കോഴിക്കോട്: പട്ടികജാതി-വര്‍ഗ്ഗ വിഭാഗക്കാര്‍ക്ക് നേരെയുള്ള വര്‍ദ്ധിച്ചുവരുന്ന പീഡനം അവസാനിപ്പിക്കുന്നതിന് കര്‍ശന നടപടി സ്വീകരിക്കണമെന്ന് പട്ടികജന സമാജം കോഴിക്കോട് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. പോക്‌സോ നിയമപ്രകാരം ജയിലിലടയ്‌ക്കപ്പെട്ട മുഴുവന്‍ ആദിവാസികളെയും മോചിപ്പിക്കണമെന്നും ഇനിയും അത്തരം കേസുകളില്‍ ഉള്‍പ്പെടാതിരിക്കാന്‍ ബോധവല്‍ക്കരണം നടത്തണമെന്നും കമ്മിറ്റി ആവശ്യപ്പെട്ടു. ജില്ലാപ്രസിഡന്റ് കെ.പി. ശേഖരന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ വി.ടി. ഭരതരാജന്‍, ടി.വി. വിനീത്കുമാര്‍, കെ. ദാസന്‍, പി. വേലായുധന്‍, രാജന്‍ കളക്കുന്ന്, രാജീവന്‍ വേണാടി, രാജു തുടങ്ങിയവര്‍ സംസാരിച്ചു.
















