വിപ്ലവമായിരുന്നു ഗദ്ദറിന്റെ സിരകളില്‍. പാടിപ്പാടി തന്നിലെ വിപ്ലവത്തെ അദ്ദേഹം ജനങ്ങള്‍ക്കിടയിലേക്ക് ഒഴുക്കി. ആ ഒഴുക്കില്‍ അകപ്പെട്ടുപോയതോ പതിനായിരങ്ങളും. പാര്‍ശ്വവല്‍കരിക്കപ്പെട്ടുപോയവരുടെ ശബ്ദമായിരുന്നു ഗദ്ദറിലൂടെ മുഴങ്ങിക്കേട്ടത്.
വ്യവസ്ഥിതികള്‍ക്കുള്ളില്‍ നിന്നുകൊണ്ടുള്ള പോരാട്ടങ്ങളില്‍ ആ മനുഷ്യന് വിശ്വാസം ഉണ്ടായിരുന്നില്ല. വ്യവസ്ഥിതികള്‍ക്കെതിരെ സായുധ വിപ്ലവം നയിക്കാന്‍ വിപ്ലവ ഗാനങ്ങളിലൂടെ അദ്ദേഹം ആഹ്വാനം ചെയ്തു. നിരവധി പേര് അതില്‍ പങ്കാളികളാവുകയും ചെയ്തു. ഇപ്പോഴിതാ ആ മനുഷ്യന് വിപ്ലവ ചിന്തകളില്‍ നിന്ന് മുക്തിനേടിയിരിക്കുന്നു. അത് ഒന്നിനുമുള്ള പരിഹാരം ആയിരുന്നില്ല എന്ന് തിരിച്ചറിയുമ്പോള്‍ പ്രായം 67. ഇനി ആത്മീയതയുടെ വഴി. അത് അദ്ദേഹം സ്വീകരിച്ചുകഴിഞ്ഞു. വേദങ്ങളും പുരാണങ്ങളും ഉപനിഷത്തുകളും പിന്തിരിപ്പന് ആശയസംഹിതകളാണെന്ന മാര്‍ക്സിസ്റ്റ് ചിന്താധാരയില്‍ നിന്ന് അദ്ദേഹം പുറത്തുകടന്നിരിക്കുന്നു. വേദങ്ങള്‍ പഠിച്ച് സ്വാമി വിവേകാനന്ദനെ പോലെയാവാനാണ് ഗദ്ദര്‍ ഇപ്പോള്‍ പറഞ്ഞുകൊടുക്കുന്നത്.
വിളിപ്പേര് ഗദ്ദര്‍ എന്നാണെങ്കിലും യഥാര്‍ത്ഥ നാമം ഗുമ്മാഡി വിട്ടല്‍ റാവു. തെലങ്കാനയിലെ മേധക് ജില്ലയിലെ തൂപ്രാന്‍ ഗ്രാമത്തില്‍ ഒരു ദളിത് കുടുംബത്തില്‍ ജനനം. ശേഷയ്യയും ലച്ചുമമ്മയുമായിരുന്നു മാതാപിതാക്കള്‍.അവരിരുവരും തൊഴിലാളികളായിരുന്നു. ദാരിദ്രം നിറഞ്ഞ കുടുംബാന്തരീക്ഷം. പഠിക്കാന്‍ മിടുക്കനായിരുന്നു ഗദ്ദര്‍. സാംസ്കാരിക പരിപാടികളിലും സജീവം. പന്ത്രണ്ടാം ക്ലാസ് കഴിഞ്ഞ്, എഞ്ചിനീയറിങ് പഠനത്തിനായി ഒസ്മാനിയ യൂണിവേഴ്സിറ്റിയുടെ എഞ്ചിനീയറിങ് കോളേജില്‍ ചേര്‍ന്നു. ഒരുവര്‍ഷത്തിനപ്പുറം പഠനം തുടരാനായില്ല. സാമ്പത്തിക ബുദ്ധിമുട്ടുകള്‍ മറ്റൊരു തൊഴില്‍ നേടാന്‍ അദ്ദേഹത്തെ നിര്‍ബന്ധിതനാക്കി. കെമിക്കല്‍ ഫാക്ടറിയില്‍ ഒരു ജോലി തരപ്പെടുത്തി.
ഗദ്ദറിന്റെ ജീവിതത്തില്‍ പരിവര്‍ത്തനമുണ്ടാവുന്നത് 1971 ന് ശേഷമാണ്. കാഴ്ചപ്പാടുകളാകെ മാറ്റി, രാഷ്ട്രീയ പ്രതിബദ്ധതയുള്ള ആളായത് ചലച്ചിത്ര സംവിധായകനായ ബി. നര്‍സിങ്ക റാവുവിനെ കണ്ടുമുട്ടിയ ശേഷമാണ്. ആര്‍ട്ട് ലവേഴ്സ് എന്ന സംഘടനയ്ക്ക് നേതൃത്വം നല്‍കിയത് അദ്ദേഹമായിരുന്നു. സംഘടനയോട് കൂടുതല്‍ അടുത്തതോടെ വിട്ടല്‍ റാവു എന്ന പേര് ഗദ്ദര്‍ എന്നാക്കി മാറ്റി. ഹര് ദയാല്‍ സ്ഥാപിച്ച ഗദ്ദര്‍ പാര്‍ട്ടിയോടുള്ള ആദരസൂചകമായിട്ട് സ്വീകരിച്ച പേരാണ് ഗദ്ദര്‍. ഗദ്ദര്‍ എന്ന വാക്കിന് അര്‍ത്ഥം തന്നെ കലാപം/ ലഹള എന്നൊക്കെയാണ്.
ആര്‍ട്ട് ലവേഴ്സ് 1972 ല്‍ ജനനാട്യ മണ്ഡലിയായി. സിപിഐ(എംഎല്) ന്റെ സാംസ്കാരിക വിഭാഗമായിരുന്നു ഇത്. തന്റെ ആശയങ്ങള്‍ ജനങ്ങളിലേക്കെത്തിക്കുവാന്‍ അദ്ദേഹം നാടന്‍ കലാരൂപങ്ങളെ കൂട്ടുപിടിച്ചു. ബുറകഥയെന്ന കലാരൂപത്തെയായിരുന്നു ഇതിനായി ആദ്യം സ്വീകരിച്ചത്. ഇതൊരു കഥപറച്ചില്‍ രീതിയിലുള്ള കലാരൂപമാണ്. പിന്നീട് നിരവധി നാടന്‍ കലാരൂപങ്ങളിലൂടെ ഗദ്ദര്‍ തന്റെ വിപ്ലവവീര്യം പുറത്തെടുത്തു. ദേശഭാഷാ വ്യത്യാസമില്ലാതെ അദ്ദേഹം ജനങ്ങള്‍ക്കിടയില്‍ സ്വീകാര്യനായി. വിപ്ലവാശയങ്ങള്‍ ജനങ്ങളില്‍ നിന്ന് ജനങ്ങളിലേക്ക് എത്തിക്കാന്‍ ഗദ്ദറിന് അതിവേഗം സാധിച്ചു, കലയിലൂടെ.
1975 ല്‍ കനറ ബാങ്കില്‍ ക്ലര്‍ക്കായി ജോലിയില്‍ പ്രവേശിച്ചെങ്കിലും 1984 ല്‍ ഉപേക്ഷിച്ചു. പിന്നെ ജനനാട്യ മണ്ഡലിയുടെ പൂര്‍ണസമയ പ്രവര്‍ത്തകനായി. 1985 ല്‍ ഏഴ് ദളിതരെക്കൊന്ന ഭൂപ്രഭൂക്കന്മാര്‍ക്കെതിരെ അദ്ദേഹം ശക്തമായി കലയിലൂടെ പതിഷേധിച്ചു. തുടര്‍ന്ന് ഒളിവില്‍ പോകാന്‍ നിര്‍ബന്ധിതനായി. ആന്ധ്രാപ്രദേശ്, മഹാരാഷ്ട്ര, മധ്യപ്രദേശ്, ഒറീസ എന്നിവിടങ്ങളിലെ വനാന്തരങ്ങളിലൂടെ അലഞ്ഞുതിരിഞ്ഞു. നാടന്‍ കലയിലൂടെ വിപ്ലവാശയങ്ങള്‍ പ്രചരിപ്പിച്ചു. ഗ്രാമീണരുടേയും തൊഴിലാളികളുടേയും മറ്റ് ചൂഷിത വിഭാഗങ്ങളുടേയും വേദനകളാണ് ഇതിലൂടെ അദ്ദേഹം ആവിഷ്കരിച്ചത്. അദ്ധ്വാനവര്‍ഗ്ഗത്തിന്റെ ഇടയില്‍ ഗദ്ദര്‍ ഇതിഹാസ പുരുഷനായി. നാലരവര്‍ഷത്തെ ഒളിവ് ജീവിതത്തിന് ശേഷം 1990 ഫെബ്രുവരി 18 ന് അദ്ദേഹം മാധ്യമങ്ങള്‍ക്ക് മുന്നില്‍ പ്രത്യക്ഷപ്പെട്ടു. രണ്ട് ദിവസം കഴിഞ്ഞായിരുന്നു മണ്ഡലിയുടെ 19-ാം വാര്‍ഷികം. ഹൈദ്രാബാദിലെ നിസാം കോളേജ് ഗ്രൗണ്ടില്‍ നടന്ന പരിപാടി കാണാനെത്തിയത് രണ്ട് ലക്ഷത്തോളം പേര്!.
പാടുകമാത്രമല്ല, സദസിനെ ഇളക്കിമറിക്കാനുള്ള എല്ലാ ചെപ്പടിവിദ്യകളും വശമാക്കിയ ആള്. പരുക്കന്‍ ശബ്ദവും താളത്തിനൊപ്പിച്ചുള്ള ചുവടുകളും കൊണ്ട് കാണികളെ ത്രസിപ്പിച്ചു നിര്‍ത്തി. പരമ്പരാഗത സൗന്ദര്യശാസ്ത്ര തത്വങ്ങള്‍കൊണ്ട് അത് നിര്‍വചിക്കുക അസാധ്യം. സ്വന്തമായൊരു സൗന്ദര്യശാസ്ത്രം അദ്ദേഹം ആവിഷ്കരിച്ചുവെന്നുവേണം പറയാന്‍. അത് ഗദ്ദാറിന്റെ വിശ്വാസപ്രമാണങ്ങളില്‍ അധിഷ്ഠിതമായിരുന്നു. കൈകളില്‍ ചെങ്കൊടിയേന്താന്‍ പ്രേരിപ്പിക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ മിക്ക നാടന്‍പാട്ടുകളും. ഈ ഭൂതകാല വഴിയില്‍ നിന്നാണ് അദ്ദേഹം ആദ്ധ്യാമിക വഴിയിലേക്ക് തിരിഞ്ഞിരിക്കുന്നത്.
മതം മനുഷ്യനെ മയക്കുന്ന കറുപ്പാണെന്ന് പറഞ്ഞ മാര്‍ക്സിസ്റ്റ് താത്വികാചാര്യന്‍ കാള്‍ മാര്‍ക്സിന്റെ വാക്കുകളെ ഗദ്ദര്‍ പാടെ തള്ളിക്കളഞ്ഞോ?. അതോ കലയിലൂടെ കലാപമല്ല സൃഷ്ടിക്കേണ്ടതെന്ന തിരിച്ചറിവോ ഈ മനംമാറ്റത്തിന് കാരണം. ക്ഷേത്രങ്ങളില്‍ നിന്ന് ക്ഷേത്രങ്ങളിലേക്കാണ് ഇപ്പോള്‍ ഗദ്ദറിന്റെ യാത്ര. കഴിഞ്ഞയാഴ്ച തെലങ്കാനയിലെ യദാദ്രി നരസിംഹസ്വാമി ക്ഷേത്രത്തിലെത്തി അദ്ദേഹം പൂജകള്‍ അര്‍പ്പിച്ചു. പൂജാരിയില്‍ നിന്ന് അനുഗ്രഹവും തേടി. തൂണിലും തുരുമ്പിലും ഈശ്വരന് വസിക്കുന്നുണ്ടെന്ന് ഹിരണ്യകശിപുവിന് പ്രഹ്ലാദനിലൂടെ ബോധ്യപ്പെടുത്തിക്കൊടുക്കുകയായിരുന്നല്ലോ തൂണ് പിളര്‍ന്നെത്തിയ നരസിംഹമൂര്‍ത്തി.
വീണ്ടും ഗദ്ദറിന്റെ ഭൂതകാലത്തിലേക്ക് തിരിച്ചുനടന്നാല്‍, മരണത്തില്‍ നിന്ന് അത്ഭുതകരമായി രക്ഷപെട്ട ഗദ്ദറിനെ കാണാം. 1997 ഏപ്രില്‍ ആറിനായിരുന്നു അദ്ദേഹത്തിന്റെ ആരാധകരെ ഞെട്ടിച്ചുകൊണ്ടുള്ള ആ ആക്രമണം നടന്നത്. അധികാരികള്‍ തന്നെയാണ് അതിന് പിന്നിലെന്നണ് സംശയം. നക്സലൈറ്റുകളും ആന്ധ്രാപ്രദേശ് സര്‍ക്കാരും തമ്മിലുള്ള സമാധാനചര്‍ച്ചകളില്‍ ദൂതനായിരുന്നു ഗദ്ദര്‍. പക്ഷെ ചര്‍ച്ചകള്‍ പരാജയം. ഗദ്ദറിനെ വധിക്കുകയെന്ന ലക്ഷ്യത്തോടെ നടന്ന ആക്രമണത്തില്‍ അദ്ദേഹത്തിന് വെടിയേറ്റു. ശരീരത്തില്‍ തുളഞ്ഞുകയറിയ മൂന്ന് വെടിയുണ്ടകളില്‍ രണ്ടെണ്ണം നീക്കം ചെയ്തു. ഒന്ന് ഇപ്പോഴും ആ ശരീരത്തിനുള്ളില്‍ ശേഷിക്കുന്നു.
തെലങ്കാന എന്ന പ്രത്യേക സംസ്ഥാനത്തിനായി നിരന്തരം പ്രക്ഷോഭം നയിച്ചു ഗദ്ദര്‍. അടിച്ചമര്‍ത്തപ്പെട്ട ദളിതരുടേയും സ്ത്രീകളുടേയും ഭാഗത്തായിരുന്നു എന്നും അദ്ദേഹം നിലയുറപ്പിച്ചത്. വര്‍ഗരഹിത സമൂഹം എന്ന മാര്‍ക്സിയന്‍ കാഴ്ചപ്പാടില്‍ അടിയുറച്ചുവിശ്വസിച്ചുപോകയാലാവണം അദ്ദേഹം നാടന്‍ കലാരൂപങ്ങളിലൂടെ അതിനുവേണ്ടി നിരന്തരം വാദിച്ചുകൊണ്ടിരുന്നത്. ആളുകളെ രസിപ്പിക്കുന്നതിനപ്പുറം ഒരു സാമൂഹിക പ്രതിബന്ധത അതിനുണ്ടായിരുന്നു. ജനങ്ങളുടെ മനസ്സില്‍ അതങ്ങനെ പതിഞ്ഞുകിടന്നു. ഇത് ഒരു വശം. പക്ഷെ കാലം ചെന്നപ്പോള്‍ ജനങ്ങള്‍ക്കിടയില്‍ നിന്ന് നേതാക്കള്‍ അകന്നുപോയി. അപ്പോഴും നിലപാടില്‍ ഉറച്ച് സ്വത്വം നഷ്ടപ്പെടുത്താതെ ഗദ്ദര്‍ നിലകൊണ്ടു. ഇപ്പോഴും ഗദ്ദര്‍ ജനപക്ഷത്തുതന്നെയുണ്ട്. അത് വിപ്ലവ മാര്ഗ്ഗത്തിലല്ല എന്നുമാത്രം. സ്വന്തം ജനതയ്ക്കുവേണ്ടി മനമുരുകി പ്രാര്‍ത്ഥിക്കുന്നു. തെലങ്കാനയില്‍ നല്ല മഴ നല്കണേയെന്ന് മഴദൈവങ്ങളോട് അപേക്ഷിക്കുന്നു. അനീതിക്കെതിരെ പോരാടാനുള്ള ശക്തി അവര്‍ക്ക് നല്‍കണമെന്ന് ഈശ്വരസമക്ഷം പറയുന്നു. പ്രകൃതി സ്നേഹികളെല്ലാം ഈശ്വരന്റെ ഭക്തന്മാരാണെന്ന് പറയാനുള്ള ആര്‍ജ്ജവം കാണിക്കുന്നു.
ഇത് കേവലം ഭക്തിമാര്‍ഗ്ഗമാണെന്ന് പറയാനാവില്ല. വിശ്വസിച്ച പ്രത്യയശാത്രത്തില്‍ നിന്ന് പെട്ടന്നുള്ള ഒളിച്ചോട്ടമാവാനും വഴിയില്ല. ചെയ്യുന്ന കര്‍മം നന്മയ്ക്ക് വേണ്ടിയുള്ളതാണെങ്കില്‍ അതുതന്നെയാണ് ഏറ്റവും നല്ല ഈശ്വരാര്‍പ്പണം. ഈ തിരിച്ചറിവാകണം ഗദ്ദറിനെ ആത്മീയവഴിയിലെത്തിച്ചതും.
പാട്ടിലെ ഗദ്ദര്‍ ശൈലി
വേദിയില്‍ ശരിക്കും ഒരു പെര്‍ഫോര്‍മറാണ് ഗദ്ദര്‍. ആരേയും ഇളക്കിമറിക്കും. വ്യക്തമായൊരു ശരീരഭാഷയുണ്ട് അദ്ദേഹത്തിന്. രാഗവും താളവും ഗദ്ദറിന്റെ പാട്ടുകളില്‍ വേര്‍പ്പെടുത്താനാവാത്തവിധം ഇഴുകിച്ചേര്‍ന്നിരിക്കുന്നു. ആസ്വാദകരെ തനിക്കൊപ്പം പാടിക്കുക എന്നതും അദ്ദേഹത്തിന്റെ ശൈലിയാണ്. പാട്ടിനൊപ്പം കാണികളോട് സംവദിക്കുകയും ചെയ്യുന്നു. ആന്ധ്രയിലെ നാട്ടുഭാഷയും സാധാരണക്കാരും ഒരുപക്ഷെ ബഹുമാനിക്കപ്പെട്ടത് ഗദ്ദറിലൂടെയാണെന്നും പറയാം. പാട്ടിനനുസരിച്ചുള്ള അന്തരീക്ഷം വേദിയില്‍ സൃഷ്ടിക്കുന്ന, താളത്തിനനുസരിച്ച് ചുവടുകള്‍ വയ്ക്കുന്ന ഗദ്ദര്‍. അദ്ദേഹത്തിന്റെ നോട്ടം സദാ കാണികളില്‍ തറഞ്ഞിരിക്കും. എത്രമണിക്കൂര്‍ വേണമെങ്കിലും ആടുകയും പാടുകയും ചെയ്യും.
വേഷത്തിലുമുണ്ട് പ്രത്യേകത. തറ്റുടുത്ത് ഒരു കറുത്ത കമ്പിളി അലക്ഷ്യമായി കഴുത്തിലൂടെ ചുറ്റിയിട്ട് വേദിയിലെത്തുന്ന ഗദ്ദര്‍ ഒറ്റനോട്ടത്തില്‍ അര്‍ദ്ധനഗ്നനാണ്. കൈയില്‍ ഒരു ചുവന്ന തൂവാലയുണ്ടാകും. ഈ തൂവാല അദ്ദേഹത്തിന്റെ പരിപാടിയില്‍ ഒരു പ്രധാനകഥാപാത്രം തന്നെയാണ്. പാട്ടിന്റെ സന്ദര്‍ഭത്തിനനുസരിച്ച് അമ്മയായും രക്തസാക്ഷിയായും ആയുധമായും എല്ലാം തൂവാല പ്രതീകാത്മകമായി ഉപയോഗിക്കും. തെലുങ്ക് ഭാഷയിലുള്ള നാടന്‍പാട്ടുകള്‍ ഇന്നും തനിമയോടെ നിലനില്ക്കുന്നുവെങ്കില് അതിന് ഒരു കാരണം ഗദ്ദറിന്റെ ഇടപെടലുകളാണ്.
ക്ഷേത്രങ്ങളില്‍ നിന്ന് ക്ഷേത്രങ്ങലിലേക്കുള്ള തീര്‍ത്ഥാടനകാലമാണ് ഗദ്ദറിനിത്. അഭിഷേകങ്ങള്‍, അര്‍ച്ചനകള്‍…വിപ്ലവഗാനങ്ങള്‍ മറന്ന ചുണ്ടിലിപ്പോള്‍ ശൈവ, വൈഷ്ണവ സ്തുതികള്‍. ഈ പ്രാര്‍ത്ഥന പ്രായശ്ചിത്തമാണോ. വിപ്ലവത്തിന്റെ ചുവന്ന ഭൂമിക കടന്ന് ആത്മീയതയുടെ പ്രദക്ഷിണ വഴികളിലൂടെ ഗദ്ദര്‍ യാത്ര തുടരട്ടെ…
പ്രതികരിക്കാൻ ഇവിടെ എഴുതുക: