പാലക്കാട്: പ്ലാച്ചിമട സമരനേതാക്കളുമായി മുഖ്യമന്ത്രി ചര്‍ച്ച നടത്തുമെന്ന നിയമമന്ത്രി എ.കെ.ബാലന്റെ പ്രസ്താവന പത്രങ്ങളിലൂടെ വെളിപ്പെടുത്തിയതല്ലാതെ ഇതു സംബന്ധിച്ച് യാതൊരു വിവരവും അറിയില്ലെന്ന് പ്ലാച്ചിമട കൊക്കകോള വിരുദ്ധ സമരസമിതിയും, ഐക്യദാര്‍ഢ്യ സമിതിയും അറിയിച്ചു.
ജില്ലാ കലക്ടര്‍ സമരക്കാരെ ചര്‍ച്ചക്ക് വിളിച്ചെങ്കിലും സമരക്കാര്‍ ഉന്നയിച്ച കാര്യങ്ങള്‍ക്ക് യാതൊരു ഉറപ്പും നല്കാന് തയാറായിട്ടില്ല. 28ന് മന്ത്രി എ.കെ. ബാലന്റെ വസതിയിലേക്ക് മാര്‍ച്ച് നടത്തരുതെന്നാണ് കലക്ടര്‍ ആവശ്യപ്പെട്ടത്. സമരസമിതി രണ്ടു പ്രധാന ആവശ്യങ്ങള്‍ ഉന്നയിച്ചിട്ടുണ്ട് .ഇന്ന് ആവശ്യങ്ങള്‍ സംബന്ധിച്ച് അവസാന തീരുമാനം കലക്ടര്‍ അറിയിച്ചില്ലെങ്കില്‍ 28ന് മാര്‍ച്ചു നടത്തുകതന്നെ ചെയ്യുമെന്ന് സമരസമിതി നേതാക്കള്‍ അറിയിച്ചു.
ഇതിനിടയില്‍ മുന്‍ എംപി എന്‍.എന്‍.കൃഷ്ണദാസ് പ്ലാച്ചിമടയിലെ ആദിവാസികള്‍ ഉള്‍പ്പെടെയുള്ള സമരക്കാരെ മോശമായി ചിത്രീകരിച്ചു ചില നവമാധ്യമങ്ങളിലൂടെ പ്രസ്താവനകള്‍ നടത്തിയതും സമരക്കാരെ പ്രകോപിപ്പിച്ചിട്ടുണ്ട്.
സമരം ചെയ്യുന്നവരെ പ്രത്യേക രോഗികളാണെന്ന് പറഞ്ഞു കളിയാക്കുന്ന കൃഷ്ണദാസ് കൊക്കോകോളയ്ക്കു വേണ്ടിയാണ് നിലകൊള്ളുന്നതെന്നും സമരസമിതി ആരോപിച്ചു. മുഖ്യമന്ത്രി പിണറായി വിജയനും,സ്പീക്കര്‍ ശ്രീരാമകൃഷ്ണനും കഴിഞ്ഞ നിയമസഭയില്‍ പ്ലാച്ചിമട ട്രിബ്യൂണല്‍ ബില്‍ ചില ഭേദ ഗതികളോടെ പാസ്സാക്കിയെടുക്കുമെന്ന് വാര്‍ത്താസമ്മേളനം നടത്തിയത് എല്ലാവര്ക്കും അറിയാവുന്ന കാര്യമാണ്.
എന്നാല്‍ ഒരു മാസം കഴിയുമ്പോഴേക്കും ഇടത് മന്ത്രിസഭയിലെ നിയമമന്ത്രി ബില്ല് നിയമസഭയില്‍ പാസ്സാക്കാന്‍ കഴിയില്ലെന്ന് പരസ്യമായ പ്രഖ്യാപിച്ചത് കോളയെ സഹായിക്കാനല്ലതെ പിന്നെ എന്തിനാണെന്ന് കൃഷ്ണദാസ് വ്യക്തമാക്കണമെന്നും സമരസമിതി നേതാക്കള്‍ ആവശ്യപ്പെട്ടു.
പ്ലാച്ചിമടയില്‍ പാവപ്പെട്ടവരുടെ വേദന മനസിലാക്കാതെ അധികാരം കിട്ടുമ്പോള്‍ അവരെ തള്ളി പറയുന്നവര്‍ ആരായാലും അവര്‍ക്കെതിരെ അവകാശം നേടിയെടുക്കാന്‍ സമരം നടത്തും.പ്രശ്നം പരിഹരിക്കാതെ സമരം അവസാനിപ്പിക്കില്ലെന്ന് സമരസമിതി നേതാക്കളായ ആറുമുഖന്‍ പത്തിച്ചിറയും ,കെ.വി.ബിജുവും വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: