കാക്കനാട്: സംസ്ഥാന സര്‍ക്കാരിന്റെ അലംഭാവം മൂലം രണ്ടു ലക്ഷം ഓട്ടോറിക്ഷാ തൊഴിലാളികള്‍ക്ക് ഗുണകരമായ ഇഎസ്ഐ പദ്ധതി തടസപ്പെട്ടുകിടക്കുന്നു. കേന്ദ്ര ഇഎസ്ഐ ബോര്‍ഡ് യോഗം ഒരു വര്‍ഷം മുമ്പ് എടുത്ത തീരുമാനം നടപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ താല്പര്യം കാണിക്കാത്തതാണ് കാരണം. അസംഘടിത മേഖലയിലെ തൊഴിലാളികള്‍ക്ക് ഇഎസ്ഐ ആനുകൂല്യം ലഭ്യമാക്കുന്ന പദ്ധതിയുടെ ഭാഗമാണിത്.
പ്രതിവര്‍ഷം 3000 രൂപ അടയ്ക്കുന്ന ഓട്ടോ തൊഴിലാളികള്‍ക്ക് 10 ലക്ഷം രൂപ വരെ സൗജന്യ ചികിത്സ ലഭിക്കും. തൊഴിലുടമ – തൊഴിലാളി വിഹിത രീതിക്കു പകരം ഓട്ടോറിക്ഷ ഡ്രൈവര്‍മാരില്‍ നിന്നാണ് തുക സ്വീകരിക്കുന്നത്.
പദ്ധതിയില്‍ ചേരുന്ന ഓട്ടോ ഡ്രൈവര്‍മാര്‍ക്കും ആശ്രിതരായ മാതാപിതാക്കള്‍, ഭാര്യ/ഭര്‍ത്താവ്, പ്രായപൂര്‍ത്തിയാവാത്ത മക്കള്‍ എന്നിവരില്‍ ഒരാള്‍ക്ക് പരമാവധി 10 ലക്ഷം രൂപയുടെ സൗജന്യ ചികിത്സക്ക് അര്‍ഹതയുണ്ടാകും, ഇതാണ് കേന്ദ്രപദ്ധതി.
ഇഎസ്ഐ ആനുകൂല്യം പുതുതായി ആരംഭിക്കുന്ന പ്രദേശങ്ങളില്‍ രണ്ടു വര്‍ഷത്തേക്ക് പദ്ധതി വിഹിതത്തില്‍ ഇളവു നല്‍കും. തൊഴിലുടമകളില്‍ നിന്ന് 4.75 ശതമാനവും, തൊഴിലാളികളില്‍ നിന്ന് 1.75 ശതമാനവും ഉള്‍പ്പെടെ 6.5 ശതമാനമോ, 3000 രൂപയോ അടയ്ക്കണം.
എന്നാല്‍ പുതുതായി ആരംഭിക്കുന്ന പ്രദേശങ്ങളില്‍ നിന്നും രണ്ടു വര്‍ഷത്തേക്ക് നാലു ശതമാനം തുക അടച്ചാല്‍ മതിയാകുമെന്ന് കേന്ദ്ര ഇഎസ്ഐ ബോര്‍ഡ് യോഗം തീരുമാനിച്ചിട്ടുണ്ട്.
ഇഎസ്ഐ ആനുകൂല്യത്തിനു പകരം മറ്റ് ആരോഗ്യ ഇന്‍ഷൂറന്‍സ് പദ്ധതിയില്‍ ചേരുന്നതിന് അവസരമുണ്ടാകുമെന്ന കേന്ദ്രധനമന്ത്രാലയത്തിന്റെ നിര്‍ദ്ദേശം തൊഴിലാളി നേതാക്കള്‍ ശക്തമായി എതിര്‍ത്തു.
ഇഎസ്ഐ ആനുകൂല്യത്തിനുള്ള പ്രതിമാസവേതന പരിധി 15,000 രൂപയില്‍ നിന്നും 25,000 രൂപയായി ഉയര്‍ത്തണമെന്ന ബോര്‍ഡ് തീരുമാനവും നടപ്പിലായില്ല. വേതന പരിധി ഉയര്‍ത്തുകയോ ഒരിക്കല്‍ അംഗമായി ചേരുന്ന തൊഴിലാളികള്‍ക്കും ആശ്രിതര്‍ക്കും സേവനകാലം മുഴുവന്‍ പദ്ധതിയുടെ ആനുകൂല്യം ലഭിക്കണമെന്ന് ട്രേഡ് യൂണിയന് നേതാക്കള്‍ ബോര്‍ഡ് യോഗത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ഓട്ടോറിക്ഷ തൊഴിലാളി യൂണിയന് സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്റ് റഷീദ് താനത്ത് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: