ബൊഗോട്ട: കൊളംബിയയിലെ മോക്ക നഗരത്തില്‍ ശക്തമായ മഴയെത്തുടര്‍ന്നുണ്ടായ മണ്ണിടിച്ചിലില്‍ 254 പേര്‍ കൊല്ലപ്പെട്ടു. 400 പേര്‍ക്ക് പരിക്ക്. 200ലേറെ പേരെ കാണാതായി. ഇവര്‍ക്കായി തെരച്ചില്‍ തുടരുന്നു. മരണസംഖ്യ ഉയരാന്‍ സാധ്യത. പ്രദേശത്ത് ചെളിയും മണ്ണും അടിഞ്ഞതിനാല്‍ ഇവ നീക്കിയാണ് തെരച്ചില്‍.
പ്രാദേശിക സമയം ശനിയാഴ്‌ച്ച രാത്രി 11നു ശേഷമാണ് മണ്ണിടിച്ചില്‍. പ്രദേശത്ത് കനത്ത മഴയ്‌ക്ക് സാധ്യതയുണ്ടെന്ന് ജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിരുന്നു. മഴയില്‍ നദികള്‍ കരകവിഞ്ഞൊഴുകി. 3,45,000 മാണ് മോക്ക നഗരത്തിന്റെ ജനസംഖ്യ. 1,100 ഓളം സൈനികരുടേയും പോലീസിന്റേയും നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനം.
2015ല്‍ ആന്റിയോഖ്യുയയിലെ സല്‍ഗറിലുണ്ടായ മണ്ണിടിച്ചിലില്‍ 80 പേര്‍ കൊല്ലപ്പെട്ടതിനുശേഷം ആദ്യമായാണ് ഇത്രയും വലിയ ദുരന്തമുണ്ടാകുന്നത്. 1985ല്‍ അര്‍മെറോയിലുണ്ടായ മണ്ണിടിച്ചിലാണ് രാജ്യം കണ്ട ഏറ്റവും വലിയ പ്രകൃതി ദുരന്തം. 20,000 പേര്‍ കൊല്ലപ്പെട്ടു.
















