എംടി വാസുദേവന്‍ നായരുടെ നോവല്‍ രണ്ടാമൂഴം സിനിമയാകുമ്പോള്‍ മഹാഭാരതം എന്നു പേരിടുന്നതില്‍ അനൗചിത്യമുണ്ട്. ഒന്നല്ലാത്തതിനെ അതാണെന്നു പറയുന്നത് തെറ്റിദ്ധരിപ്പിക്കലും അതുകൊണ്ടു തന്നെ അനീതിയുമാണ്.
എംടിയുടെ രണ്ടാമൂഴത്തിലെ ഭീമന് മഹാഭാരതത്തിലെ ഭീമനല്ല. അത് നോവലിസ്റ്റായ എംടിയുടെ ഭീമനാണ്. എഴുത്തുകാര്‍ സാധാരണ പറയും പോലെ ഭാവനയുടെ യാഥാര്‍ഥ്യത്തില്‍ തീര്‍ത്ത കഥാപാത്രമാണത്. എഴുത്തുകാരന് കഥാപാത്രങ്ങളെ സൃഷ്ടിക്കുകയാണ് ചെയ്യുന്നത്. ഇങ്ങനെ മുഴുവനായും സൃഷ്ടിക്കപ്പെടുന്നതല്ല രണ്ടാമൂഴത്തിലെ ഭീമന് എന്നുവരികിലും അതു പക്ഷേ, മഹാഭാരതത്തിലെ ഭീമനല്ല. മഹാഭാരതത്തിലെ ഭീമസേനന്റെ ജീവിതത്തിലെ ചില സന്ദര്‍ഭങ്ങള്‍ അടര്‍ത്തിയെടുത്ത് എംടി തന്റേതായ രീതിയില്‍ പുനസൃഷ്ടി നടത്തിയ ഭീമനാണ് രണ്ടാമൂഴത്തില്‍ ഉള്ളത്.
എംടിയുടെ ഇതര നോവലുകളിലെ നായകന്മാരുടെ മാനറിസങ്ങളും ചിന്തകളുമൊക്കെ രണ്ടാമൂഴത്തിലെ ഭീമനുണ്ടെന്ന് വെറുതെയൊന്നു നിരീക്ഷിച്ചാല്പ്പോലും ബോധ്യപ്പെടും. നാലുകെട്ടിലെ അപ്പുണ്ണി, കാലത്തിലെ സേതു, അസുരവിത്തിലെ ഗോവിന്ദന് കുട്ടി തുടങ്ങിയ കഥാപാത്രങ്ങളുടെ മാനറിസങ്ങളും സ്വഭാവങ്ങളും കൂടിച്ചേര്‍ന്നുണ്ടായതാണ് ഈ ഭീമന്. നിഷേധത്തിന്റെ പുറത്തു പണിത അഹംബോധ സ്വഭാവമുള്ളവരാണ് എംടിയുടെ നായകന്മാര്.
എംടി കഥകളിലേയും നോവലുകളിലേയും എന്നുവേണ്ട അദ്ദേഹത്തിന്റെ സിനിമകളിലേയും നായകന്മാര് ഇവര്‍ തന്നെയാണ്. നഷ്ടബോധം, പ്രണയ പരാജയം, ഏകാന്തത, സ്വതന്ത്ര ചിന്ത, ദാര്‍ശനികത, പക, നിഷേധം തുടങ്ങിയ പൗരുഷത്വത്തിനു സ്വതവേ സംഭവിക്കാവുന്ന വീഴ്ച ഉയര്ച്ചകളുടെ മിശ്ര ഭാവമാണ് ഇത്തരം നായകന്മാര്‍ക്കുള്ളത്. അപ്പുണ്ണിയുടെ മറ്റൊരു പകര്‍പ്പാണ് സേതു. സേതുവിന്റെ മറ്റൊരു തരമാണ് ഗോവിന്ദന്‍കുട്ടി. ഇവര്‍ കൂടിയും കുറഞ്ഞും ചേര്‍ന്നുണ്ടായതാണ് രണ്ടാമൂഴത്തിലെ ഭീമന്.
മഹാഭാരതം ഭീമന്റെ കഥയല്ല. അനേകരുടേയും പോല ഭീമന്റേയും കൂടി കഥയാണെന്നു പറയാം. കഥകളും അനവധി ഉപകഥകളും നിരവധി കഥാപാത്രങ്ങളും കൂടി ചേര്‍ന്ന ഇതിഹാസമാണ് വ്യാസഭാരതം. അതിനു പിന്നില്‍ പ്രപഞ്ചത്തോളം വളര്‍ന്ന വലിയൊരു ദര്‍ശനമുണ്ട്. മഹാഭാരതത്തില്‍ പറയാത്തതൊന്നുമില്ല. ഇനി പറയാനുള്ളതായും ഒന്നുമില്ല. എല്ലാം പറഞ്ഞുകഴിഞ്ഞ ഒരിതിഹാസം.
പക്ഷേ എംടിയുടെ രണ്ടാമൂഴം ഭീമന് നായകാപ്രധാനമായ ഒരു നോവല്മാത്രമാണ്. രണ്ടാമൂഴക്കാരന്റെ മാത്രം കഥ. ആ കഥപറയാന്‍ മറ്റു കഥാപാത്രങ്ങളെ അനുബന്ധമായി കൊണ്ടുവന്നുഎന്നുമാത്രം. അതെങ്ങനെ മഹാഭാരതമാകും. സിനിമയുടെ മാര്‍ക്കറ്റിങ് തന്ത്രമെന്ന നിലയില്‍ മഹാഭാരതം എന്ന പേരുപയോഗിക്കുന്നത് നിന്ദ്യമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: