കാലടി എന്നു കേള്‍ക്കുമ്പോള്‍ ഒരാചാര്യന്റെ സ്മരണയിലേക്ക് നാം തിടംവെച്ചു തുള്ളിയുണരില്ലേ? കാലടിയുടെ ഗരിമയും പൊലിമയും ലോകത്തിനു മുമ്പില്‍ എങ്ങനെയൊക്കെ അവതരിപ്പിക്കപ്പെട്ടു എന്നതിനെക്കുറിച്ച് പറയാനാവില്ല. ദിഗ്വിജയത്തിന്റെ പാരമ്പര്യപ്പെരുമയിലേക്ക് ആ പ്രോജ്വല വ്യക്തിത്വത്തെ എടുത്തുയര്‍ത്തിയത് എന്താണ്? ഇന്നും ശങ്കരാചാര്യര്‍ എന്നു പറയുമ്പോള്‍ ഒരു കോരിത്തരിപ്പിക്കുന്ന അനുഭവം നമ്മില്‍ നിറഞ്ഞു തുളുമ്പുന്നത് എന്തുകൊണ്ടാണ്? ചോദ്യങ്ങള്‍ ഉത്തരങ്ങളുടെ ഉള്‍പ്പിരിവുകളിലേക്ക് ഊളിയിടുമ്പോള്‍ ആ പെരുമ പുലര്‍ത്തുന്ന മറ്റേതൊക്കെ കേന്ദ്രങ്ങളുണ്ട് എന്ന് ആലോചിച്ചിട്ടുണ്ടോ? കേരളത്തിന്റെ മണ്ണും മനസ്സും ശങ്കരസ്മൃതികളില്‍ തുടിച്ചു നില്ക്കുമ്പോള് ഇങ്ങ് വടക്ക് ഇതാ ഒരാചാര്യന് വേദത്തിന്റെ കനകകാന്തിയെന്തെന്നും അത് എങ്ങനെയാണ് മാനവികതയ്ക്കുവേണ്ടി കൃതാര്‍ഥാഭരിതമായി ആസ്വദിക്കേണ്ടതെന്നും പറഞ്ഞുതരുന്നു; അനുഭവിപ്പിച്ചു തരുന്നു.
കോഴിക്കോട് നഗരഹൃദയത്തിലുള്ള കാശ്യപാശ്രമത്തിന്റെ ആചാര്യനായ എം. ആര്. രാജേഷ് തന്റെ പ്രവര്‍ത്തന പന്ഥാവ് ഒരു വിശാലസ്ഥലിയിലേക്ക് കൊണ്ടുപോവുകയാണ്. അറിവിന്റെ അങ്ങേയറ്റം എന്നൊരു സംഗതിയില്ല എന്ന് നമുക്കറിയാം. അറിയുന്തോറും കൂടുതല്‍ അറിയാനുള്ള മാനസിക ഭാവമാണ് അറിവിന്റെ ജീവന്. ആ ജീവന് നില നിര്‍ത്താന്‍ നമുക്ക് അക്ഷയഖനിപോലെ വേദമുണ്ട്. വേദഭഗവതിയുടെ കൃപാകടാക്ഷം കിട്ടാന്‍ ഏറ്റവും എളുപ്പമാര്‍ഗം വേദത്തിലേക്ക് കടന്നിരിക്കുക എന്നതാണ്. വേദം വെളിച്ചമാണ്. ആ വെളിച്ചം സ്വീകരിക്കാനും പകര്‍ന്നു കൊടുക്കാനും എന്തെങ്കിലും മാനദണ്ഡങ്ങളുണ്ടോ എന്നാണ് ചോദ്യമെങ്കില്‍ ഉത്തരം താല്പര്യം മാത്രമാണെന്ന് ആചാര്യശ്രീ രാജേഷ് പറയും. അറിവിന്റെ അപാരതയിലേക്ക് അദ്ദേഹം ആരെയും കൈപിടിച്ചു കൊണ്ടുപോകും. ജാതിയോ മതമോ വര്‍ണമോ വര്‍ഗമോ അക്കാര്യത്തില്‍ ബാധകമല്ല. അറിവു വേണമെന്ന അഭിവാഞ്ഛയുണ്ടെങ്കില്‍ ആര്‍ക്കും വേദഭഗവതിയുടെ കടാക്ഷം ലഭിക്കുക തന്നെ ചെയ്യും.
ഗൃഹസ്ഥാശ്രമിയായി തന്നെ സാധനാബദ്ധമായ പവിത്രലോകത്ത് ആര്‍ക്കും പ്രാപ്യമായി അദ്ദേഹം പ്രവര്‍ത്തനം തുടരുന്നു. വേദത്തിന്റെ ഉള്‍പ്പൊരുള്‍ അന്വേഷിക്കുന്നവര്‍ക്കു മുമ്പില്‍ ഹിമാലയ ശൃംഗത്തിന്റെ ഗരിമയോടെയും ഗംഗയുടെ വിശുദ്ധിയോടെയും അദ്ദേഹം വിനീതനാവുന്നു. ആയിരങ്ങളാണ് അദ്ദേഹത്തിന്റെ വാഗ്ധോരണിക്കു മുമ്പില്‍ ഉള്‍പ്പുളകത്തോടെയിരിക്കുന്നത്. വേദപഠനത്തിനു വേണ്ടി ഇപ്പോഴുള്ള സ്ഥലം പരിമിതമാണെന്ന് അറിഞ്ഞതു മുതല്‍ അതിനുവേണ്ടിയുള്ള പരിശ്രമത്തിലായിരുന്നു. വേദപഠന പദ്ധതിയുടെ ഓരോ കോഴ്സ് തുടങ്ങുമ്പോഴും സ്ഥലപരിമിതിയുടെ വീര്‍പ്പുമുട്ടല്‍ വല്ലാതെ അനുഭവിച്ചു. പരിഹാരത്തിനുള്ള നിസ്തന്ദ്രമായ പ്രവര്‍ത്തനങ്ങള്‍ക്കൊടുവില്‍ കോഴിക്കോട് നഗരത്തില്‍ നിന്ന് പതിനാറ് കിലോമീറ്ററിനപ്പുറം പ്രകൃതി സുന്ദരമായ ഒറ്റത്തെങ്ങ് ഗ്രാമത്തില്‍ ശില്പസുന്ദരമായ ഒരു കെട്ടിടം ഉയര്‍ന്നിരിക്കുന്നു: മഹാശയ് ധരംപാല്‍ എംഡിഎച്ച് വേദ റിസേര്‍ച്ച് ഫൗണ്ടേഷന്. വേദം പോലെ സമഗ്രസുന്ദരവും സാരവത്തുമായ ഒരു കേന്ദ്രം. ആ വേദ മഹാമന്ദിരത്തിന്റെ ഉദ്ഘാടനം ഇന്ന്് നടക്കുകയാണ്.
വേദങ്ങളെയാണ് അറിവിന്റെ ആദ്യ സ്രോതസ്സായി ഭാരതീയ ഋഷിമാര്‍ കണ്ടത്. അനുഭവിച്ചറിഞ്ഞതിന്റെ പ്രസാദം എന്ന നിലയ്ക്കാണ് എക്കാലത്തെയും തലമുറകള്‍ക്കായി അവര്‍ സ്ഫുടം ചെയ്ത് അവ കരുതിവെച്ചത്. അതിനാല്‍ തന്നെ ഫലേച്ഛ മാത്രമുള്ള ആധുനിക സമൂഹത്തിനു മുമ്പില്‍ അവര്‍ വിസ്മയത്തിന്റെ ഹിമാലയമായി നിലകൊള്ളുന്നു. അവരുടെ പ്രോജ്വല പാരമ്പര്യത്തിന്റെ കെടാവിളക്കുമായാണ് നമ്മുടെ കാലത്തിന്റെ കരുതിവെപ്പുമായി ആചാര്യശ്രീ രാജേഷ് യാത്ര തുടരുന്നത്. ഗുരുകുലവിദ്യാഭ്യാസത്തിന്റെ പ്രൗഢോജ്വലമായ മുഖശോഭ കണ്ടും അനുഭവിച്ചും പകര്‍ന്നുകൊടുത്തും അനല്പമായ അറിവിന്റെ ആഴങ്ങള്‍ സ്വായത്തമാക്കിയ ഈ ആചാര്യന് തന്നെപ്പോലെയും തന്നെക്കാള്‍ ഉയര്‍ന്നുമുള്ള ശിഷ്യഗണങ്ങളെ വാര്‍ത്തെടുക്കാനാണ് അന്യാദൃശമായ ഒരു സംവിധാനം രൂപപ്പെടുത്തിയെടുത്തിരിക്കുന്നത്. കര്‍മം ചെയ്യലാണ് നമ്മുടെ ചുമതലയെന്ന് ഉദ്ഘോഷിക്കുന്ന മഹിതപാരമ്പര്യത്തിന്റെ ഈ പിന്തുടര്ച്ചയെ അറിഞ്ഞും അനുഭവിച്ചും അടുത്തണയുന്നവര്‍ ദിനംപ്രതി വര്‍ധിക്കുകയാണ്. അവരെക്കൂടി ഉള്‍ക്കൊള്ളാനാണ് വേദമഹാമന്ദിരം സ്ഥാപിതമാവുന്നത്. ഹിന്ദു ധര്‍മ്മത്തിന്റെ സമസ്ത ഭാഗങ്ങളെയും ക്രമത്തില്‍ പഠിപ്പിക്കാന്‍ കെല്‍പ്പുള്ള ആചാര്യന്മാരെ വാര്‍ത്തെടുക്കാനുള്ള മഹത് ലക്ഷ്യം ഇവിടെ പാലില്‍ വെണ്ണ പോലെ ഉള്‍ച്ചേര്‍ന്നു കിടക്കുന്നു.
ശാസ്ത്രീയമായി വേദം പഠിക്കുക, ഗവേഷണം നടത്തുക, ഭാരതീയതയെപ്പറ്റിയും സംസ്കാരത്തെപ്പറ്റിയും യുക്തിസഹമായി അനുഭവിച്ചറിയുക തുടങ്ങി വേദത്തിന്റെ സമഗ്രതലങ്ങളിലേക്ക് തീര്‍ഥാടനം നടത്താന്‍ ഇവിടെ സാധിക്കും. അപൂര്‍വങ്ങളായ ഗ്രന്ഥങ്ങളും മറ്റ് സാമഗ്രികളും ഒരുക്കിയിട്ടുണ്ട്. ഏതാണ്ട് 50,000 ഗ്രന്ഥങ്ങളുടെ ഡിജിറ്റല്‍ ലൈബ്രറി, മൂവായിരം പേര്‍ക്കിരിക്കാവുന്ന ഓഡിറ്റോറിയം, ആചാര്യന്മാര്ക്കു താമസിക്കാന്‍ വില്ലകള്‍, യജ്ഞശാല, വീഡിയോ കോണ്‍ഫറന്‍സിംഗ് സൗകര്യം എന്നിവയും ഇവിടെയുണ്ട്. കെട്ടിടത്തിലേക്കുള്ള വഴി മുതല്‍ യജ്ഞശാല വരെയുള്ളിടങ്ങളില്‍ കാല് പതിയുമ്പോള്‍ സമര്‍പ്പണത്തിന്റെയും ആത്മാര്‍ത്ഥതയുടെയും അനേകായിരം കൈയൊപ്പുകള്‍ കാണാം.
മനസ്സുണ്ടെങ്കില്‍ വഴിയുണ്ട് എന്നതിന്റെ സമകാലിക നിദര്‍ശനമാണ് ഒറ്റത്തെങ്ങിലെ വേദമഹാമന്ദിരം. പൂനൂര്‍പുഴയോരത്തെ ഈ കേന്ദ്രത്തില്‍ ഒരഞ്ചു മിനിട്ട് ചെലവഴിച്ചാല്‍ പോലും നമ്മുടെ മനസ്സും ശരീരവും ശാന്തമാവും. അലൗകികമായ ഒരനുഭൂതി ആയിരം കൈകളോടെ നിങ്ങളെ കെട്ടിപ്പുണരും. നമ്മുടെ പൈതൃകവും സംസ്കാരവും എങ്ങനെ പരുവപ്പെട്ടുവെന്നും പിന്നീട് അതില്‍ നിന്ന് നാം വേര്‍പെട്ടുപോയതുകൊണ്ട് എന്തൊക്കെ അസ്വാസ്ഥ്യങ്ങളില് നമുക്ക് കഴിയേണ്ടിവന്നുവെന്നും മനസ്സിലാക്കാന്‍ സാധിക്കുമെന്നതാണ് എടുത്തുപറയേണ്ടത്. നമ്മുടെ സാംസ്കാരിക ധാരകളെ മുച്ചൂടും നശിപ്പിക്കാന്‍ അജണ്ടാധിഷ്ഠിത നിലപാടുകളുമായി കാത്തിരിക്കുന്നവര്‍ക്ക് പ്രതിരോധത്തിന്റെ ചെങ്കോട്ടയാവുകയാണ് കാശ്യപ വേദ റിസര്‍ച്ച് ഫൗണ്ടേഷനും അതിന്റെ നേതൃത്വത്തില്‍ ഇന്ന് ഉദ്ഘാടനം ചെയ്യപ്പെടുന്ന വേദമഹാ മന്ദിരവും.
വര്‍ഷങ്ങള്‍ക്കു മുമ്പ് അഞ്ചെട്ട് പഠിതാക്കളുമായി കോഴിക്കോട് ജില്ലയിലെ ബാലുശ്ശേരിയില്‍ ആരംഭിച്ച ആചാര്യ രാജേഷിന്റെ വേദത്തിലൂടെയുള്ള യാത്ര ഗംഗാപ്രവാഹം പോലെ സാരസര്‍വസ്വമായി തുടരുകയാണ്. ജാതി മത വര്‍ഗ ലിംഗ വ്യത്യാസമില്ലാതെ ആയിരങ്ങള്‍ അദ്ദേഹത്തിനൊപ്പം ചേരുന്നു. അന്യന്റെ അന്നനാളം കീറിമുറിച്ച് അധീശത്വം നേടുകയല്ല നൂറ് കൈകൊണ്ട് സമ്പാദിച്ച് ആയിരം കൈകൊണ്ട് ദാനം ചെയ്യുകയാണ് വേണ്ടതെന്ന് ആചാര്യശ്രീ പറഞ്ഞുകൊടുക്കുന്നു. അതുകൊണ്ട് തന്നെ ആ സന്ദേശം കടല്‍ കടന്നും കരുത്താര്‍ജ്ജിക്കുന്നു.
അറിവിന്റെ മഹാസാഗരത്തില്‍ മുങ്ങിക്കുളിച്ച് നിര്‍വൃതി നേടാന്‍ ഇനി അതിസുന്ദരമായ ഒരു കേന്ദ്രം കൂടി ഉണ്ടാവുന്നു എന്നത് വിശ്വാസികള്‍ക്ക് എത്രമാത്രം ആനന്ദം നല്‍കുമെന്ന് പറഞ്ഞറിയിക്കേണ്ടതില്ല. കാലടി എന്നു കേള്‍ക്കുമ്പോള്‍ നമ്മളില്‍ തിടംവെച്ചു തുള്ളുന്ന ആഹ്ലാദപ്പൂത്തിരിക്ക് ഒപ്പം ഇനി ഒറ്റത്തെങ്ങും സ്ഥാനം പിടിക്കും. മനുഷ്യനില്‍ നിന്ന് മനീഷിയിലേക്കുള്ള ദൂരം കുറഞ്ഞുകുറഞ്ഞു വരുന്നത് ഒറ്റത്തെങ്ങിലെത്തി ആചാര്യശ്രീയെ കാണുമ്പോള്‍ ആര്‍ക്കും അനുഭവിക്കാനാവും. എന്നാല്‍ ആ മനീഷി ഏവര്‍ക്കുമൊപ്പം കളിചിരിയില്‍ ഏര്‍പ്പെട്ടു നില്‍ക്കുന്നത് എത്ര ആഹ്ലാദപ്രദം! വേദമഹാമന്ദിരത്തിന്റെ പരിപൂതമായ ചടങ്ങിന് മുമ്പില്‍ കാലികവട്ടത്തിന്റെ ദീര്‍ഘ നമസ്കാരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: