ഫറോക്ക്: വാഹന അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഫറോക്ക് നഗരസഭ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സബീന മണ്‍സൂര്‍ അന്തരിച്ചു. ദേശിയ പാതയില്‍ ഫറോക്ക് ചുങ്കത്ത്കഴിഞ്ഞ വ്യാഴാഴ്ച ഹര്‍ത്താല്‍ ദിനത്തില്‍ വൈകുന്നേരം മൂന്നു മണിയോടെയാണ് അപകടമുണ്ടായത്. തലക്ക് ഗുരുതര പരിക്കേറ്റതിനെ തുടര്‍ന്ന് അടിയന്തിര ശസ്ത്രക്രിയക്ക് വിധേയമാക്കിയിരുന്നു. വെന്റിലേറ്ററില്‍ ചികിത്സയിലിരിക്കെ ശനിയാഴ്ച ഉച്ചയോടെ മരണപ്പെടുകയായിരുന്നു.
കരിപൂര്‍ എയര്‍പോര്‍ട്ടില്‍ നിന്നും ഫറോക്കില്‍ യാത്രക്കാരനെ ഇറക്കി തിരിച്ചു വരികയായിരുന്ന എയര്‍ പോര്‍ട്ട് ടാക്‌സി കാറാണ് അപകടം വരുത്തിയത്. അമിത വേഗതയിലെത്തിയ കാര്‍ സബീന സഞ്ചരിച്ച സ്‌കൂട്ടറില്‍ ഇടിക്കുകയും ഇടിയുടെ ആഘാതത്തില്‍ കാറിന്റെ ബോണറ്റില്‍ തലയിടിച്ചു വീഴുകയായിരുന്നു. ഉടനെ നാട്ടുകാര്‍ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഫറോക്ക് നഗരസഭയിലെ ഏഴാം ഡിവിഷന്‍ കൗണ്‍സിലറാണ്. വൈകീട്ട് ഏഴ് മണിക്ക് വന്‍ ജനാവലിയുടെ അകമ്പടിയോടെ ഫറോക്ക് പേട്ട ജുമഅത്തുപള്ളി ഖബര്‍സ്ഥാനില്‍ ഖബറടക്കി.
















