ഇന്നത്തെക്കാലത്ത് പാര്‍ട്ടി വളര്‍ത്താന്‍ അത്യാവശ്യം ഗുണ്ടകളും സാമൂഹ്യവിരുദ്ധരും കൂടി വേണമെന്ന് സിപിഎമ്മിനെ ആരും പഠിപ്പിക്കേണ്ടതില്ല. ത്യാഗങ്ങളുടേയും സഹനങ്ങളുടേയും കണ്ണീര്‍ക്കഥ കൊണ്ടുമാത്രം ഒന്നുമാവില്ല.
ക്ഷമിക്കാനും സഹിക്കാനും ഇതെന്താ മഹാത്മാഗാന്ധിയന്മാരും യേശുക്രിസ്തുമാരും നയിക്കുന്ന പാര്‍ട്ടിയാണോ. സിപിഎമ്മിനെക്കുറിച്ച് ആര്‍ക്കും ഒരു ചുക്കും അറിയില്ല. അത് അസല്‍ സ്റ്റാലിന്റെയും മാവോയുടേയും പോള്‍പോട്ടിന്റെയും പാര്‍ട്ടിയാണെന്ന് ഇനിയെങ്കിലും മനസിലാക്കാത്തവര്‍ ശുംഭന്മാര്. എന്നാല്‍ ശത്രുവിനെ സ്നേഹിക്കുക എന്ന യേശുവചനം ചിലപ്പോഴെല്ലാം പ്രാവര്‍ത്തികമാക്കുന്ന പാര്‍ട്ടികൂടിയാണ് സിപിഎം. പക്ഷേ അത് പാര്‍ട്ടിക്കുപുറത്ത് ജനങ്ങള്‍ക്കു തീരെ വെറുപ്പുള്ള ആള് ആയിരിക്കുമെന്നു മാത്രം. അല്ലെങ്കില്‍ പാര്‍ട്ടിയിലെ എളമരം കരീം എന്ന മാര്‍പ്പാപ്പ, വ്യവസായിയെ തട്ടിക്കൊണ്ടുപോയി തടങ്കലില്‍വെച്ചു പീഡിപ്പിച്ചുവെന്ന ആരോപണത്തില്‍ സിപിഎം ജില്ലാ കമ്മിറ്റി അംഗവും മുന്‍ ഏരിയാ സെക്രട്ടറിയുമായ വി.എം.സക്കീര്‍ ഹുസൈനെ പുത്തന്‍ വെള്ളം തളിച്ച് സകലപാപങ്ങളും പോക്കി കുറ്റവിമുക്തനാക്കുമോ.
സക്കീര്‍ ഹുസൈനെതിരെ അന്വേഷിക്കാന്‍ പാര്‍ട്ടി നിശ്ചയിച്ച ഏകാംഗ കമ്മീഷനായിരുന്നു എളമരം കരീം. കമ്മീഷനെ നിയമിക്കും മുന്‍പുതന്നെ ഹുസൈന് വിശുദ്ധനായി പ്രഖ്യാപിക്കപ്പെടുമെന്നു എല്ലാവര്ക്കും തീര്‍ച്ചയായിരുന്നു. എളമരം കമ്മീഷനായതോടുകൂടി അതു ഉറപ്പിച്ചു. പഞ്ചായത്ത് ഇലക്ഷനായാലും ജാതിയും മതവും നോക്കി മാത്രം സ്ഥാനാര്‍ഥികളെ നിര്‍ത്തുന്ന വിപ്ലവ പാര്‍ട്ടിയായ സിപിഎം മുസ്ലീമായ ഹുസൈനെ രക്ഷിക്കാന്‍ മുസ്ലീമായ കരീമിനെ അല്ലാതെ ആരെയാണ് കമ്മീഷനാക്കുക. സക്കീറിന്റെ സ്ഥാനമാനങ്ങള്‍ ഇനി കൂടുതല്‍ ഉയരുമെന്നാണ് പിന്നാമ്പുറ സംസാരം. സക്കീര്‍ അനുഭവിച്ച മാനഹാനിയും വേദനയും തീര്‍ക്കാനാണത്രെ വീണ്ടും ഉന്നതപദവികള്‍ നല്‍കുന്നത്.
ഉദ്വേഗ ജനകമായൊരു കുറ്റാന്വേഷണ കഥയുടെ ചുരുള്‍ നിവരുംപോലെ പത്രങ്ങള്‍ ആഘോഷിച്ച സക്കീര്‍ ഹുസൈന് എന്ന ഗുണ്ടാനേതാവിന്റെ വര്‍ത്തമാന കാല പരിണിതി ഇങ്ങനെയൊക്കയാണ്. മറ്റുനേതാക്കളെ രക്ഷിക്കാനും വേണ്ടിക്കൂടിയാണ് സക്കീറിനെ പാര്‍ട്ടി കുറ്റമുക്തനാക്കിയതെന്നാണ് സഖാക്കള്‍ തന്നെ രഹസ്യമായും പരസ്യമായും പറയുന്നത്. കാരണം സക്കീര്‍ ചെയ്യുന്നതെല്ലാം തനിക്കുമാത്രമായിട്ടല്ല പലര്‍ക്കും വേണ്ടിയിട്ടായിരുന്നുവത്രെ.
അതുകൊണ്ട് ആ പലരുടെയും പേരുപുറത്താകാതിരിക്കാന് അയാളെ പൊന്നുപോലെ പാര്ട്ടിക്കുനോക്കേണ്ടതുണ്ട്. സിപിഎമ്മിന്റെ ഉപദേശത്തില്‍ ജയില്‍വകുപ്പു ശിക്ഷാ ഇളവിനായി നല്‍കിയവരുടെ പട്ടികയില്‍ പ്രധാനികളുടെ കൂട്ടത്തില്‍ കൊടും കുറ്റവാളി കൊടി സുനിയും ഉണ്ടായിരുന്നു. സുനിയുമായി തട്ടിച്ചുനോക്കുമ്പോള്‍ സക്കീര്‍ഹുസൈന്‍ എന്തു പാവം. അതെ, പാവം ഗുണ്ട.
പ്രതികരിക്കാൻ ഇവിടെ എഴുതുക: