”’ആകാശവും ഉദ്ഗീഥവും ഒന്നെന്ന് എങ്ങനെ പറയാനാകും?”’യാഗങ്ങളില്‍ ഗീതം ചെയ്യപ്പെടുന്ന ഉദ്ഗീഥം ഓങ്കാരമാണ്. അതായത് പരബ്രഹ്മം. സമസ്ത ഭൂതങ്ങളും ആ ആത്മാവില്‍ നിന്നുണ്ടാകുന്നു. അന്ത്യത്തില്‍ അതില്‍തന്നെ വിലയം പ്രാപിക്കുന്നു. പരമോത്കൃഷ്ടവും അനന്തവുമാണ് ഓങ്കാരം അതുതന്നെ ഉദ്ഗീഥം. പരമാത്മഭൂതമായ ആകാശവും അതുതന്നെ. ആകാശതത്ത്വത്തില്‍ നിന്നാണ് വാക്കുണ്ടായിരിക്കുന്നത്. വാക്കു തന്നെ ഗീഥം. വാക്ക് ശബ്ദത്തെ ദ്യോതിപ്പിക്കുന്നതാണ്. ശബ്ദം ആകാശത്തില്‍ നിന്നുണ്ടാകുന്നതും ആകാശത്തില്‍ വിലയം പ്രാപിക്കുന്നതുമാകുന്നു. ആകാശം അനന്തവും പരമോത്കൃഷ്ടവുമാകുന്നു. ഇപ്രകാരം ഉദ്ഗീഥത്തെ ശരിയായിട്ടറിഞ്ഞ് ഉപാസിക്കുന്നവന്റെ ജീവിതം ധന്യമായിത്തീരുന്നു. അവന്‍ ഉത്തരോത്തരം ഉത്കൃഷ്ടങ്ങളെ ജയിക്കുന്നു.”
പ്രവാഹണനില്‍ നിന്ന് ഉദ്ഗീഥം ഗാനം ചെയ്യുന്നതിന്റെ തത്ത്വമറിഞ്ഞ ശിലകനും ദാല്ഭ്യനും വിസ്മിതരായി. പ്രാവാഹണന്റെ അറിവിനെ അവര്‍ പ്രശംസിച്ചു. മുതിര്‍ന്നവരും പരിചയസമ്പന്നരുമെന്ന നിലയില്‍ ശിലകനും ദാല്ഭ്യനും ഈ വിധം ഒരറിവ് പ്രവാഹണനില്‍ നിന്ന് പ്രതീക്ഷിച്ചിരുന്നില്ല.പ്രവാഹണന്‍ ഒരു ദൃഷ്ടാന്തം കൂടി പറഞ്ഞു കേള്‍പ്പിച്ചു.
”മുമ്പ് ശുനകപുത്രനായ അതിധന്വാവ് ഈ ഉദ്ഗീഥത്തെ ഉദരശാണ്ഡല്യനുവേണ്ടി ഉപദേശിച്ചു കൊടുത്ത് ഇപ്രകാരം പറഞ്ഞു. നിന്റെ വംശം ഈ ഉദ്ഗീഥത്തെപ്പറ്റി യഥാവിധി അറിയുന്നിടത്തോളം കാലം ഈ ലോകത്ത് അവരുടെ ജീവിതം ഉത്തരോത്തരം ഉത്കൃഷ്ടമായിക്കൊണ്ടിരിക്കും. അതു പോലെ പരലോകത്തും അവന് സര്‍വ്വോത്കൃഷ്ടമായ അനുഭവമുണ്ടാകും. ഈ ലോകത്തെ മനസ്സിലാക്കി ഉപാസിക്കുന്നവന്റെ ജീവിതം ഈ ലോകത്തും പരലോകത്തും സര്‍വോത്കൃഷ്ടമായ സ്ഥാനത്തെ പ്രാപിക്കും. അതിനാല്‍ നമുക്കും ഇനി അങ്ങനെ ചെയ്യാം.”
”പ്രവാഹണാ, നിന്റെ അപാരജ്ഞാനത്തിനുമുമ്പില്‍ നമസ്‌ക്കാരം. എല്ലാമറിയുന്ന നീ വിനയാന്വിതനായി മാറിയിരുന്നുകൊണ്ട് ഞങ്ങളുടെ വാക്കുകള്‍ കേട്ടു. പിന്നെ ഞങ്ങളെ ഉപദേശിച്ചു. ഈ അറിവ് ഞങ്ങള്‍ക്ക് പ്രചോദകമാണ്. നിനക്കു മംഗളം ഭവിക്കട്ടെ.” പ്രവാഹണനെ സുഹൃത്തുക്കള്‍ വന്ദിച്ചു.
”അങ്ങനെതന്നെ നിങ്ങള്‍ക്കും മംഗളം ഭവിക്കട്ടെ.” പ്രവാഹണന്‍ സന്തുഷ്ടനായി.
പരന്നൊഴുകുന്ന നദിയുടെ ഓളങ്ങള്‍ക്കിടയിലേയ്‌ക്ക് സൂര്യന്‍ ഊളിയിട്ടിറങ്ങാന്‍ നേരമായി. അവര്‍ മൂന്നുപേരും പരസ്പരം നമസ്‌ക്കരിച്ചിട്ട് എഴുന്നേറ്റു. സ്‌നാനാദികള്‍ക്കും നിത്യാനുഷ്ഠാനത്തിനും സമയമായതിനാല്‍ പാറപ്പുറത്തു നിന്നിറങ്ങി. ആശ്രമത്തിലേയ്‌ക്കു യാത്രയായി.
(നിലമ്പൂര്‍ ശ്രീരാമാനന്ദാശ്രമത്തിലെ സ്വാമി ധര്‍മാനന്ദ സരസ്വതി ക്രോഡീകരിച്ച ഈ ഉപനിഷത്ത് കഥകള്‍: കടപ്പാട്- ശ്രേയസ്)
















