പന്തളം: കുളനട ഗ്രാമപഞ്ചായത്തില്‍ ഭരണം ബിജെപി നേടിയത് ജനാധിപത്യത്തിന്റെ വിജയം. പഞ്ചായത്തില്‍ കൂടുതല്‍ വാര്‍ഡുകളില്‍ വിജയിച്ച ബിജെപിയെ ഭരണത്തില്‍ നിന്ന് അകറ്റിനിര്‍ത്താന്‍ ഇടതുമുന്നണിയും കോണ്‍ഗ്രസ്സും ഒത്തു ചേന്ന് നടത്തിയ അവിശുദ്ധ കൂട്ടുകെട്ട് തകര്‍ന്നതാണ് ബിജെപിയെ അധികാരത്തിലെത്തിച്ചത്. ഇന്നലെ നടന്ന തെരഞ്ഞെടുപ്പില്‍ അശോകന് കുളനട പഞ്ചായത്ത് പ്രസിഡന്റായതോടെ സിപിഎമ്മിനോടും കോണ്‍ഗ്രസ്സിനോടുമുള്ള മധുരപ്രതികാരമായി അത് മാറി.
തദ്ദേശ തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ 16 അംഗ ഭരണസമിതിയില്‍ ബിജെപി ഏഴ് സീറ്റ് കരസ്ഥമാക്കി കുളനട പഞ്ചായത്തില്‍ ചരിത്രവിജയം നേടിയിരുന്നു. കോണ്‍ഗ്രസ്സിന് നാലും ഇടതുമുന്നണിക്ക് മൂന്നും അംഗങ്ങളാണ് ഉണ്ടായിരുന്നത്. ഒരു എല്‍ഡിഎഫ് സ്വതന്ത്രനും ഒരു സിപിഎം വിമതനും വിജയിച്ചിരുന്നു. ബിജെപിയെ അധികാരത്തില്‍ നിന്ന് അകറ്റി നിര്‍ത്താന്‍ കോണ്‍ഗ്രസ് പിന്തുണയോടെയാണ് ഇടതുമുന്നണി ഭരണം നടത്തി വന്നിരുന്നത്. സൂസന് തോമസിനെ പ്രസിഡന്റും എത്സി ജോസഫിനെ വൈസ് പ്രസിഡന്റുമാക്കി കോണ്‍ഗ്രസ്സും എല്‍ഡിഎഫും പരസ്പരം പിന്തുണയ്ക്കുകയായിരുന്നു.
കഴിഞ്ഞ 27ന് ബിജെപി കൊണ്ടുവന്ന അവിശ്വാസത്തിലൂടെയാണ് നിലവിലുണ്ടായിരുന്ന എല്‍ഡിഎഫുകാരായ പ്രസിഡന്റ് സൂസന് തോമസും വൈസ് പ്രസിഡന്റ് എത്സി ജോസഫും പുറത്തായത്. പഞ്ചായത്തില്‍ ഭരണം സ്തംഭിച്ചതാണ് ബിജെപി അവിശ്വാസം കൊണ്ടുവരാന്‍ കാരണം. അവിശ്വാസ പ്രമേയം കോണ്‍ഗ്രസ്സിലെ 4 അംഗങ്ങളുടെയും കൂടി പിന്തുണയോടെയാണ് പാസ്സായത്. കോണ്‍ഗ്രസ് നല്കിയ വിപ്പ് ലംഘിച്ചാണ് ഇവര്‍ അവിശ്വാസത്തെ പിന്തുണച്ചത്.
ഇന്നലെ രാവിലെ 11നാണ് പ്രസിഡന്റ് തെരഞ്ഞെടുപ്പിനുള്ള നടപടികളാരംഭിച്ചത്. അശോകന് കുളനടയുടെ പേര് ബിജെപിയിലെ രാജി ടി.വി. നിര്‍ദ്ദേശിച്ചു. പി. ആര്. മോഹന്‍ദാസ് പിന്താങ്ങി. എല്‍ഡിഎഫിനു വേണ്ടി എത്സി ജോസഫ് പോള്‍ രാജിന്റെ പേര് നിര്‍ദ്ദേശിക്കുകയും സൂസന് തോമസ് പിന്താങ്ങുകയും ചെയ്തു. കോണ്‍ഗ്രസ്സിലെ സജി പി. ജോണിന്റെ പേര് ജിജി ജോര്‍ജ്ജ് നിര്‍ദ്ദേശിച്ചു. സതി എം. നായര്‍ പിന്താങ്ങി. കോണ്‍ഗ്രസ്സ് അംഗങ്ങള്‍ ബാലറ്റ് പേപ്പര്‍ വാങ്ങിയെങ്കിലും അവരുടെ വോട്ടുകള്‍ അസാധുവാക്കുകയായിരുന്നു. തുടര്‍ന്നു രണ്ടാം ഘട്ടത്തില്‍ അശോകന് കുളനടയും പോള്‍ രാജും തമ്മില്‍ നടന്ന മത്സരത്തില്‍ 5 വോട്ടുകള്‍ക്കെതിരെ 7 വോട്ടുകള്‍ നേടി അശോകന് കുളനട വിജയിച്ചു. കോണ്‍ഗ്രസ്സ് അംഗങ്ങള്‍ വിട്ടുനിന്നു.
ഉച്ചയ്ക്കു 2നു നടന്ന വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പും രാവിലത്തേതിന്റെ തനിയാവര്‍ത്തനമായിരുന്നു. ശോഭന അച്യുതന്റെ പേര് സുരേഷ് എം.എസ്. നിര്‍ദ്ദേശിക്കുകയും സന്തോഷ് എം.എസ്. പിന്താങ്ങുകയും ചെയ്തു. കോണ്‍ഗ്രസ്സിലെ സതി എം. നായരുടെ പേര് സജി പി ജോണ്‍ നിര്‍ദ്ദേശിക്കുകയും ശശികല സുരേഷ് പിന്താങ്ങുകയും ചെയ്തു. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി വിശ്വകലയെ ശ്രീലതാ മോഹന്‍ നിര്‍ദ്ദേശിച്ചു. പോള്‍ രാജ് പിന്താങ്ങി. ശോഭനയ്ക്ക് 7 വോട്ടും വിശ്വകലയ്ക്ക് 5വോട്ടും ലഭിച്ചു. കോണ്‍ഗ്രസ്സംഗങ്ങള്‍ വോട്ട് അസാധുവാക്കി. തുടര്‍ന്നു നടന്ന വോട്ടടുപ്പില്‍ 7 വോട്ടുകള്‍ നേടി ശോഭന അച്യുതന് വിജയിച്ചു. വിശ്വകലയ്ക്ക് 5 വോട്ടുകള്‍ ലഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: