തനിക്ക് കൂടുതല്‍ അറിവുണ്ടാകണം എന്ന വിചാരത്തോടെ ദാല്ഭ്യന്‍ വിനയപൂര്‍വ്വം പറഞ്ഞു.
”ഞാന്‍ ഒരു കാര്യം അങ്ങയില്‍ നിന്ന് അറിയാന്‍ ആഗ്രഹിക്കുന്നു.”
”എന്താണ്’ ശിലകന്‍ ചോദിച്ചു.
”സ്വര്‍ഗ്ഗലോകത്തിന്റെ ആശ്രിതത്വത്തെക്കുറിച്ച് എനിക്കറിവില്ല. സത്യത്തില്‍ സ്വര്‍ഗ്ഗലോകത്തിന്റെ ഗതി എന്താണ് ?”
”പറയാം. പറയുന്നത് വിചാരം ചെയ്യണം. ഈ ലോകമാണ് സ്വര്‍ഗ്ഗലോകത്തിന്റെ ആശ്രയം. ഈ ലോകത്തു ചെയ്യുന്ന പ്രവൃത്തികളെ ആശ്രയിച്ചാണ് സ്വര്‍ഗ്ഗാദിലോകങ്ങള്‍ ലഭിക്കുക എന്നറിയുക”
”എങ്കില്‍ ഈ ലോകത്തിന്റെ ആശ്രയം എവിടെയാണ് ?”
”പ്രതിഷ്ഠാഭൂതമായ ഈ ലോകത്തെ അതിക്രമിച്ച് സാമത്തെ മറ്റെങ്ങും കൊണ്ടുപോകരുത്. നമുക്ക് പ്രതിഷ്ഠാഭൂതമായ ഈ ലോകത്തു തന്നെ സാമത്തെ പ്രതിഷ്ഠിക്കാം. എന്തെന്നാല്‍ സാമം പ്രതിഷ്ഠാരൂപത്തിലാണല്ലോ സ്തുതിക്കപ്പെടുന്നത് .”അതുവരെ ഇതെല്ലാം കേട്ടുകൊണ്ടിരുന്ന പ്രവാഹണന്‍ കര്‍ശനമായി പറഞ്ഞു.
”ശിലകാ, നീ സാമത്തെക്കുറിച്ച് ഇപ്പോള്‍ ഇവിടെ പറഞ്ഞത് ശരിയല്ല. ഈ സമയത്ത് ആരെങ്കിലും ഇതു കേട്ടിട്ട് നിന്റെ തല താഴെ വീഴട്ടെ എന്നു പറയുകയാണെങ്കില്‍ അത് സംഭവിക്കും.”
പ്രവാഹണന്റെ താക്കീത് ശിലകനെ അസ്വസ്ഥമാക്കി. അദ്ദേഹം കൂടുതല്‍ അറിയാന്‍ അഗ്രഹിച്ചു .
”ഞാന്‍ ഇക്കാര്യത്തില്‍ അങ്ങയില്‍ നിന്നും സത്യം അറിയാന്‍ ആഗ്രഹിക്കുന്നു.”
”അറിഞ്ഞുകൊള്ളുക” എന്ന് പ്രവാഹണന്‍ സമ്മതിച്ചു.
”ഈ ലോകത്തിന്റെ ഗതി (ആശ്രയം) എന്താണെന്ന് എനിക്കറിയണം.”
”ആകാശമാണ് ഈ ലോകത്തിന് ആശ്രയം. ?എന്തെന്നാല്‍ ഈ സമസ്തഭൂതങ്ങളും ആകാശത്തില്‍ നിന്നാണ് ഉണ്ടാകുന്നത്. ഒടുവില്‍ ഇവയെല്ലാം ആകാശത്തില്‍ തന്നെയാണ് ലയിക്കുന്നതും. ആകാശമാണ് എല്ലാത്തിലും വെച്ച് വലുത്. അതുകൊണ്ട് എല്ലാത്തിനും ആശ്രയമായിരിക്കുന്നത് ആകാശമാണ്. എല്ലാവരും ആകാശത്തെ ആശ്രയിക്കുന്നു.”
”ആകാശവും ഉദ്ഗീഥവും തമ്മില്‍ എന്തു ബന്ധമാണുള്ളത് ?
”രണ്ടും ഒന്നുതന്നെയാന്ന് ജ്ഞാനികള്‍ക്ക് ബോധ്യമാകും. ആകാശം കൊണ്ടറിയപ്പെടുന്നത് ഉദ്ഗീഥമാണ്.”
















