന്നു. ആ അഗ്നിയുടെ ചൂട് നെഞ്ചേറ്റി പതിനായിരങ്ങള്‍ സ്വാതന്ത്ര്യസമര പ്രക്ഷോഭത്തിലേക്കു കുതിച്ചുയര്‍ന്നു. അക്ഷരങ്ങളോട് താദാത്മ്യം പ്രാപിച്ചാല്‍ രാക്ഷസന്മാരില് നിന്ന് രക്ഷകിട്ടുമെന്നാണ് പറയാറ്.
രാക്ഷസന്മാര് അമര്‍ ചിത്രകഥയിലെ രൂപങ്ങളാണ് എന്ന് തെറ്റിദ്ധരിക്കല്ലേ. അതു വകുപ്പു വേറെ. സാംസ്കാരികമൂല്യങ്ങളെ അറിയാനും സ്വയം സംസ്കരിക്കപ്പെടാനും അക്ഷരങ്ങള്‍ അനിവാര്യമാണ്. സംഗതിവശാല്‍ സ്വാതന്ത്ര്യലബ്ധിക്കു ശേഷം നമ്മെ നയിച്ചവരും നയിക്കുന്നവരും ഒരു പരിധിയില്‍ കൂടുതല്‍ അക്ഷരങ്ങളുമായി അത്രയ്ക്കങ്ങ് കൂട്ടുകൂടാന്‍ താല്‍പ്പര്യപ്പെടുന്നില്ല. അല്ലെങ്കില്‍ അക്ഷരങ്ങളെക്കാള്‍ മറ്റെന്തൊക്കെ മുമ്പില്‍ കിടക്കുന്നു എന്നാണവരുടെ നിലപാട്. അതാണ് ഇന്നുകളുടെ ദുരന്തമായിത്തീരുന്നത് എന്ന് നമ്മളറിയണം. എന്നാല്‍ അപൂര്‍വം ചിലര്‍ അക്ഷരങ്ങളുമായി അങ്ങേയറ്റത്തെ പ്രണയത്തിലാണ്. ആ പ്രണയം പൂത്തുലഞ്ഞു നില്‍ക്കുന്നത് കാണുന്നത് പോലും വല്ലാത്ത ഒരു ഊര്‍ജപ്രവാഹമാണ് നമ്മില്‍ ഉണ്ടാക്കുന്നത്. അത്തരമൊരു വ്യക്തിയെക്കുറിച്ച് സ്വതന്ത്ര രാഷ്ട്രീയവാരികയായ കേരള ശബ്ദം വാരിക (ജൂണ്‍ 04) എഴുതുന്നു.
മേല്‍ സൂചിത വ്യക്തിയുമായി ശബ്ദം ലേഖകന്‍ മൈക്കിള്‍ വര്‍ഗീസ് ചെങ്ങാടക്കരി നടത്തിയ അഭിമുഖത്തിന്റെ തലക്കെട്ട് ഇങ്ങനെ: ബിജെപിയുടെ ഹിന്ദുത്വം മതമല്ല; രാഷ്ട്ര സങ്കല്പമാണ്. അഭിമുഖത്തിന്റെ പൂമുഖത്തേക്ക് ലേഖകന്‍ നമ്മെ നയിക്കുന്നത് ഇങ്ങനെ പറഞ്ഞുകൊണ്ടാണ്: ആദര്‍ശമായിരുന്നു ഒരുകാലത്ത് ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ മുഖമുദ്ര. അതോടൊപ്പം രാഷ്ട്രീയ പ്രവര്‍ത്തകര്‍ അക്ഷര സ്നേഹികളുമായിരുന്നു. എല്ലാവരും തന്നെ മികച്ച വായനക്കാരും. എഴുത്തുകാരുടെ ഒരു വലിയ നിരയും രാഷ്ട്രീയക്കാര്ക്കിടയിലുണ്ടായിരുന്നു. മഹാത്മാഗാന്ധി, ജവഹര്‍ലാല്‍ നെഹ്റു തുടങ്ങിയവര്‍ രാഷ്ട്രീയവും സാഹിത്യവും ഒരുമിച്ചു കൊണ്ടുനടന്നവരാണ്…
കാലത്തിന്റെ ഗതിമാറ്റത്തില്‍ അക്ഷര സ്നേഹികളും ആദര്‍ശവാദികളും രാഷ്ട്രീയ രംഗത്ത് അന്യം നിന്നുവരുകയാണ്. എന്നാല്‍ ഇങ്ങനെയുള്ള ഊഷരകാലത്തും അക്ഷരസ്നേഹവും ആദര്‍ശവും മുഖമുദ്രയാക്കിയ ചില രാഷ്ട്രീയ പ്രവര്‍ത്തകരെങ്കിലും നമുക്കിടയിലുണ്ടെന്നുള്ളത് ആശ്വാസകരമായ ഒരു യാഥാര്‍ഥ്യമാണ്. അഡ്വ.പി.എസ്. ശ്രീധരന് പിള്ളയെപ്പോലുള്ളവര്‍ ഇക്കാലത്ത് അപൂര്‍വമാകാം. ഏതാണ്ട് നാലു പതിറ്റാണ്ടിലേറെക്കാലമായി കേരള രാഷ്ട്രീയത്തില്‍ സജീവമായി നില്ക്കുന്ന അഡ്വ.പി.എസ്. ശ്രീധരന്‍പിള്ള അഗാധപാണ്ഡിത്യമുള്ള വായനക്കാരനും ആഴമുള്ള രചനകളിലൂടെ ശ്രദ്ധേയനായ സാഹിത്യകാരനുമാണ്. ഇദ്ദേഹത്തിന്റെ 75-ാമത്തെ പുസ്തകം തയാറായിക്കഴിഞ്ഞു.
ദില്ലിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയായിരിക്കും അതിന്റെ പ്രകാശനം നിര്‍വഹിക്കുക. അഭിമാനകരമായ ഒരു വ്യക്തിത്വത്തിന്റെ ബഹുമുഖമായ കഴിവുകളിലേക്ക് കേരള ശബ്ദം വെളിച്ചം വീശുമ്പോള്‍ ശ്രീധരന്‍പിള്ളയുടെ പാര്‍ട്ടിയും അതിന്റെ മാതൃസ്ഥാനത്ത് നില്ക്കുന്ന പ്രസ്ഥാനവും വാസ്തവത്തില്‍ കോരിത്തരിക്കുന്നുണ്ടാവും. കാരണം ആദര്‍ശാത്മക രാഷ്ട്രീയം നെഞ്ചോടുചേര്‍ത്തുവെച്ച് യാത്ര ചെയ്യുമ്പോഴും അദ്ദേഹം പൊതുസമൂഹത്തിന് സ്വീകാര്യനാണ്. ഒരു തരത്തിലുള്ള വേറിടല്‍ രീതിയും ആരുടെ ഭാഗത്തു നിന്നുമുണ്ടാവുന്നില്ല.
എന്തിലും ക്രിയാത്മക ഗുണാംശം കാണുകയും അത് നിലനിര്‍ത്താന്‍ അങ്ങേയറ്റത്തെ ആത്മാര്‍ത്ഥതയോടെ പ്രവര്‍ത്തിക്കുകയും ചെയ്യുകയെന്ന പിള്ളയുടെ സ്വഭാവ വിശേഷം ഈ അഭിമുഖത്തിലും പ്രകടമാണ്. ദേശീയത, ജനാധിപത്യം, ഭാവാത്മക മതേതരത്വം, മൂല്യാധിഷ്ഠിത രാഷ്ട്രീയം, ഗാന്ധിയന്‍ സാമ്പത്തിക സമീപനം എന്ന പഞ്ചനിഷ്ഠ പദ്ധതിയാണ് ബിജെപിയുടേതെന്ന് യുക്തി സഹമായി അദ്ദേഹം വിശദീകരിക്കുന്നുണ്ട്. കരുത്തേറിയ ചോദ്യങ്ങള്‍ക്ക് കാതലുള്ള ഉത്തരങ്ങള്‍ സുതാര്യമായി പറഞ്ഞുകൊടുക്കുന്ന രീതിയാണ് അഭിമുഖത്തില്‍ അങ്ങിങ്ങോളമുള്ളത്.
****** ****** ******
നിങ്ങള്‍ ഭക്ഷണത്തിലെ ജാതിയെയാണോ ജാതിയിലെ ഭക്ഷണത്തിനെയാണോ എതിര്‍ക്കുന്നത്? എന്തായാലും അജണ്ട സെറ്റ് ചെയ്ത് അത് നന്നായി വിളമ്പാന്‍ മാധ്യമം ആഴ്ചപ്പതിപ്പിന് (മെയ് 29) അറിയാം. തങ്ങളുടെ അജണ്ടയിലേക്ക് എങ്ങനെയാണ് കാര്യങ്ങളെ പരുവപ്പെടുത്തിയെടുക്കുന്നതെന്ന് ഇത്തവണത്തെ പ്രധാന വിഭവം രുചിച്ചാല്‍ മനസ്സിലാകും.
തുടക്കത്തില്‍ ജാതി ഭക്ഷണമാണ്. 1917 മെയ് 29ന് ചെറായിയില്‍ സഹോദരന് അയ്യപ്പന്റെ ഉത്സാഹത്തില്‍ നടന്ന മിശ്രഭോജനത്തിന്റെ വെളിച്ചത്തിലാണ് മാധ്യമം തങ്ങളുടെ പ്രത്യേക വിഭവങ്ങള്‍ വിളമ്പുന്നത്. ഇല്ല, ഭക്ഷണപന്തികള് പങ്കുവെക്കപ്പെട്ടിട്ടില്ല.-കെ.കെ കൊച്ച്, ചെങ്കല്‍ച്ചൂളയില്‍ ഞങ്ങള്‍ വിളമ്പുന്നത് മതേതര അപ്പങ്ങള്‍-ധനുജകുമാരി.എസ്, ഇടുക്കിയിലെ പങ്കുവെട്ടും തെരുവാഘോഷങ്ങളും-ഡോ. ഒ.കെ. സന്തോഷ്, ഭക്ഷണത്തില്‍ മാത്രമല്ല, ഓരോ നിമിഷവും ജാതി എന്നെ വേട്ടയാടുന്നു-ഇ. അയ്യപ്പന്. സമയമുണ്ടെങ്കില്‍ സഹൃദയരേ ഇതൊക്കെയൊന്നു വായിച്ചുപോകാം. ജീവിതത്തില്‍ എന്തെങ്കിലുമൊരു പാപമൊക്കെ ചെയ്തില്ലെങ്കില്‍ പിന്നെന്തു രസം എന്നല്ലേ?
****** ****** ******
എല്ലാം ശരിയാക്കുമെന്ന് ദൃഢപ്രതിജ്ഞയെടുത്ത വിദ്വാന്മാരുടെ ആണ്ടുപിറന്നാള്‍ കഴിഞ്ഞു. എല്ലാം ശരിയാക്കാന്‍ എല്ലാവരും വേണമെന്ന് ഇപ്പോഴാണ് മനസ്സിലായതെന്ന് തോന്നുന്നു. നമുക്കൊരുമിച്ചു മുന്നേറാം സര്‍ക്കാര്‍ ഒപ്പമുണ്ട് എന്നാണിപ്പോള്‍ പറയുന്നത്. എന്നുവെച്ചാല്‍ ചങ്ങായിമാരേ നിങ്ങള്‍ ഒന്നിച്ചു നിന്നാല്‍ സര്‍ക്കാര്‍ ഇച്ചിരി സഹായമൊക്കെ ചെയ്യാമെന്ന്. എല്ലാം ശരിയാക്കാന്‍ ഇറങ്ങിത്തിരിച്ച് അല്പം കഴിഞ്ഞപ്പോള്‍ രണ്ട് പടയാളികള്‍ക്ക് അടിതെറ്റി. പിന്നെ തെറ്റടാ തെറ്റല്‍ എന്ന പരുവമായി.
ഐഎഎസ്സുകാര്‍ തമ്മിലടി, ഐപിഎസ്സുകാര്‍ തമ്മില്‍ പോര്, പണ്ടത്തെ അഴിമതിക്കാര്‍ക്ക് ചെമ്പരവതാനി അങ്ങനെയങ്ങനെ പിറന്നാള്‍ ആഘോഷങ്ങള്‍ കെങ്കേമം. അടുത്തകൊല്ലം ഇതേസമയം ആഘോഷത്തിന് എന്തൊക്കെയുണ്ടാവുമെന്ന് കണ്ടറിയണം. അഥവാ അങ്ങനെയൊരാഘോഷം തന്നെ ഇല്ലെന്നുവരുമോ? ആവോ ആര്‍ക്കറിയാം? മനുഷ്യന് ഒന്ന് കരുതും ദൈവം മറ്റൊന്ന് ചെയ്യും എന്നാണല്ലോ. ശ്ശൊ ഒന്നു മറന്നു. ദൈവം മനുഷ്യന്മാര്ക്കുള്ളതല്ലേ? കമ്യൂണിസ്റ്റുകള്ക്കല്ലല്ലോ.
ഏതായാലും മ്മടെ സര്‍ക്കാരിന്റെ രണ്ടു മുഖങ്ങള്‍ അനാവരണം ചെയ്യുന്ന വിഭവങ്ങള്‍ മാതൃഭൂമി ആഴ്ചപ്പതിപ്പി(ജൂണ്‍ 03)ല്‍ കാണാം. പിണറായിയുടേതും ‘ബുദ്ധദേവ’മാര്‍ഗം; നിലംപൊത്താനൊരുങ്ങി ഇടതുപക്ഷം എന്നാണ് രാധാകൃഷ്ണന് എം.ജി പറയുന്നത്. പന്ത്രണ്ടരപേജിലെ വിശകലനം പന്ത്രണ്ട് ഗ്രഹങ്ങളിലെ (നവഗ്രഹം വിടൂന്ന്) അവസ്ഥകളാണ്. എക്സ്ട്രാ മൂന്ന് ഗ്രഹം ഏതെന്നാവും? ഇന്നലെ ഇന്ന് നാളെകളാണ്. ഗോവിന്ദപ്പിള്ളയുടെ ഊര്‍ജം കരുത്തോടെ കരുതിവെക്കുന്നതിനാല് രാധാകൃഷ്ണന്റെ വിശകലനത്തിന് നല്ല ചൂടും ചൂരുമുണ്ട്.
വീഴ്ചകളുടെ പരമ്പരയായി അദ്ദേഹം ചൂണ്ടിക്കാട്ടിയതില്‍നിന്ന് ചിലത്: കുപ്രസിദ്ധമായ അഴിമതിക്കേസുകളില്‍ പോലും സര്‍ക്കാരിന് എതിരെ ഹാജരാകുന്ന ആളെ മുഖ്യമന്ത്രിയുടെ ഉപദേഷ്ടാവാക്കുന്ന, വലതുപക്ഷക്കാരി എന്ന് കരുതപ്പെടുന്ന ആള് സാമ്പത്തിക വിദഗ്ധ, നിലമ്പൂര്‍ വനങ്ങളിലെ മാവോയിസ്റ്റുകളുടെ ഏറ്റുമുട്ടല്‍ കൊലയും അതിന് മുഖ്യമന്ത്രി നല്കിയ ന്യായീകരണവും, അഭിഭാഷകരും മാധ്യമ പ്രവര്‍ത്തകരും തമ്മിലുള്ള സംഘര്‍ഷത്തോട് സ്വീകരിച്ച ഉദാസീനത, ലോ അക്കാദമി, നെഹ്റു കോളജ് സമരങ്ങളോടുള്ള അഴകൊഴമ്പന്‍ നയം, വിവരാവകാശത്തില്‍ കൊണ്ടുവന്ന വിലക്ക്, രാഷ്ട്രീയ കൊലപാതകങ്ങളിലെ വര്‍ധന, മഹിജയോട് കൈക്കൊണ്ട മനുഷ്യത്വ രഹിതമായ സമീപനം, തലശ്ശേരിയിലെ ദളിത് സഹേദരിമാരുടെ പ്രശ്നം, സെന്‍കുമാര്‍ പ്രശ്നത്തില്‍ സര്‍ക്കാരിന്റെ ആനമണ്ടത്തരങ്ങള്‍,
അതില്‍ സുപ്രീം കോടതിയില്‍ നിന്നേറ്റ തിരിച്ചടികള്‍…………. അങ്ങനെയങ്ങനെ തോല്ക്കാന് ഇനിയും ഇരട്ടച്ചങ്കന്റെ ജീവിതം ബാക്കി എന്ന അവസ്ഥ. ഏതായാലും രാധാകൃഷ്ണന് എം.ജിയെ പ്രത്യേകം നോട്ടമിടാന്‍ പോന്ന കോപ്പുകള്‍ ലേഖനത്തില്‍ സമൃദ്ധമായുണ്ട്.
സംഗതി ബാലന്‍സ് ചെയ്തില്ലെങ്കില്‍ പ്രശ്നമാണെന്നറിയാവുന്ന കമലറാമിന്റെ വാരിക പുത്തലത്ത് ദിനേശന് വക ഒരു കായിതം എഴുന്നള്ളിച്ചിട്ടുണ്ട്. തലക്കുറി ഇങ്ങനെ: വിവാദങ്ങളിലല്ല ജനങ്ങളിലാണ് ശ്രദ്ധ. ശരിയല്ലേ ആന പോവുമ്പോള്‍ ചില ടിയാക്കള് ചില ശബ്ദമൊക്കെ ഉണ്ടാക്കാറില്ലേ? അങ്ങനെ കരുതിയാല്‍ മതിയെന്നാണ് ദിനേശന്‍മാസ്റ്റര്‍ ഉവാച. ഇടതുപക്ഷ സര്‍ക്കാരിന്റെ നയത്തെക്കുറിച്ച് ആശങ്കയുള്ളവര്‍ക്ക് ഇതാ ഇത്തിരി ദശമൂലാരിഷ്ടം: ഉത്പാദന ശക്തികളെ വളര്‍ത്തുകയും അതിലൂടെ ഉത്പാദനം വര്‍ധിപ്പിക്കുകയും അത് നീതിയുക്തമായി വിതരണം ചെയ്യപ്പെടുന്നതിനുള്ള സംവിധാനം ഉണ്ടാക്കുകയും ചെയ്യുക എന്നതാണ് ഇടതുപക്ഷ സര്‍ക്കാരിന്റെ പൊതുസമീപനം. പുരിഞ്ചിതാ മലയാണ്മ മക്കളേ. എങ്കില്‍ വണക്കം. ആയുസ്സുണ്ടെങ്കില്‍ അടുത്ത തവണ കാണാം.
തൊട്ടുകൂട്ടാന്‍
ആ മടിയന്‍ കുരുവിയുടെ കൂട്
കെട്ടിമേഞ്ഞിട്ടില്ലെന്ന് കണ്ട്
ഇത്തവണയും പെയ്യാന്‍ നില്‍ക്കാതെ പോയി.
മോഹനകൃഷ്ണന് കാലടി
കവിത: മടിയന്കുരുവിയുടെ കൂട്
മാതൃഭൂമി ആഴ്ചപ്പതിപ്പ്
(ജൂണ്‍ 03)
പ്രതികരിക്കാൻ ഇവിടെ എഴുതുക: