മാറ്റച്ചിന്തകളുടെ കൈമുതലുമായി ഒരുകൂട്ടം ചെറുപ്പക്കാര്‍ ഇന്ന് മലയാള സിനിമയില്‍ വേറിട്ട വഴികള്‍ വെട്ടിത്തെളിക്കുന്നുണ്ട്. വേറൊന്നായി ജീവിതം തുടങ്ങുകയും ഇടയ്ക്കുവെച്ച് മറ്റൊന്നായി വഴിമാറുകയും ചെയ്തവര്‍.
എഞ്ചിനിയറാകാന്‍ തീരുമാനിച്ചുറപ്പിച്ച് കോട്ടയത്തു നിന്നൊരു പയ്യന് എറണാകുളത്തേക്കു വണ്ടി കയറി. കുസാറ്റില്‍ എഞ്ചിനിയറിംഗിനു ചേരുമ്പോഴും മറിച്ചൊന്നും തോന്നിയിരുന്നില്ല അവന്. എന്നാല്‍ കുസാറ്റിന്റെ കാമ്പസ് അവനു മുമ്പില്‍ തുറന്നിട്ടത് നാടകത്തിന്റേയും സാഹിത്യത്തിന്റേയും വലിയൊരു ലോകം. അതൊരു ലഹരിയായി കത്തിപ്പടരാന്‍ അധിക താമസമുണ്ടായില്ല. അങ്ങനെയാണ് വിഷ്ണു ഗോവിന്ദ് എന്ന ആ പയ്യന് സിനിമമോഹം തലയ്ക്കു പിടിക്കുന്നത്.
പിന്നെ എഞ്ചിനിയറിംഗ് പഠനം പാതിവഴിയിലുപേക്ഷിക്കുമ്പോള് വിഷ്ണു ഗോവിന്ദിന്റെ മനസ്സില്‍ ഒരാഗ്രഹമേയുണ്ടായിരുന്നുളളു. സംവിധായകനാകണം. എന്നാല്‍ മെക്സിക്കന്‍ അപാരതയിലെ ജോമിയായി മികച്ച അഭിനേതാവാണെന്നുകൂടി തെളിയിക്കാന്‍ കഴിഞ്ഞിരിക്കുന്നു വിഷ്ണുവിന്. പ്രേക്ഷകരെ കുടുകുടെ ചിരിപ്പിച്ച ജോമി മനസ്സു തുറക്കുന്നു.
‘ബ്ലാക്ക് ഫോറസ്റ്റി’ലൂടെ സിനിമയിലേക്ക്
2012ലെ മികച്ച പരിസ്ഥിതി ചിത്രത്തിനുളള ദേശീയപുരസ്കാരം നേടിയ ബ്ലാക്ക് ഫോറസ്റ്റ് എന്ന സിനിമയുടെ അസിസ്റ്റന്റ് ഡയറക്ടറായാണ് വിഷ്ണു സിനിമയിലേക്കെത്തുന്നത്. കുസാറ്റിലെ എഞ്ചിനിയറിംഗ് പഠനകാലത്ത് നാടകവുമായി ഉണ്ടായിരുന്ന അടുത്ത ബന്ധമാണ് സിനിമയിലേക്കടുപ്പിച്ചത്.
അവിടെ ഒരു നാടകക്കൂട്ടായ്മ തന്നെയുണ്ടായിരുന്നു. നാടകാഭിനയവും സംവിധാനവുമായൊക്കെ നടക്കുമ്പോഴാണ് നാടകസംവിധായകനായ മനോജ് വഴി ‘ബ്ലാക്ക് ഫോറസ്റ്റി’ന്റെ സഹസംവിധായകനാകാന്‍ അവസരം കിട്ടിയത്. പിന്നീട് ‘ഇയ്യോബിന്റെ പുസ്തകം’, ‘ലോര്‍ഡ് ലിവിങ്സ്റ്റണ് ഏഴായിരം കണ്ടി’ എന്നീ ചിത്രങ്ങളില്‍ അഭിനയിച്ചു.
രണ്ടുചിത്രങ്ങളിലും അത്രപ്രാധാന്യമുളള കഥാപാത്രങ്ങളായിരുന്നില്ല. ‘ഇയ്യോബിന്റെ പുസ്തക’ത്തില്‍ ചെമ്പന്‍ വിനോദിന്റെ കുട്ടിക്കാലമാണ് അഭിനയിച്ചത്. ‘ലോര്‍ഡ് ലിവിങ്സ്റ്റണി’ലും എടുത്തു പറയാവുന്ന വേഷമായിരുന്നില്ല.
ലോര്‍ഡ് ലിവിങ്സ്റ്റന്റെ സെറ്റില്‍ വച്ചാണ് ടോമേട്ടനെ(സംവിധായകന് ടോം ഇമ്മട്ടി) പരിചയപ്പെടുന്നത്. പിന്നീട് ടോമേട്ടന്റെ പരസ്യകമ്പനിയില്‍ ചേര്‍ന്നു.
അങ്ങനെ ജോമിയായി
ജോമി യഥാര്‍ത്ഥത്തില്‍ ഉളള ഒരാള്‍ തന്നെയാണ് കേട്ടോ. ശരിക്കും അഞ്ചു പെങ്ങന്മാരൊക്കെയുളള ജോമി ടോമേട്ടന്‍ അറിയാവുന്ന ആളാണ്. കക്ഷിയെപ്പോലെ നിഷ്കളങ്കത്വമൊക്കെ ഉണ്ടായിരുന്നതു കൊണ്ടാവാം ടോമേട്ടന്‍ എന്നെത്തന്നെ ജോമിയാക്കിയത്, വിഷ്ണു ചിരിച്ചു കൊണ്ടു തുടര്‍ന്നു.
പക്ഷേ, സിനിമയിലെ ജോമിയെപ്പോലെ ഉഴപ്പി നടക്കാതെ ജോലിയൊക്കെ വാങ്ങി അഞ്ചു പെങ്ങന്മാരേയും പുളളി വിവാഹം കഴിപ്പിച്ചു.
ജോമിയെ മനസ്സു കൊണ്ടേറ്റെടുത്ത പ്രേക്ഷകര്‍ തന്നെക്കാണുമ്പോള്‍ നിറഞ്ഞ സ്നേഹത്തോടെയാണ് അടുത്തു വരുന്നതെന്ന് വിഷ്ണു. അവര്‍ക്ക് എന്നെക്കാണുമ്പോള്‍ ഭയങ്കര സ്നേഹമാണ്. ശരിക്കും എനിക്കുളള അവാര്‍ഡാണിത്.
സംവിധാനമാണ് ഇഷ്ടം
അഭിനയമാണോ സംവിധാനമാണോ ഇഷ്ടം എന്നു ചോദിച്ചപ്പോള്‍ സംവിധാനം തന്നെയാണ് ഏറെയിഷ്ടം എന്ന് വിഷ്ണുവിന്റെ ഉറപ്പുളള മറുപടി. സിനിമയെ മുഴുവനായുമാണ് ഞാനിഷ്ടപ്പെടുന്നത്. എന്നാലും സംവിധായകനായിരിക്കുന്നത് ഏറെ ത്രില്ലുളള കാര്യമാണ്. രാത്രി ഉറക്കമിളച്ചുളള ഷൂട്ടിംഗ്, എല്ലാം കഴിഞ്ഞ് സിനിമ പുറത്തിറങ്ങുന്നതിനു വേണ്ടിയുളള കാത്തിരിപ്പ് ഇങ്ങനെ മൊത്തത്തിലുളള ആ പാക്കേജാണ് എനിക്കിഷ്ടം. അതുകൊണ്ട് ഒരു നടനായി മാത്രം ഞാന്‍ ഒതുങ്ങിക്കൂടില്ല.’
സംവിധായകനായി വിഷ്ണുവിന്റെ അരങ്ങേറ്റ ചിത്രമാണ് സംവിധായകന് വിനയന്റെ മകന് നായകനായ ‘ഹിസ്റ്ററി ഓഫ് ജോയ്’. ജീവിതത്തില്‍ ദുരന്തങ്ങള്‍ നേരിടേണ്ടി വരുന്ന ഒരു യുവാവിന്റെ കഥയാണ്. ചിത്രീകരണം പൂര്‍ത്തിയായെങ്കിലും റിലീസിങ് തീയതി നിശ്ചയിച്ചിട്ടില്ല.
വീട്ടുകാരുടെ ഉപാധികളില്ലാത്ത പിന്തുണയാണ് ഇവിടം വരെയെത്തിച്ചത്. കുസാറ്റിലെ എഞ്ചിനിയറിംഗ് പഠനം പാതിവഴിയിലുപേക്ഷിച്ച് നാടകത്തിലേക്കും സിനിമയിലേക്കുമൊക്കെ ഇറങ്ങുമ്പോള്‍ വീട്ടുകാരുടെ ഭാഗത്തു നിന്ന് ഒരെതിര്‍പ്പും ഉണ്ടായിരുന്നില്ല. എല്ലാ പിന്തുണയും നല്കി കൂടെ നിന്നു. അതാണ് ഏറ്റവും വലിയ ബലവും.
വിഷ്ണുവിന്റെ അച്ഛന് ശശികുമാര്‍ റബ്ബര്‍ ബോര്‍ഡില്‍ നിന്നും റിട്ടയര്‍ ചെയ്തു. അമ്മ ഗിരിജ സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂറില്‍ അക്കൗണ്ട്സ് മാനേജരാണ്. അനിയത്തി കൃഷ്ണ വിവാഹം കഴിഞ്ഞ് ബാംഗ്ലൂരില്‍ താമസിക്കുന്നു.
എഞ്ചിനിയറിംഗ് പഠനം മുഴുവനാക്കാന്‍ കഴിഞ്ഞില്ലെങ്കിലും പഠനം ഇപ്പോഴും തുടരുന്നുണ്ട് വിഷ്ണു. ട്രാവല്‍ ആന്‍ഡ് ടൂറിസത്തില്‍ ഇഗ്നോവിന്റെ ബിരുദ കോഴ്സ് ചെയ്തു കൊണ്ടിരിക്കുകയാണിപ്പോള്‍.
സംവിധായകനാകാന്‍ കൊതിച്ച് സിനിമയിലേക്കുവന്ന വിഷ്ണുവിന് തന്റെ അഭിനയമികവും പുറത്തെടുക്കാനായി. പൃഥ്വിരാജ് നായകനായ ‘വിമാന’ത്തില്‍ വേഷം ചെയ്യുകയാണിപ്പോള്‍. മോഹന്‍ലാല്‍ ചിത്രമായ ‘വില്ലനി’ലേക്കും ക്ഷണമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: