രണ്ട് വൈരുദ്ധ്യ നിറങ്ങളെയാണ് ബ്ലാക് ആന്‍ഡ് വൈറ്റ് സൂചിപ്പിക്കുന്നതെങ്കിലും മറ്റു ബഹുവര്‍ണ നിറങ്ങള്‍ക്കിടയില്‍ ഏറ്റവും യോജിപ്പും ഒത്തൊരുമയും പ്രകടപ്പിക്കുന്നവയുമാണിവ. ഇരു നിറങ്ങളും സംയോജിക്കുന്ന പശ്ചാത്തലത്തിനു പ്രകൃതി സീബ്രാ എന്നു പേരു നല്കി. സീബ്രാവരകളിലൂടെ ആധുനിക മനുഷ്യന് പകലും രാത്രിയും നടന്നു.
മനുഷ്യ ജീവിതത്തിന്റെ നന്മയും തിന്മയും തരം തിരിച്ചതും ഈ രേഖകള്‍തന്നെ. ഇത്തരത്തില്‍ കുഴഞ്ഞു മറിയുന്ന ജീവിത സമ്മര്ദങ്ങളില്പ്പെട്ട് ഉഴലുന്ന അച്ഛന്റെയും മകളുടെയും കഥ പറഞ്ഞ് പുതുതലമുറയിലെ സംവിധായകനായ സജി ലാല്‍ സീബ്രാവരകള്‍ എന്ന ചിത്രവുമായി മലയാളികളുടെ മുന്നില്‍ വീണ്ടുമെത്തുന്നു. ആഗസ്റ്റില്‍ അമേരിക്ക ഉള്‍പ്പടെ 140 കേന്ദ്രങ്ങളില്‍ സീബ്രാവരകള്‍ റിലീസ് ചെയ്യാനാണ് ഉദ്ദേശിക്കുന്നത്. ഇതിന്റെ പ്രാരംഭപ്രവര്‍ത്തനങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നു.
കുട്ടികളുടെ ചിത്രമായ ക്രയോണ്‍സ്, സമകാലിക വിഷയം പറയുന്ന താങ്ക്യൂ വെരിമച്ച് എന്നിവയ്ക്കു ശേഷം സജിലാലിന്റെ മൂന്നാമത് ചിത്രം ഒരുങ്ങുകയാണ്. ദുബായില്‍ 180 ഓളം സ്റ്റേജ് ഷോകള്‍, നാലോളം സീരിയലുകള്‍, ആഡ് ഫിലിംസ്, ഷോര്‍ട്ട് ഫിലിം തുടങ്ങി ഈ രംഗത്ത് വര്‍ഷങ്ങളോളം പ്രവര്‍ത്തിച്ചുള്ള അനുഭവ സമ്പത്തും ഇദ്ദേഹത്തിനുണ്ട്. സീബ്രാവരകള്‍ എന്ന സിനിമയുടെ കൂടുതല്‍ വിവരങ്ങളും മലയാള സിനിമയില്‍ യുവതലമുറ സംവിധായകര്‍ നേരിടുന്ന വെല്ലുവിളികളും സജിലാലിന്റെ വാക്കുകളില്‍ നിറഞ്ഞു.
സീബ്രാവരകള്‍ എന്ന ചിത്രമെടുക്കാനുള്ള പ്രേരണ എന്തായിരുന്നു?
ജെ. സേവ്യര്‍ എന്ന മാധ്യമപ്രവര്ത്തകന് എഴുതിയ നോവലാണ് സീബ്രാവരകള്‍. സാധാരണ ഒരു നോവല്‍ സിനിമയാകുമ്പോള്‍ ഉള്ള നേരിയമാറ്റങ്ങള്‍ ഇതിലും ഉണ്ട്. ജന്മഭൂമി ചീഫ് എഡിറ്റര്‍ ലീലാ മേനോന് അഭിനയിക്കുന്നുണ്ടെന്ന സവിശേഷതയും ഈ സിനിമയ്ക്കുണ്ട്.
സീബ്രാവരകള്‍ ഏതെല്ലാം മേഖലകളെ സ്പര്‍ശിക്കുന്ന സിനിമയാണ്?
സാമൂഹിക പ്രസക്തിയുള്ള ചിത്രമാണിത്. പാര്‍ട്ടി സെക്രട്ടറിയായ അച്ഛനും മാധ്യമ പ്രവര്‍ത്തകയായ മകള്‍ക്കുമിടയിലെ യാഥാര്‍ത്ഥ്യപൂര്‍ണമായ ജീവിത സംഘര്‍ഷങ്ങളിലൂടെയാണ് കഥ പറഞ്ഞുപോകുന്നത്. സിനിമാക്കാരും മാധ്യമപ്രവര്‍ത്തകരും രാഷ്ട്രീയക്കാരും മനപൂര്‍വ്വമല്ലാതെ മറന്നുപോകുന്ന ജീവിതത്തെ ഈ ചിത്രം തുറന്നുകാണിക്കുന്നു. ഇവര്‍ തൊഴിലുമായി പുറത്തു പോകുമ്പോള്‍ മക്കള്‍ക്ക്, ഭാര്യക്ക്, മാതാപിതാക്കള്‍ക്ക് ഇവരെ നഷ്ടമാകുന്നു. അവര്‍ കുടുംബവുമായി ചിലവഴിക്കുന്ന സമയം അപൂര്‍വ്വമായിരിക്കും. അടിയന്തരാവസ്ഥ കാലത്തെ പീഡനാനുഭവങ്ങളിലൂടെയും കുറച്ചു ദൂരം സിനിമ സഞ്ചരിക്കുന്നുണ്ട്.
അടുത്തകാലത്തായി രാഷ്ട്രീയ പശ്ചാത്തലത്തിലുള്ള സിനിമകള്‍ കൂടുതലായി വരുന്ന പ്രവണത കാണുന്നുണ്ട്. ഇതും ഒരു രാഷ്ട്രീയ സിനിമയാണോ?
സീബ്രാവരകള്‍ ഒരു രാഷ്ട്രീയ സിനിമയല്ല. എന്നാല്‍ ഇതില്‍ രാഷ്ട്രീയം പറയുന്നുണ്ട്. അതോടൊപ്പം തന്നെ കുടുംബബന്ധങ്ങള്‍ക്കുള്ളിലെ ഏറ്റക്കുറച്ചിലുകളും.
മലയാളസിനിമയിലെ അത്ര സുപരിചിതങ്ങളായ മുഖങ്ങളല്ലല്ലോ സീബ്രാവരകളിലുള്ളത്?
തമിഴ് നടന് രാജ ഇതില്‍ പ്രധാന കഥാപാത്രമാണ്. ഇദ്ദേഹം അഭിനേതാവും ഒന്‍പതോളം തമിഴ് സിനിമകള്‍ സംവിധാനവും ചെയ്തിട്ടുമുണ്ട്. കൂടാതെ മേഘ്നാരാജ്, പുതിയനിയമം സിനിമയിലെ ഷീലു എബ്രഹാം, വൈഗ, കോട്ടയം പ്രദീപ് എന്നിങ്ങനെ മലയാളിക്ക് സുപരിചിതരായ ഒരുപിടി അഭിനേതാക്കള്‍ ഈ സിനിമയില്‍ ഉണ്ട്.
സിനിമയിലെ ഗാനങ്ങള്‍?
സുകുമാരന്‍ അഭിനയിച്ച അട്ടഹാസം എന്ന ചിത്രത്തില്‍ ബാലതാരമായി അഭിനയിച്ചാണ് എന്റെ സിനിമാ പ്രവേശം. ഈ ചിത്രത്തിലെ ഗാനമാണ്് കെ.എസ്. ചിത്ര ആദ്യമായി പാടിയതും. വര്‍ഷങ്ങള്‍ക്ക് ശേഷം സീബ്രാവരയില്‍ ചിത്ര പാടാന്‍ എത്തിയത് നിയോഗം പോലെയാണ് ഞാന്‍ കാണുന്നത്. പെരുമ്പാവൂര്‍ രവീന്ദ്രനാഥ് ഏറെകാലത്തിന് ശേഷം സംഗീതം ചെയ്യുന്നു എന്ന സവിശേഷതയും ഈ സിനിമയ്ക്കുണ്ട്. രാജീവ് ആലുങ്കലാണ് ഗാനരചന. യേശുദാസും ചിത്രയും രണ്ട് പാട്ടുകള്‍ പാടുന്നുമുണ്ട്.
മലയാള സിനിമയില്‍ പുതിയ നടന്മാരോ സംവിധായകരോ കടന്നുവരുന്നതിനെ തടഞ്ഞുകൊണ്ട് സൂപ്പര്‍താരങ്ങളുടെ അപ്രമാദിത്വം നിലനില്‍ക്കുന്നുണ്ടോ?
നല്ല സിനിമകളെ ഇരുകൈയും നീട്ടി സ്വീകരിക്കുന്ന പ്രവണതയാണ് മലയാളിക്ക് ഇന്നുള്ളത്. സൂപ്പര്‍ താരങ്ങള്‍ ആരും ഇല്ലാതെയാണ് പുതിയ ന്യൂജനറേഷന് സിനിമകള്‍ വിജയിക്കുന്നത്. നല്ല സംവിധാനവും നല്ല കഥയും അഭിനയിക്കാന്‍ അറിയാവുന്ന അഭിനേതാക്കളും ഉണ്ടെങ്കില്‍ ഒരു സിനിമ വിജയിക്കുമെന്ന അവസ്ഥയാണ് ഈ കാലഘട്ടത്തിലുള്ളത്. ചെറിയ സിനിമയ്ക്കും പുതുമുഖങ്ങള്‍ക്കും നല്ല സമയമാണ് ഇപ്പോള്‍.
നടി അക്രമിക്കപ്പെട്ട സംഭവത്തെ തുടര്‍ന്ന് മലയാള സിനിമ മേഖലയിലെ ഗുണ്ടകളുടെ ബന്ധത്തെപ്പറ്റി ഏറെ ചര്‍ച്ച ചെയ്യപ്പെട്ടല്ലോ?
സിനിമയില്‍ ഗുണ്ടകളുടെ സാമീപ്യം ഉണ്ടെന്ന് പറയുന്നത്് പത്രമാധ്യമങ്ങളാണ്. ഫെഫ്കയില്‍ അംഗമായവര്‍ക്കു മാത്രമെ സിനിമയില്‍ പ്രവര്‍ത്തിക്കാന്‍ സാധിക്കുകയുള്ളു. ഒരു സിനിമാ സെറ്റില്‍ നിന്നുള്ള യാത്രയ്ക്കിടയിലല്ല നടി ആക്രമിക്കപ്പെട്ടത്. ആഡ് ഫിലിം ഷൂട്ട് കഴിഞ്ഞ് ഡബ്ബിങിന് വേണ്ടി വന്നപ്പോഴാണ് നടിക്ക് ഇത്തരത്തില്‍ ദുരനുഭവം ഉണ്ടായത്. അതുകൊണ്ടുതന്നെ സിനിമയേയും സിനിമാക്കാരേയും ഗുണ്ടകളോട് ചേര്‍ത്ത് വായിക്കുന്നത് ശരിയല്ല.
പുതിയ സംവിധായകരുടെ സിനിമകള്‍ പ്രദര്‍ശിപ്പിക്കാന്‍ തിയേറ്ററുകള്‍ കിട്ടുന്നില്ലെന്ന ആക്ഷേപമുണ്ടല്ലോ?
ശരിയാണ്. ചെറിയ സിനിമകള്‍ എടുക്കുന്ന പുതിയ തലമുറയില്‍പെട്ട സംവിധായകര്‍ക്കും നിര്‍മാതാക്കള്‍ക്കും തിയേറ്റര്‍ ലഭിക്കുന്നില്ലെന്നത് സത്യമാണ്. കേരള സര്‍ക്കാരിന്റെ കീഴിലെ കെഎസ്എഫ്ഡിസി തിയേറ്റര്‍ പോലും അവരുടെ പാക്കേജില്‍ ചെയ്ത സിനിമ പോലും പ്രദര്‍ശിപ്പിക്കാന്‍ അവസരം നിഷേധിക്കുന്ന സ്ഥിതിയാണ് ഇന്നുള്ളത്.
ഇത്തരത്തിലുള്ള അനുഭവം യുവസംവിധായകന് എന്ന നിലയ്ക്ക് നേരിടേണ്ടി വന്നിട്ടുണ്ടോ?
എന്റെ ആദ്യത്തെ സിനിമയായ ക്രയോണ്‍സ് രണ്ടു പ്രാവിശ്യം റിലീസിംഗ് മാറ്റിവയ്ക്കേണ്ടി വന്നു. റിലീസിംഗ് ഡേറ്റ് ലഭിച്ചതിന് ശേഷം പെട്ടന്ന് കെഎസ്എഫ്ഡിസി വിളിച്ചു പറഞ്ഞു അടൂര്‍ ഗോപാലകൃഷ്ണന്റെ സിനിമ റിലീസ് ചെയ്യണം അതുകൊണ്ട് നിങ്ങളുടെ സിനിമ റിലീസ് ചെയ്യാന്‍ പറ്റില്ലാ എന്ന്. തിരുവനന്തപുരം, ആലപ്പുഴ, തൃശൂര്‍, കോഴിക്കോട് എന്നീ ജില്ലകളിലാണ് കെഎസ്എഫ്ഡിസിയുടെ തിയേറ്ററുകള്‍ ഉള്ളത്. ഇതില്‍ തിരുവനന്തപുരത്തുള്ള ഒരു തിയേറ്റര്‍ മാത്രമാണ് റിലീസിങ്ങിന് ലഭിച്ചത്. മറ്റുള്ളിടത്ത് െ്രെപവറ്റ് തിയേറ്ററുകളെ ആശ്രയിക്കേണ്ടി വന്നു. സിനിമയുടെ സബ്സിഡി തുക ഉയര്‍ത്തിയാലേ പുതിയ സംവിധായകരും നടന്മാരും ഈ രംഗത്തേക്ക് കടന്നുവരികയുള്ളു. എങ്കില്‍ മാത്രമേ പുതിയ പരീക്ഷണങ്ങള്‍ മലയാള സിനിമയില്‍ സംഭവിക്കുകയുള്ളു.
ഇത്തവണത്തെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നിര്‍ണയത്തെ കുറിച്ച്?
ഒരു ജൂറിയുടെ മുന്നില്‍ വരുന്ന സിനിമകള്‍ അവര്‍ വിലയിരുത്തുന്നതിനനുസരിച്ചാണ് അവാര്‍ഡുകള്‍ നിര്‍ണയിക്കപ്പെടുന്നത്. എന്റെ ക്രയോണ്‍സ് എന്ന ചിത്രം അവാര്‍ഡിന്റെ അവസാന ഘട്ടം വരെ എത്തിയതാണ്. ജൂറിക്ക് അവസാന നിമിഷം വന്ന മറ്റൊരു ചിത്രം ഇതിനെക്കാള്‍ മികച്ചത് എന്ന് തോന്നിയപ്പോള്‍ അതിന് അവാര്‍ഡ് നല്കി. പത്തോ പതിനഞ്ചോ പേര് അടങ്ങിയ ജഡ്ജിങ് കമ്മിറ്റിയാണ് ജൂറിയെന്നു പറയുന്നത്. ഇതില്‍ മറ്റുള്ളവര്‍ക്ക് സ്വാധീനമില്ല. നിയമങ്ങള്‍ അംഗീകരിച്ചെന്ന് ഒപ്പിട്ട് നല്‍കിയതിന് ശേഷമാണ് സിനിമ അവാര്‍ഡിനായി പരിഗണിക്കാന്‍ സ്വീകരിക്കുന്നത്. അതുകൊണ്ടു തന്നെ അവര്‍ എന്തു തീരുമാനിച്ചാലും നമ്മള് അംഗീകരിക്കാന്‍ ബാധ്യസ്ഥരാണ്.
സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെയുള്ള പീഡനങ്ങള്‍ വര്‍ദ്ധിച്ചു വരുന്ന ഈ സാഹചര്യത്തില്‍ സിനിമയ്ക്ക് സമൂഹത്തില്‍ എന്ത് അവബോധം സൃഷ്ടിക്കാന്‍ സാധിക്കും?
കാര്‍ ഓടിക്കുന്നതിനിടെ കഷ്ടിച്ച് അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടാല്‍ തുടര്‍ന്നുള്ള യാത്ര വളരെ ശ്രദ്ധിച്ചായിരിക്കും. അതുപോലെയാണ് ഇത്തരത്തിലുള്ള വാര്‍ത്ത മാധ്യമങ്ങളില്‍ വരുമ്പോള്‍ നാം അതീവ ശ്രദ്ധാലുവും ഇതിനെതിരെ പ്രതികരണവും നടത്തും. അടുത്ത ദിവസം മറ്റൊരു വാര്‍ത്ത വരുമ്പോള്‍ അതിന് പിന്നാലെയായിരിക്കും ജനം. ഇതിനെതിരെ അവബോധം സൃഷ്ടിക്കേണ്ടത് മാധ്യമങ്ങളാണ്. കാരണം അവരോടൊപ്പമാണ് ജനം സഞ്ചരിക്കുന്നത്.
സ്ത്രീകളെ തരംതാഴ്ത്തുന്ന തരത്തിലുള്ള രംഗങ്ങളില്‍ അഭിനയിക്കില്ല എന്ന ചില നടന്മാരുടെ പ്രതികരണം കഥാപാത്രസങ്കല്പത്തെ ബാധിക്കില്ല?
കഥാപാത്രങ്ങള്‍ ഒരു സിനിമയുടെ കാതലായ ഭാഗമാണ്. കഥാസന്ദര്ഭങ്ങള്ക്ക്് അനുസരിച്ച് നടന്മാരെ സമീപിക്കുമ്പോള്‍ അവര്‍ നിരസിക്കുകയാണെങ്കില്‍ വേറെയും ഓപ്ഷനുകളുണ്ടല്ലോ.. ഒരാളുടെ വ്യക്തിപരമായ കാര്യങ്ങള്‍ അയാള്‍ പറഞ്ഞു. അതേസമയം എല്ലാവരും അങ്ങനെ പറഞ്ഞിട്ടുമില്ല.
അടുത്ത പ്രോജക്ട്?
ആസിഫ് അലി, അജു വര്‍ഗീസ് ടീമിന്റെ യുവത്വത്തിന് പ്രാധാന്യം നല്കുന്ന സിനിമയാണ് അടുത്ത പ്രോജക്ട്. പിന്നെ നടി സുരേഖ നിര്‍മ്മിക്കുന്ന ഒരു തമിഴ് സിനിമ ഡിസംബറില്‍ സംവിധാനം ചെയ്യുന്നുണ്ട്.
കുടുംബം?
ഭാര്യ ചന്ദ്രപ്രഭ അദ്ധ്യാപികയാണ്. മകന് ശബരി കൃഷ്ണന് അഭിനേതാവാണ്, പ്ലസ്ടുവില്‍ പഠിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: