അന്ധതയെ സംഗീതം കൊണ്ടു തോല്‍പ്പിച്ച വൈക്കം വിജയലക്ഷ്മി ജനിച്ചത് 1981 ഒക്ടോബര്‍ 7 വിജയദശമി നാളില്‍. അജ്ഞതയെ അകറ്റി അറിവ് നേടുന്നതിനായി വിജയദശമി നാളില്‍ നടക്കുന്ന വിദ്യാരംഭത്തിന്റെ പ്രാധാന്യം കുറച്ചൊന്നുമല്ല. കൂടാതെ മഹിഷാസുരനെ വധിച്ച ദേവിയുടെ ജൈത്രയാത്ര തുടങ്ങിയതും വിജയദശമി നാളില്‍ത്തന്നെ. ആ നാളില്‍ ജനിച്ചതുകൊണ്ടാവാം വിജയലക്ഷ്മിയും വിജയത്തിന്റെ ചവിട്ടുപടികള്‍ ഒന്നൊന്നായി കയറിക്കൊണ്ടിരിക്കുന്നത്.
സ്വകാര്യസ്ഥാപനത്തില്‍ ജോലിനോക്കിയിരുന്ന വിജയലക്ഷ്മിയുടെ അച്ഛന് മുരളീധരനും അമ്മ വിമലയും ചെന്നൈയിലായിരുന്നു താമസം. ഒന്നര വയസ്സുമുതല്‍ റേഡിയോയിലെ ഗാനങ്ങള്‍ കേട്ട് വിജയലക്ഷ്മി അതുപോലെ പാടിത്തുടങ്ങി. അഞ്ചാം വയസ്സില്‍ ആ കുടുംബം ഉദയനാപുരത്തെ അച്ഛന്റെ തറവാട്ടിലേക്ക് താമസം മാറി. ഗാനഗന്ധര്വന് യേശുദാസിനെ മാനസ ഗുരുവായി സ്വീകരിച്ച് ഉദയനാപുരം ചാത്തന്‍കുടി ദേവീ ക്ഷേത്രത്തില്‍ ആറാം വയസ്സില്‍ അരങ്ങേറ്റം നടത്തി. ‘വാതാപി ഗണപതിം’ എന്ന ഗണപതി സ്തുതിയോടെ. കേട്ടു പഠിച്ച കീര്‍ത്തനങ്ങള്‍ ആലപിക്കുകയായിരുന്നു അന്ന്.
അമ്പലപ്പുഴ തുളസി ടീച്ചറായിരുന്നു ആദ്യഗുരു. ഏഴാം വയസിലാണ് ഗുരുമുഖത്തു നിന്ന് സംഗീതം അഭ്യസിച്ചു തുടങ്ങിയത്. കുഞ്ഞുനാള് മുതലേ സംഗീതത്തില്‍ അടങ്ങാത്ത അഭിനിവേശമായിരുന്ന വിജയലക്ഷ്മിക്ക്. സംഗീതം കഴിഞ്ഞേ മറ്റെന്തും ഉണ്ടായിരുന്നുള്ളു. കാസെറ്റുകളില്‍ നിന്നും കീര്‍ത്തനങ്ങള്‍ കേട്ട് ഹൃദിസ്ഥമാക്കിയാണ് ആലപിച്ചിരുന്നത്.
1997-ല്‍ 10-ാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ ശാസ്ത്രീയ സംഗീതത്തിന് ഒന്നാം സ്ഥാനം ലഭിച്ചു. വരാളി രാഗത്തില്‍ ‘മാമവ മീനാക്ഷി’ എന്നു തുടങ്ങുന്ന കീര്‍ത്തനം അനുവദിച്ച 10 മിനിറ്റും കഴിഞ്ഞ് 13-ാം മിനിറ്റിലാണ് പാടി അവസാനിപ്പിച്ചത്. പ്രശസ്ത സംഗീതജ്ഞന് നെല്ലായി ടി.വി. കൃഷ്ണമൂര്‍ത്തിയായിരുന്നു വിധികര്‍ത്താവ്. പാട്ടിനാണ് പ്രാധാന്യം, സമയത്തിനല്ല എന്നു പറഞ്ഞ് ഒന്നാം സ്ഥാനം നല്‍കുകയായിരുന്നു. സംഗീതജ്ഞന് കുമ്മനം ശശികുമാര്‍ അദ്ദേഹത്തിന്റെ മകളുടെ പേരില്‍ നിര്‍മ്മിച്ച ഗായത്രി തംബുരുവും അന്ന് സമ്മാനമായി നല്കി.
കുഞ്ഞമ്മയുടെ മകന് പ്ലാസ്റ്റിക് കുപ്പികൊണ്ട് കളിവീണയുണ്ടാക്കി കൊടുത്തതാണ് വീണയില്‍ കമ്പം കയറാന്‍ കാരണമായത്. സ്പൂണുപയോഗിച്ച് അതില്‍ സ്വയം പരിശീലനം നേടി. വീണയില്‍ മകളുടെ പ്രാവീണ്യം മനസ്സിലാക്കിയ അച്ഛന് മലേഷ്യന്‍ പ്ലാവുകൊണ്ട് ഒറ്റക്കമ്പിവീണ നിര്‍മ്മിച്ചു കൊടുത്തു. പ്രശസ്ത വയലിന് വിദ്വാന് കുന്നക്കുടി വൈദ്യനാഥന് വിജയലക്ഷ്മിയുടെ വീണാലാപനം കേള്‍ക്കുകയും തംബുരുവിന്റെ പേര് ഗായത്രിയെങ്കില് ഇനിമുതല്‍ ഇത് ”ഗായത്രി വീണ” യെന്ന് അറിയപ്പെടട്ടെ എന്നും നിര്‍ദ്ദേശിച്ചു.
ജീവിതത്തില്‍ മറക്കാനാവാത്ത ചില നിമിഷങ്ങള്‍ എല്ലാവര്ക്കും ഉണ്ടാകും. അതുപോലെ ചിലത് വിജയലക്ഷ്മിക്കുമുണ്ട്. 1997-ല്‍ ഏപ്രില്‍ മാസത്തെ പൊള്ളുന്ന ചൂടില്‍ മാവേലിക്കര പൊന്നാരംതോട്ടം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ അമൃതവര്‍ഷിണി രാഗത്തില്‍ ‘ആനന്ദാമൃത ഹര്ഷിണി അമൃത വര്‍ഷിണി’ എന്ന കീര്‍ത്തനം ആലപിച്ചതും എല്ലാവരേയും ആനന്ദത്തിലാറാടിച്ചുകൊണ്ട് നല്ല മഴ പെയ്തത് ഒരിക്കലും മറക്കാനാവാത്ത അനുഭവമാണ്. 1999-ല്‍ വൈക്കം ക്ഷേത്രത്തില്‍ ദക്ഷിണാമൂര്‍ത്തി സ്വാമി സംഗീതം നല്കിയ ”ഹൃദയസരസ്സിലെ പ്രണയ പുഷ്പമേ” എന്ന ഗാനം ഗായത്രി വീണയില്‍ വായിക്കുമ്പോള്‍ ശ്രോതാവായി സ്വാമി ഉണ്ടായിരുന്നത് വിജയലക്ഷ്മി അറിഞ്ഞിരുന്നില്ല. കച്ചേരി തീര്‍ന്നതും നേരിട്ടു ചെന്ന് അനുഗ്രഹിക്കുകയായിരുന്നു.
ജീവിതത്തില്‍ വഴിത്തിരിവായത് 2013-ല്‍ ”സെല്ലുലോയ്ഡ്” എന്ന ചിത്രത്തില്‍ പാടാന്‍ അവസരം ലഭിച്ചതാണ്. എം. ജയചന്ദ്രന് സംഗീതം നല്കിയ ‘കാറ്റേ കാറ്റേ’ എന്ന ഗാനം വിജയലക്ഷ്മിയെ പ്രശസ്തിയുടെ കൊടുമുടിയില്‍ എത്തിച്ചു. ആത്മീയാചാര്യന് എന്ന ടെലിവിഷന്‍ ചാനലില്‍ വിജയലക്ഷ്മിയുടെ സംഗീത പരിപാടി കണ്ട് ജയചന്ദ്രന് ഈ ശബ്ദമാണ് തന്റെ പാട്ടിന് യോജിച്ചതെന്ന് കണ്ടെത്തി അവസരം നല്‍കുകയായിരുന്നു. ആ പാട്ടിന് സ്പെഷല്‍ ജൂറി അവാര്‍ഡും ലഭിച്ചു. അതിനുശേഷം ഇതുവരെ മലയാളം, തമിഴ്, തെലുങ്ക്, കന്നട എന്നീ ഭാഷകളില്‍ അറുപതോളം സിനിമാഗാനങ്ങള്‍ ആലപിച്ചു.
2014-ല്‍ ‘നടന്’ എന്ന സിനിമയിലെ ഔസേപ്പച്ചന് സംഗീത സംവിധാനം നിര്‍വ്വഹിച്ച ‘ഒറ്റയ്ക്കു പാടുന്ന പൂങ്കുയിലെ’ എന്ന ഗാനത്തിന് സംസ്ഥാന അവാര്‍ഡ് ലഭിച്ചു. ആ പാട്ടില്‍ ഗായത്രി വീണ വായിക്കാനുള്ള അവസരവും സംഗീത സംവിധായകന് നല്കി.
30 വര്‍ഷമായി സംഗീതക്കച്ചേരി നടത്തുന്ന വിജയലക്ഷ്മി 20 വര്‍ഷമായി വീണക്കച്ചേരിയും നടത്തുന്നു. മാവേലിക്കര പൊന്നമ്മാള്‍, പി. സുബ്രഹ്മണ്യന്, നെടുമങ്ങാട് ശിവാനന്ദന് തുടങ്ങി പല പ്രശസ്തരുടേയും കീഴില്‍ സംഗീതം അഭ്യസിച്ചിട്ടുണ്ട്.
ഇപ്പോഴും സംഗീത പഠനം തുടരുന്നു. കൂടാതെ ചലച്ചിത്ര രംഗത്തെ പ്രമുഖ ഗായകരും ഗായികമാരും സംഗീത സംവിധായകരും ഫോണിലൂടെ സംഗീതം പകര്‍ന്നു കൊടുക്കുന്നു. എല്ലാ കച്ചേരിക്കും ബാലമുരളീകൃഷ്ണയുടെ ഏതെങ്കിലും കൃതിയോ തില്ലാനയോ ആലപിക്കുന്ന വിജയലക്ഷ്മിക്ക് ഇഷ്ടപ്പെട്ട കീര്‍ത്തനം കനകാംഗി രാഗത്തിലുള്ള ”ശ്രീ ഗണനാദം ഭജാമ്യഹമാണ്”.
പ്രശസ്ത ജ്യോതിഷ പണ്ഡിതന് പെരിങ്ങോട് ശങ്കരനാരായണന്റെ വാക്കുകളില്‍ വിശ്വസിക്കുന്ന വിജയലക്ഷ്മി തന്റെ ഈ നേട്ടങ്ങളെല്ലാം അദ്ദേഹം പ്രവചിച്ചിരുന്നു എന്ന് ഓര്‍ക്കുന്നു. മംഗല്യം പടിവാതില്‍ കടന്നെത്തിയിട്ടും സംഗീതത്തിനു തടസ്സമാകുന്നു എന്ന കാരണത്താല്‍ വേണ്ടെന്ന് വയ്ക്കുകയായിരുന്നു. കാഴ്ച ശക്തി ലഭിക്കുവാനായി പത്തു മാസത്തോളമായി ഹോമിയോപ്പതി ചികിത്സ നടത്തിവരുന്ന വിജയലക്ഷ്മിക്ക് ഇപ്പോള്‍ രൂപം അറിയാന്‍ കഴിയില്ലെങ്കിലും വെളിച്ചം അറിയാന്‍ കഴിയുന്നുണ്ട്.
കാഴ്ച്ചശക്തി വീണ്ടെടുക്കാമെന്ന ആത്മവിശ്വാസത്തോടെ ചികിത്സ തുടരുകയാണ്. സംഗീത സംവിധായകന് ആചാര്യ ആനന്ദ് കൃഷ്ണയുടെ നേതൃത്വത്തില്‍ എറണാകുളത്ത് മാര്‍ച്ച് അഞ്ചിന് ഹോട്ടല്‍ സരോവരത്തില്‍ വച്ചു നടന്ന സംഗീതവിരുന്നില്‍ അഞ്ചുമണിക്കൂറില്‍ അറുപത്തി ഒന്‍പതോളം ഗാനങ്ങള്‍ ഗായത്രി വീണയില്‍ തന്റെ മാന്ത്രിക സ്പര്‍ശത്താല്‍ മാസ്മരപ്രഭാവം സൃഷ്ടിച്ച് വിജയലക്ഷ്മി ലോക റെക്കോര്‍ഡിനും ഉടമയായി. പ്രശസ്ത സംഗീത സംവിധായകരും രാഷ്ട്രീയ പ്രമുഖരും അനവധി ആരാധകരും ഇതിനു സാക്ഷ്യം വഹിച്ചു.
”തമസ്സിനെ രാഗത്താല്‍ ഉഷസ്സാക്കിയ താരകം
ജ്വലിക്കുമെന്നെന്നും സൂര്യപ്രഭയോടെ”
പ്രതികരിക്കാൻ ഇവിടെ എഴുതുക: