റാന്നി: പഴവങ്ങാടി ഗ്രാമപഞ്ചായത്തില്‍ എല്‍ഡിഎഫിന് ഭരണം നഷ്ടപ്പെട്ടു. എല്‍ഡിഎഫ് ഭരണസമിതിക്കെതിരെ യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസം പാസായി. ഒരുവിഭാഗം എല്‍ഡിഎഫ് അംഗങ്ങളുടെ പിന്തുണയിലാണ് യുഡിഎഫ് അവിശ്വാസം അവതരിപ്പിച്ചത്. അവിശ്വാസ പ്രമേയം എട്ടിനെതിരെ ഒമ്പത് വോട്ടുകള്‍ക്കു പാസായതോടെ പ്രസിഡന്റ് അനില്‍ തുണ്ടിയിലും വൈസ് പ്രസിഡന്റ് അനി സുരേഷും പുറത്ത്.
17 അംഗ പഞ്ചായത്ത് കമ്മിറ്റിയില്‍ യുഡിഎഫ്, എല്‍ഡിഎഫ് വിമത അവിശ്വാസത്തെ ബിജെപിയിലെ ഏക അംഗവും പിന്തുണച്ചു. എന്നാല്‍ അവിശ്വാസ നോട്ടീസില്‍ ഒപ്പുവച്ച മുന്‍ പ്രസിഡന്റും സിപിഎമ്മില്‍ നിന്നു നടപടിക്കുവിധേനുമായ അനു ടി.സാമുവേല്‍ നിലപാട് മാറ്റിയതും ശ്രദ്ധേയമായി. അവിശ്വാസത്തെ എതിര്‍ത്താണ് അനു വോട്ടു ചെയ്തത്.
യുഡിഎഫിലെ അഞ്ചംഗങ്ങളും എല്‍ഡിഎഫിലെ നാലംഗങ്ങളും ബിജെപിയിലെ ഏക അംഗവുമാണ് അവിശ്വാസത്തെ അനുകൂലിച്ചത്. രാവിലെ പ്രസിഡന്റിനെതിരെയുള്ള അവിശ്വാസത്തെ ജനതാദളിലെ ജോസഫ് കുര്യാക്കോസാണ് അവതരിപ്പിച്ചത്. കോണ്‍ഗ്രസ് അംഗം സി.എ. ജോമോന് പിന്താങ്ങി. യുഡിഎഫിലെ അനിത അനില്‍ കുമാര്‍, സി.എ. ജോമോന്, കെ.എന്‍. രാജേന്ദ്രന്, എല്‍സി മാത്യു, ജനതാദള്‍ സ്വതന്ത്രാംഗം ജോസഫ് കുര്യാക്കോസ്, സിപിഎം സ്വതന്ത്രന് ബോബി ഏബ്രഹാം, സിപിഐ സ്വതന്ത്രന് ബിനു സി.മാത്യു, ജനതാദള്‍ – എസ് സ്വതന്ത്ര ലിജി ചാക്കോ എന്നിവരും ബിജെപിയിലെ തങ്കപ്പന്‍പിള്ളയും പ്രമേയത്തിന് അനുകൂലമായി വോട്ടു ചെയ്തു. മറുപക്ഷത്ത സിപിഎമ്മിലെ അനല്‍ തുണ്ടിയില്‍, ബെറ്റ്സി കെ. ഉമ്മന്‍, ഷൈനി രാജീവ്, ലാലി ജോസഫ്, സിപിഐയിലെ അനി സുരേഷ്, ബിനിറ്റ് കെ.മാത്യു, പൊന്നി തോമസ്, മുന്‍ പ്രസിഡന്റ് അനു ടി. സാമുവേല്‍ എന്നിവരാണ് പ്രമേയത്തെ എതിര്‍ത്തത്. ഉച്ചകഴിഞ്ഞ് വൈസ് പ്രസിഡന്റിനെതിരെയുള്ള അവിശ്വാസത്തിലും മെംബര്‍മാരുടെ നിലപാടുകളില്‍ മാറ്റമുണ്ടായില്ല. വൈസ് പ്രസിഡന്റിനെതിരെയുള്ള പ്രമേയം കോണ്‍ഗ്രസിലെ അനിത അനില്‍ കുമാര്‍ അവതരിപ്പിക്കുകയും എല്‍സി മാത്യു പിന്താങ്ങുകയും ചെയ്തു.
പാര്‍ട്ടി നടപടിക്കു വിധേയനായി പ്രസിഡന്റു സ്ഥാനം ഒഴിയേണ്ടിവന്ന അനു ടി.സാമുവേല്‍ അവിശ്വാസ നീക്കത്തെ പിന്തുണയ്ക്കുകയും എല്‍ഡിഎഫിലെ മറ്റ് രണ്ടുപേര്‍ക്കൊപ്പം ഒപ്പുവയ്ക്കുകയും ചെയ്തിരുന്നതാണ്. അനു ഉള്‍പ്പെടെ എട്ടുപേര്‍ ഒപ്പിട്ടാണ് അവിശ്വാസനോട്ടീസ് നല്‍കിയത്. അനു പിന്മാറിയെങ്കിലും ജനതാദള്‍-എസ് സ്വതന്ത്രാംഗം ലിജി ചാക്കോ നിലപാടു മാറ്റിയതാണ് എല്‍ഡിഎഫിനു വിനയായത്. ബിജെപിയും അവിശ്വാസ പ്രമേയത്തെ പിന്തുണയ്ക്കാന്‍ തയാറായതോടെ അപ്രതീക്ഷിതമായി പഴവങ്ങാടിയില്‍ സിപിഎമ്മിനു ഭരണനഷ്ടം ഉണ്ടായി. ഭരണസ്തംഭനവും വികസനമില്ലായ്മയും ചൂണ്ടിക്കാട്ടിയാണ് അവിശ്വാസ നോട്ടീസ് നല്‍കിയത്. ഒപ്പുവച്ച മെംബര്‍മാരെ തിരികെ കൊണ്ടുവരാന്‍ സിപിഎം, സിപിഐ നേതാക്കള്‍ ശ്രമിച്ചെങ്കിലും പ്രസിഡന്റിനെയും വൈസ് പ്രസിഡന്റിനെയും മാറ്റണമെന്ന നിലപാടില്‍ അവര്‍ ഉറച്ചുനിന്നു. എന്നാല്‍ ഭൂരിപക്ഷമുള്ളതിനാല്‍ അവിശ്വാസം പാസാകില്ലെന്ന പ്രതീക്ഷയാണ് സിപിഎം നേതാക്കള്‍ക്കുണ്ടായിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: