വിദ്യാര്‍ത്ഥി സംഘര്‍ഷത്തെ തുടര്‍ന്ന് മരണപ്പെട്ട പട്ടണക്കാട് പഞ്ചായത്ത് പത്താം വാര്‍ഡ് ഭജനത്തറ അനന്തുവിന്റെ വീട് ബിജെപി, സംഘപരിവാര്‍ നേതാക്കള്‍ സന്ദര്‍ശിക്കുന്നു
ചേര്‍ത്തല: വിദ്യാര്‍ത്ഥി സംഘര്‍ഷത്തില്‍ മരിച്ച പ്ലസ് ടു വിദ്യാര്‍ത്ഥി പട്ടണക്കാട് പഞ്ചായത്ത് പത്താം വാര്‍ഡില്‍ ഭജനത്തറ അനന്തു(17)വിന്റെ വീട് സംഘപരിവാര്‍ നേതാക്കള്‍ സന്ദര്‍ശിച്ചു. ബിജെപി ജില്ലാ പ്രസിഡന്റ് കെ. സോമന്‍, മേഖലാ പ്രസിഡന്റ് വെള്ളിയാകുളം പരമേശ്വരന്‍, സെക്രട്ടറി എല്‍. പത്മകുമാര്‍, ആര്‍എസ്എസ് വിഭാഗ് കാര്യകാരി സദസ്യന്‍ എസ്. ജയകൃഷ്ണന്‍, ജില്ലാ സഹകാര്യവാഹ് സിനീഷ് മാധവന്‍ എന്നിവരടങ്ങുന്ന സംഘമാണ് വീട്ടിലെത്തി ബന്ധുക്കളെ ആശ്വസിപ്പിച്ചത്.
അച്ഛന്‍ അശോകനോട് വിശദവിവരങ്ങള്‍ നേതാക്കള്‍ ചോദിച്ചറിഞ്ഞു. സഹപാഠികളുമായുള്ള തര്‍ക്കങ്ങള്‍ സ്വന്തം മകന്റെ മരണത്തില്‍ കലാശിക്കുമെന്ന് കരുതിയില്ലെന്ന അശോകന്‍ പറഞ്ഞു. രാഷ്‌ട്രീയ മുതലെടുപ്പിന് ശ്രമിക്കുന്ന കോണ്‍ഗ്രസ്, ഇടതുപക്ഷ പാര്‍ട്ടികള്‍ക്കെതിരെ തങ്ങള്‍ക്കുള്ള അമര്‍ഷവും ബന്ധുക്കള്‍ മറച്ചുവച്ചില്ല. ചിത കത്തിത്തീരും മുമ്പേ അനന്തുവിന്റെ മരണം രാഷ്‌ട്രീയലാഭത്തിന് ഉപയോഗിക്കുന്നതിലുള്ള വേദനയും അവര്‍ പങ്കുവച്ചു.
പട്ടണക്കാട് ശാഖയിലെ സ്വയംസേവകനായിരുന്ന അനന്തു ബുധനാഴ്ച രാത്രി വയലാറിലെ ക്ഷേത്രത്തിലെ ഉത്സവത്തിനിടെയുണ്ടായ സംഘര്‍ഷത്തിലാണ് കൊല്ലപ്പെട്ടത്. വയലാര്‍ രാമവര്‍മ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ്ടു വിദ്യാര്‍ത്ഥിയായിരുന്നു. സ്‌കൂളിലെ നിസാര പ്രശ്‌നങ്ങളാണ് തര്‍ക്കത്തിലും ഒടുവില്‍ മരണത്തിലും കലാശിച്ചത്. സ്‌കൂളിലുണ്ടായ പ്രശ്‌നങ്ങളെ കുറിച്ച് അനന്തു നേരത്തെ തന്നെ ബന്ധുക്കളെ അറിയിച്ചിരുന്നതായാണ് വിവരം.
സംഭവത്തില്‍ രാഷ്‌ട്രീയമില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ ചേര്‍ത്തല സിഐ വി.പി. മോഹന്‍ലാല്‍ വ്യക്തമാക്കിയിരുന്നു. സുമംഗലീ മോഹന്‍, അരുണ്‍ കെ. പണിക്കര്‍, എസ്. പത്മകുമാര്‍, അഡ്വ. പി.കെ ബിനോയ്, സുരേഷ് വര്‍മ, ആര്‍.ഡി. ഉണ്ണി, അരുണ്‍കുമാര്‍ എന്നിവരും സംഘത്തിലുണ്ടായിരുന്നു. കൊലപാതവുമായി ബന്ധപ്പെട്ട് 16 പേരെ പോലീസ് പിടികൂടി. ഇതില്‍ ഏഴുപേര്‍ പ്രായപൂര്‍ത്തി ആകാത്തവരാണ്.
















