ന്യൂദല്‍ഹി: ”പാക്കിസ്ഥാന്‍ ഒരു മരണക്കിണറാണ്. അങ്ങോട്ട് പോകാന്‍ എളുപ്പമാണ്. എന്നാല്‍, തിരിച്ചെത്തുകയെന്നത് ഒരിക്കലും നടക്കില്ല. കുറച്ചു ദിവസം കൂടി അവിടെ നില്‍ക്കേണ്ടി വന്നിരുന്നെങ്കില്‍ കൊല്ലപ്പെട്ടേനെ.” പാക്കിസ്ഥാന്‍ പൗരനെ വിവാഹം ചെയ്ത് വഞ്ചിക്കപ്പെട്ട് തിരിച്ചെത്തിയ ഉസ്മ അഹമ്മദ് മാധ്യമപ്രവര്‍ത്തകര്‍ക്കു മുന്നില്‍ വിങ്ങിപ്പൊട്ടി.
കേന്ദ്ര സര്‍ക്കാരിന്റെയും വിദേശ മന്ത്രി സുഷമ സ്വരാജിന്റെയും ശ്രമഫലത്താല്‍ നാട്ടില്‍ തിരികെയെത്തിയ ഉസ്മയ്‌ക്ക് ജീവന്‍ തിരിച്ചു കിട്ടിയതിന്റെ ആശ്വാസം.
പിറന്ന മണ്ണിലേക്ക് സ്വീകരിക്കാനെത്തിയ സുഷമയുടെ കാല്‍തൊട്ട് നമസ്‌ക്കരിച്ച് കെട്ടിപ്പുണര്‍ന്ന് ആശ്വാസം കൊണ്ടു ഉസ്മ. അമ്മയും കുടുംബാംഗങ്ങളും തിരിച്ചുവരവിന് സാക്ഷ്യം വഹിക്കാനുണ്ടായിരുന്നു. വാഗാ അതിര്‍ത്തിവഴിയെത്തിയ ഉസ്മ, മണ്ണില്‍ തൊട്ടു നമസ്‌ക്കരിച്ച ശേഷമാണ് ഇന്ത്യയിലേക്ക് പ്രവേശിച്ചത്. തുടര്‍ന്ന് പ്രത്യേക വിമാനത്തില്‍ ദല്‍ഹിയിലെത്തി.
പാക്കിസ്ഥാന്‍ എന്നത് ഒരു മരണക്കുടുക്കാണെന്ന് തനിക്ക് മനസ്സിലായെന്ന് ഉസ്മ പറഞ്ഞു. മലേഷ്യയില്‍ വച്ച് പരിചയപ്പെട്ട താഹിര്‍ അലിയെ വിവാഹം കഴിച്ചാണ് ഉസ്മ മെയ് ഒന്നിന് വാഗാ അതിര്‍ത്തി വഴി പാക്കിസ്ഥാനിലെത്തിയത്.
















