നിറം മങ്ങിയ പരുക്കന്‍ കുപ്പായവും വെളുത്ത കുര്‍ത്തയും ധരിച്ച ഒരു വൃദ്ധന്. വെളുത്ത് മെല്ലിച്ച ശരീരം. സൗമ്യത നിറഞ്ഞ മുഖത്ത് വലിയ കണ്ണടകള്‍. തലയില്‍ അങ്ങിങ്ങായി നരച്ച മുടികള്‍. ഒറ്റനോട്ടത്തില്‍ത്തന്നെ ആര്‍ക്കും ബഹുമാനം തോന്നുന്ന ആകാരം. പ്രസിദ്ധ പ്രകൃതി ശാസ്ത്രജ്ഞന് ഡോ. മാധവ് ഗാഡ്ഗിലിന്റെ രൂപം ഇങ്ങനെയാണ്. പക്ഷേ സൗമ്യനായ ഈ മനുഷ്യന് വായ്തുറന്നാല്‍ നിക്ഷിപ്ത താല്പര്യക്കാര്ക്ക് ഭയമാണ്. രാഷ്ട്രീയ നേതാക്കള്‍ക്കും സംഘടിത മതമേധാവികള്‍ക്കും വനം കയ്യേറ്റ-കരിങ്കല്‍ മട മാഫിയകള്ക്കുമൊക്കെ പരിഭ്രാന്തിയാണ്. എന്തിനാണ് മാധവഗാഡ്ഗിലിനെ ഭയക്കുന്നത്?.
കാരണമുണ്ട്, ഡോ. ഗാഡ്ഗില്‍ സത്യം പറയും. അത് ശാസ്ത്രത്തിന്റെ മൂശയില്‍ വാര്‍ത്തെടുത്ത സത്യമായിരിക്കും. നിയമം വിട്ട് നടപ്പിലാക്കുന്ന വമ്പന്‍ പദ്ധതികളുടെയും വെട്ടിത്തകര്ക്കുന്ന ജൈവവൈവിധ്യത്തിന്റെയും പച്ചപ്പരമാര്ത്ഥമായിരിക്കും ആ വാക്കുകള്‍. വംശനാശം ഭയക്കുന്ന കാട്ടുജാതിക്കാരുടെയും മലമുഴക്കി വേഴാമ്പലുകളുടെയും കദനകഥകളായിരിക്കും ആ വാക്കുകളില്‍. സ്വന്തം ഊരുകളിലെ വമ്പന്‍ പദ്ധതിയുടെ ഭാവി തീരുമാനിക്കുന്നതിനുള്ള അവകാശം അന്നാട്ടുകാര്ക്കാണെന്ന് അദ്ദേഹം പറയും. പദ്ധതികളെക്കുറിച്ച് അധികാരികള്‍ കെട്ടിപ്പൊക്കിയ പെരുപ്പിച്ച കണക്കുകളിലെ കഥയില്ലായ്മ സൗമ്യമായ വാക്കുകള്‍ കൊണ്ട് പൊളിച്ചടുക്കും. പിന്നെ ഗാഡ്ഗിലിനെ പേടിക്കാതിരിക്കുന്നതെങ്ങനെ?
പശ്ചിമഘട്ട പരിസ്ഥിതി സംരക്ഷണത്തിനായുള്ള വിദഗ്ധ സമിതിയുടെ അധ്യക്ഷനെന്ന നിലയില്‍ ഡോ. ഗാഡ്ഗില്‍ കേട്ട വിമര്‍ശനങ്ങള്‍ക്ക് കയ്യുംകണക്കുമില്ല. കയ്യേറ്റക്കാരുടെ കയ്യില്‍പ്പെട്ട് പിടഞ്ഞുനശിക്കുന്ന പശ്ചിമഘട്ടത്തെ രക്ഷിക്കാന്‍ അടിയന്തിര നടപടി വേണമെന്ന് സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തതാണ് ആ വിമര്‍ശനങ്ങള്‍ക്ക് കാരണം.
നോക്കൂ! ഇത്തരം വിവാദങ്ങളില്‍ യാതൊരു കഴമ്പുമില്ല. പശ്ചിമഘട്ടത്തെ സംബന്ധിച്ച ഞങ്ങളുടെ പഠന റിപ്പോര്‍ട്ട് കണ്ണടച്ച് എതിര്‍ക്കുന്നതിനു പിന്നില്‍ മറ്റെന്തോ താല്പര്യങ്ങളാണ്. ഇക്കാര്യത്തില്‍ നിക്ഷിപ്ത താല്പര്യക്കാര് മാത്രമല്ല, അധികാരികളുമുണ്ട്. അവര്‍ റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ വളച്ചൊടിക്കുന്നു. സമൂഹത്തില്‍ തെറ്റിദ്ധാരണ പരത്തുന്നു. കൊച്ചി സര്‍വ്വകലാശാലയില്‍ പ്രഭാഷണത്തിനെത്തിയ ഗാഡ്ഗില്‍ അന്നൊരു സായാഹ്ന സവാരിക്കിടയില്‍ പറഞ്ഞു- ഗാഡ്ഗില്‍ റിപ്പോര്‍ട്ടിന്റെ മൂര്‍ച്ച കുറയ്ക്കുന്നതിന് ഡോ. കസ്തൂരിരംഗനെ അധ്യക്ഷനാക്കി പുതിയൊരു പശ്ചിമഘട്ട റിപ്പോര്‍ട്ട് കൊണ്ടുവന്നു. ‘ഡോ. കസ്തൂരിരംഗന്‍ എന്റെ സുഹൃത്താണ്. പക്ഷേ, ഞാന്‍ പറയട്ടെ – ആ റിപ്പോര്‍ട്ടിലെ കണക്കുകളിലും കണ്ടെത്തലുകളിലും ഏറെ അബദ്ധങ്ങളുണ്ട്. അതിലെ പല നിരീക്ഷണങ്ങളും ഭരണഘടനയുടെ മൗലിക തത്വങ്ങള്ക്കുപോലും എതിരാണ്’ നേര്‍ത്ത ശബ്ദത്തില്‍ അദ്ദേഹം തുടര്‍ന്നു.
ഗാഡ്ഗില്‍ കമ്മിറ്റിയുടെ ശുപാര്‍ശകള്‍ സഹിക്കാന്‍ കഴിയാത്ത നിരവധി വ്യക്തികളുണ്ട്. പശ്ചിമഘട്ട കമ്മറ്റിയുടെ കണ്ടെത്തലുകള്‍ വിശദീകരിക്കാന്‍ രത്നഗിരിയിലെ ഒരു പ്രമുഖകോളേജ് ഒരു പ്രഭാഷണം സംഘടിപ്പിച്ചു. ‘പക്ഷേ അന്നാട്ടിലെ രാഷ്ട്രീയ നേതാക്കളില്‍ ചിലര്‍ക്ക് അത് സഹിക്കാനായില്ല. അവര്‍ കോളേജ് മാനേജ്മെന്റിനെ ഭീഷണിപ്പെടുത്തി. ഒടുവില്‍ സമ്മേളനത്തിന്റെ തലേദിവസം അവരത് റദ്ദ് ചെയ്തു’. അദ്ദേഹം ഓര്‍മ്മിച്ചു.
പക്ഷേ ഇത്തരം ഭീഷണികളൊന്നും ഇന്‍ഡ്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സിലെ ഈ മുന്‍ പ്രൊഫസറെ തെല്ലൂം തളര്‍ത്തിയില്ല. അദ്ദേഹം പരിസ്ഥിതിക്കായി നിരന്തരം പ്രസംഗിക്കുന്നു, പ്രവര്‍ത്തിക്കുന്നു. മറാഠിയിലും ഇംഗ്ലീഷിലും തുടര്‍ച്ചയായി എഴുതുന്നു. പിതാവിന്റെ പ്രകൃതി സ്നേഹമാണ് തനിക്ക് ലഭിച്ചതെന്ന് ഗാഡ്ഗില്‍ വിശ്വസിക്കുന്നു. അദ്ദേഹത്തിന് പൂനയില്‍ ഒരുകാലത്തുണ്ടായിരുന്ന ഓറഞ്ച് തോട്ടമാണ് തന്നെ പ്രകൃതിയുടെ മടിത്തട്ടിലേക്കടുപ്പിച്ചതെന്ന് കരുതുന്നു. കര്‍ണ്ണാടക മുന്‍ ധനമന്ത്രിയും പ്രസിദ്ധ ഫോട്ടോഗ്രാഫറുമായ ഘോര്പഡെയ്ക്കൊപ്പം നടത്തിയ വനയാത്രകള്‍ തന്റെ വന്യസ്നേഹത്തിന് ഊടും പാവും പകര്‍ന്നു.
അതുകൊണ്ടാണ് കാടിനും കാട്ടുമൃഗങ്ങള്‍ക്കും കാട്ടുവാസികള്ക്കും ജീവജലത്തിനും നേര്‍ക്കുയരുന്ന ഭീഷണികള്‍ക്കെതിരെ അദ്ദേഹം സദാ പടയ്ക്കൊരുങ്ങുന്നത്. അതുതന്നെയാവണം കേരളത്തിന്റെ ആതിരപ്പള്ളി വൈദ്യൂതപദ്ധതിയില് അദ്ദേഹത്തിന് താല്പര്യം ജനിക്കാനുണ്ടായ കാരണവും. ‘ഈ പദ്ധതി നടപ്പിലാക്കുന്നതിന് യാതൊരു ന്യായീകരണവുമില്ല. പദ്ധതിക്കുവേണ്ട ജലം സംബന്ധിച്ച കണക്കുകള്‍ ഊതിപ്പെരുപ്പിച്ചതാണ്. പദ്ധതിരേഖയിലെ പലനിഗമനങ്ങളും തെറ്റാണ്. പദ്ധതി നടപ്പിലാക്കിയാല്‍ നശിക്കുക സംസ്ഥാനത്ത് ശേഷിക്കുന്ന അത്യപൂര്‍വ്വമായ പുഴയോരവനവും അതിനുള്ളിലെ ജൈവവൈവിധ്യവുമാണ’്. ഗാഡ്ഗില്‍ പറയുന്നു. ‘നിര്‍ദ്ദിഷ്ട പദ്ധതി പ്രദേശത്തെ വനവാസികളുടെ ഭരണഘടനാപരമായ അവകാശങ്ങള്‍ മാനിക്കാന്‍ സര്‍ക്കാരിന് ബാധ്യതയുണ്ട’്. പദ്ധതിയുടെ സാധ്യതയില്ലായ്മ 2010ല്‍ തന്നെ തനിക്ക് ബോധ്യപ്പെട്ടതാണെന്നും ഗാഡ്ഗില്‍ പറയുന്നു.
പരിസ്ഥിതി സംബന്ധമായി രാജ്യത്ത് നടക്കുന്ന സമസ്ത ചലനങ്ങളെയും ഈ ശാസ്ത്രജ്ഞന് സദാ നിരീക്ഷിച്ചുകൊണ്ടിരിക്കുന്നു. 2011 ല്‍ അസംബ്ലി പാസാക്കിയ പ്ലാച്ചിമട ഇരകള്‍ക്കായുള്ള നഷ്ടപരിഹാര ട്രിബ്യൂണല്‍ ബില്‍ പ്രസിഡന്റിന്റെ അനുമതിക്കായി വീണ്ടും അയക്കാത്തത് എന്തുകൊണ്ടെന്ന് അദ്ദേഹം ആരായുന്നത് അതിനാലാണ്. പങ്കാളിത്ത ജനാധിപത്യത്തില്‍ തങ്ങള്‍ക്കുചുറ്റുമുള്ള പരിസ്ഥിതിയെക്കുറിച്ച് അഭിപ്രായം രൂപീകരിക്കാന്‍ അന്നാട്ടുകാര്‍ക്ക് അവകാശമുണ്ടെന്നു പറയുന്നത് അതുകൊണ്ടാണ്.
പരിസ്ഥിതി സംരക്ഷണത്തിന് ഊന്നല്‍ നല്കുന്ന ഗാഡ്ഗിലിന്റെ മറാഠി ഗ്രന്ഥം ഉടന്‍ പുറത്തിറങ്ങും തന്റെ പരിസ്ഥിതി ജീവിതയാത്രകള്‍ കുറിക്കുന്ന ഒരു ആത്മകഥയാണ് ഈ മഹാശാസ്ത്രജ്ഞന്റെ അടുത്ത ലക്ഷ്യം. – കടന്നുവന്ന ഇരുട്ടില്‍ കാമ്പസിലെ സന്ധ്യ ഇരുണ്ട് മറയുമ്പോള്‍ ഗാഡ്ഗില്‍ വിടചൊല്ലി-വീണ്ടും കാണാം. അദ്ദേഹത്തിന്റെ വാക്കുകള്‍ തികച്ചും അര്‍ത്ഥവത്താണ്, എവിടെയൊക്കെ പരിസ്ഥിതിക്ക് ഭ്രംശം സംഭവിക്കുന്നുവോ, എവിടെയൊക്കെ പ്രാദേശിക സമൂഹങ്ങളുടെ അവകാശങ്ങള്‍ കവര്ന്നെടുക്കപ്പെടുന്നുവോ, അവിടെയെല്ലാം ഡോ. ഗാഡ്ഗിലിനെ കാണാം. വീണ്ടും വീണ്ടും കാണാം….
പ്രതികരിക്കാൻ ഇവിടെ എഴുതുക: