പാലക്കാട്: ജീര്‍ണ്ണാവസ്ഥയിലായ മുനിസിപ്പല്‍ ബസ്സ്റ്റാന്റ് മഴക്കു മുമ്പേ അടച്ചിടാന്‍ നഗരസഭാ കൗണ്‍സില്‍ യോഗത്തില്‍ തീരുമാനിച്ചു. ഇതിനു മുന്നോടിയായി ബസ് ഉടമകളുമായും കെട്ടിടത്തിലെ വ്യാപാരികളുമായും ചര്‍ച്ച നടത്തും.
ബസ്സ്റ്റാന്റ് കെട്ടിടത്തിന്റെ റൂഫ് സ്ലാബുകളുടെ പ്ലാസ്റ്ററിംഗും, കോണ്‍ക്രീറ്റുകളും അടര്‍ന്നു വീണ് ജീവന് ഭീഷണിയായിരിക്കുന്ന സാഹചര്യത്തില്‍ എത്രയും പെട്ടെന്ന് വ്യാപാരികള്‍ക്ക് നോട്ടീസ് നല്‍കും. കെട്ടിടത്തിന്റെ നവീകരണപ്രവര്‍ത്തനങ്ങള്‍ സാധ്യമല്ലെന്ന വകുപ്പ് ഉദ്യോഗസ്ഥരുടെ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് നടപടി.
നഗരസഭാ പരിധിക്കുള്ളില്‍ പ്രവര്‍ത്തിക്കുന്ന മില്‍മാ ബൂത്തുകളുടെ വാടക പരിഷ്ക്കരിച്ചു. ഇനി മുതല്‍ മാസം മുവായിരം രൂപ വാടകയിനത്തില്‍ നല്‍കേണ്ടതാണെന്ന് കൗണ്‍സില്‍ ഐക്യകണ്ഠേന തീരുമാനിച്ചു. നഗരസഭാ പരിധിയിലെ തരിശു നിലങ്ങളില്‍ സ്ഥാപിച്ച പരസ്യ ബോര്‍ഡുകള്‍ക്കും മറ്റും പരസ്യ നികുതി ഈടാക്കണമെന്ന ആവശ്യവും ഉയര്‍ന്നു.
ലക്ഷങ്ങള്‍ മുടക്കി നഗരസഭ വാങ്ങിയ കൊയ്ത്തു യന്ത്രം പാടശേഖര സമിതിക്ക് കൈമാറാനും തീരുമാനമായി. പാലക്കാട് നഗരസഭയില്‍ പ്രവര്‍ത്തിക്കുന്ന ഡേ കെയര്‍ സെന്ററുകള്‍ക്ക് നഗരസഭയുടെ ലൈസന്‍സ് വേണമെന്ന ആവശ്യവും കൗണ്‍സില്‍ അംഗീകരിച്ചു. ലൈസന്‍സ് ഇല്ലെങ്കില്‍ പ്രസ്തുത സ്ഥാപനങ്ങളില്‍ നിന്നും പിഴയീടാക്കും.
പെന്‍ഷന്‍കുടിശ്ശിക, ശമ്പളപരിഷ്ക്കരണം ഉള്‍പ്പെടെ വിവിധയിനത്തില്‍ സംസ്ഥാന സര്‍ക്കാരില്‍ നിന്നും പാലക്കാട് നഗരസഭക്ക് 16 കോടിരൂപ ലഭിക്കാനുണ്ടെന്ന് വൈസ് ചെയര്മാന് സി.കൃഷ്ണകുമാര്‍ പറഞ്ഞു.
ഇതുമൂലം ജീവനക്കാര്‍ വിരമിക്കുമ്പോള്‍ അവരുടെ ആനുകൂല്യങ്ങള്‍ നല്കാന് കഴിയുന്നില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ജീവനക്കാരുടെ 2005 മുതല്‍ 2016 വരെയുള്ള ക്ഷാമബത്ത കുടിശ്ശിക നല്‍കുന്നതിനുള്ള സമയപരിധി ജൂലൈ 31 വരെ ദീര്‍ഘിപ്പിച്ചിട്ടുണ്ട്.
ഇതിനകം തുക നല്‍കണമെന്ന് നഗരകാര്യ ഡയറക്ടര്‍ അറിയിച്ചിട്ടുണ്ടെങ്കിലും നഗരസഭയുടെ സാമ്പത്തിക പ്രതിസന്ധി മൂലം നല്കാന് കഴിയാത്ത സാഹചര്യമാണുള്ളത്. ദൈനംദിന ചിലവുകള്‍ക്ക് തന്നെ ബുദ്ധിമുട്ടുന്ന അവസ്ഥയാണ്.
40ളം ജീവനക്കാരുടെ പെന്ഷന് ആനുകൂല്യങ്ങളാണ് നല്കുവാന് കഴിയാത്തത്. എന്നാല്‍ അധിക ഫണ്ട് അനുവദിക്കാനാവില്ലെന്ന് സര്‍ക്കാര്‍ അറിയിച്ച സാഹചര്യത്തില്‍ നഗരസഭക്കിത് അധികബാധ്യത ആയിരിക്കുകയാണ്. 12 കോടി രൂപയാണ് പെന്ഷന് ഇനത്തില്‍ നല്‍കേണ്ടത്. യാക്കരയില്‍ വര്‍ക്കിംഗ് വുമണ്‍സ് ഹോസ്റ്റല്‍ ഉള്‍പ്പെടെയുള്ള ഇന്നവേഷന്‍ സെന്റര്‍ സ്ഥാപിക്കുന്നതിനുള്ള പദ്ധതിയുടെ ടെണ്ടര്‍ യോഗത്തില്‍ പാസാക്കി.
ഐഎംഎ സ്റ്റേഡിയം ബൈപ്പാസ് റോഡിലേക്കുള്ള നിര്‍ദിഷ്ട ലിങ്ക് റോഡിന്റെ നിര്‍മ്മാണത്തിനായി സ്വകാര്യ വ്യക്തിയുടെ സ്ഥലം അക്വയര്‍ ചെയ്യാനും തീരുമാനിച്ചു. വീടുകളില്‍ നിന്നും ശേഖരിക്കുന്ന സാനിറ്ററി നാപ്കിനുകള്‍, പാംപേഴ്സ് എന്നിവ സംസ്കരിക്കുന്നതിന് നഗരസഭയുടെ ട്രഞ്ചിംഗ് ഗ്രൗണ്ടില്‍ ഇന്‍സിനേറ്റര്‍ സ്ഥാപിക്കും. പ്രതിദിനം 500 കിലോ സംസ്കരിക്കാനാവും. ഗവ.മോയന്‍സ് സ്കൂളിലെ പൊളിഞ്ഞ ശൗചാലയം പൊളിച്ചു മാറ്റുന്നതിന് യോഗത്തില്‍ അനുമതി നല്കി.
നഗരസഭാ സ്റ്റേഡിയം ഗ്രൗണ്ട് 90 ദിവസത്തേക്ക് മാത്രമേ എക്സിബിഷന് ,സര്‍ക്കസ് തുടങ്ങിയ ആവശ്യങ്ങള്‍ക്ക് നല്‍കുകയുള്ളു. ഇതുമായി ബന്ധപ്പെട്ട് സ്റ്റാളുകള്‍ അനുവദിക്കുന്നതിനും മറ്റും നല്‍കേണ്ട വാടക പുതുക്കി നിശ്ചയിക്കും. കാലഹരണപ്പെട്ട ബൈലോയില്‍ ഭേദഗതി വരുത്തണമെന്ന ആവശ്യവും കൗണ്‍സില്‍ അംഗീകരിച്ചു.
നഗരസഭാ പരിധിയിലെ വിവിധ ഭാഗങ്ങളില്‍ സ്വകാര്യ ടെലികോം കമ്പനികളുടെ കേബിളുകള്‍ വലിക്കുന്നതുമായി ബന്ധപ്പെട്ട വാടകയും അനുബന്ധ കാര്യങ്ങളും വിശദമായി പരിശോധിച്ച് റിപ്പോര്‍ട്ട് അടുത്ത കൗണ്‍സില്‍ യോഗത്തില്‍ ഹാജരാക്കാന്‍ നിര്‍ദ്ദേശം നല്കി.
മുനിസിപ്പല്‍ ബസ് സ്റ്റാന്റിലെ കംഫര്‍ട്ട് സ്റ്റേഷന് ടെണ്ടര്‍ തുക കുറഞ്ഞതിനെ തുടര്‍ന്ന് ബസ് ഉടമകള്‍ ആവശ്യപ്പെട്ടത് പ്രകാരമാണ് സ്റ്റാന്റിന്റെ ചുറ്റുമതില്‍ പൊളിച്ചതെന്ന് നഗരസഭാ വൈസ് ചെയര്മാന് സി.കൃഷ്ണകുമാര്‍ അറിയിച്ചു. മതിലിനു പകരം ഗ്രില്ല് സ്ഥാപിക്കാനാണ് തീരുമാനമെന്നും അതു ചെയ്തിട്ടില്ലെങ്കില്‍ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കൗണ്‍സിലര്‍മാരായ എന്‍.ശിവരാജന്, എസ്.ആര്.ബാലസുബ്രഹ്മണ്യം, പി.സാബു.പി.സ്മിതേഷ്, വി.നടേശന്, കെ.ഭവദാസ്, മണി, രഞ്ജിത്ത് ബാബു, ഷുക്കൂര്‍, കുമാരി, സെയ്തലവി, ഫാസില തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: