പണ്ടുതൊട്ടേ എല്ലാവരുടേയും മനസ്സില്‍ വേരുറച്ചു പോയ ഒരു വിശ്വാസമാണ് ഗര്‍ഭിണികള്‍ രണ്ടുപേര്‍ക്കുളള ആഹാരം കഴിക്കണമെന്നത്. അമ്പതു കൊല്ലം മുമ്പൊക്കെയാണെങ്കില്‍ ഇത് അക്ഷരം പ്രതി ശരിയാണ്. കാരണം, അന്ന് ഇവിടെ പട്ടിണിയുണ്ടായിരുന്ന സമയമാണ്. അതു കൊണ്ട് ഗര്‍ഭകാലത്ത് നന്നായി ഭക്ഷണം കഴിക്കണമെന്ന് നിഷ്കര്ഷിച്ചിരുന്നതിനെ തെറ്റു പറയാനാകില്ല.
എന്നാല്‍ ഇന്നത്തെ സാഹചര്യം നേരെ മറിച്ചാണ്. അത്യാവശ്യം നല്ല സാമ്പത്തിക ചുറ്റുപാടില്‍ തന്നെയാണ് കേരളസമൂഹം ജീവിക്കുന്നത്. പട്ടിണിയുളള സമൂഹമല്ല എന്നര്‍ത്ഥം. എന്നാല്‍ ഗര്‍ഭിണിയുടെ ആഹാരകാര്യത്തില്‍ ഈ വ്യത്യാസം കാണുന്നില്ല. പഴയ അതേ കാഴ്ചപ്പാടു തന്നെയാണ് എല്ലാവര്‍ക്കുമുളളത്.
സാധാരണയായി ഒരു സ്ത്രീക്ക് 2500 കലോറി ഊര്‍ജമാണ് വേണ്ടത്. ഗര്‍ഭിണിയാകുമ്പോള്‍ 300 കലോറി കൂടി മാത്രമേ വേണ്ടി വരുന്നുളളു. എന്നാല്‍ അമിതമായി ഭക്ഷണം കഴിക്കുന്നതിലൂടെ ഗര്‍ഭിണികളില്‍ ഏകദേശം 13 മുതല്‍ 20 കിലോ വരെ ഭാരം കൂടുന്നു. ഇത് പ്രസവ ശേഷം കുറയാനുളള സാധ്യത വളരെ കുറവാണ്.
ഗര്‍ഭിണിയായി കഴിഞ്ഞാല്‍ എല്ലാവരുടേയും സ്നേഹപ്രകടനം കൂടുതലും ഭക്ഷണത്തിലൂടെയാവും. പഴവര്‍ഗ്ഗങ്ങള്‍ ഉള്‍പ്പടെയുളള ആഹാര പദാര്‍ത്ഥങ്ങള്‍ ഗര്‍ഭാവസ്ഥയില്‍ കഴിക്കേണ്ടതുണ്ടെങ്കിലും ഇത് അമിതമാകുന്നത് ഭാരം കൂടുന്നതിനും ഭാവിയില്‍ പ്രമേഹവും രക്ത സമ്മര്‍ദ്ദവും ഉണ്ടാകുന്നതിന് വഴിയൊരുക്കുകയും ചെയ്യുമെന്ന് തിരിച്ചറിയുക.
എങ്ങനെ കഴിക്കണം?
ഗര്‍ഭകാലത്ത് ഉപാപചയ പ്രവര്‍ത്തനം വളരെ വേഗം നടക്കുന്നതു കൊണ്ട് വിശപ്പ് കൂടുതലായിരിക്കും. അതു കൊണ്ട് എന്തും വാരി വലിച്ചു കഴിക്കാനുളള പ്രവണതയുമുണ്ടാകും. ഇത് നിയന്ത്രിക്കണം. ഭക്ഷണത്തിന്റെ അളവു കൂട്ടാതെ മൂന്നു നേരം കഴിക്കുന്നതിനെ രണ്ടര മണിക്കൂര്‍ ഇടവേള നല്കി കഴിക്കുന്ന രീതി പിന് തുടരുന്നതാണ് ശരീരത്തിന് നല്ലത്. മൂന്നു നേരത്തെ അഞ്ച് ഇട നേരങ്ങളായി ഭാഗിക്കാവുന്നതാണ്.
യഥാര്‍ത്ഥത്തില്‍ ഒരു ഗര്‍ഭിണിക്ക് ഒരു കപ്പ് (250ml) ചോറിന്റെ ആവശ്യമേയുളളു. ഒരു കപ്പ് ചോറ്, അരക്കപ്പ് തൈര്, ഒരു കപ്പ് നുറുക്കിയ പച്ചക്കറി കഷ്ണങ്ങള്‍, ഒന്നോ രണ്ടോ കഷ്ണം മീന്‍/ ചിക്കന്‍ ഇങ്ങനെയുളള ഒരു ആഹാരക്രമം സ്വീകരിച്ചാല്‍ അമിത ഭാരവും വണ്ണവും അതെ തുചര്ന്നുണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങളും തടയാനാകും.
മലബന്ധമുണ്ടായാല്‍
ഹോര്‍മോണിന്റെ പ്രവര്‍ത്തനം മൂലം ഗര്‍ഭിണികളില്‍ മലബന്ധമുണ്ടാകാന്‍ സാധ്യതയുണ്ട്. കുടലിന്റെ ചലന വേഗത കുറയുന്നതാണ് മലബന്ധമുണ്ടാക്കുന്നത്. പഴങ്ങളും പച്ചക്കറികളും കൂടുതലായി ആഹാരത്തില്‍ ഉള്‍പ്പെടുത്തുകയാണ് ഇതിനു പ്രതിവിധി. പച്ചക്കറികള്‍ സലാഡായോ കഷ്ണങ്ങളായി നുറുക്കിയോ നിത്യവും കഴിക്കേണ്ടതാണ്. അച്ചിങ്ങ, കുമ്പളങ്ങ, വെളളരിക്ക, പപ്പായ തുടങ്ങിയവയെല്ലാം കഴിക്കാം
പ്രതികരിക്കാൻ ഇവിടെ എഴുതുക: