അഞ്ചു പ്രധാനമന്ത്രിമാര്‍ക്കൊപ്പം പ്രവര്‍ത്തിച്ച സേതുമാധവന് പറയുന്നു, ”ഇതാണ് പ്രവര്‍ത്തന രീതി. ഭരണത്തലവന്, പ്രധാനമന്ത്രിയുടെ ഓഫീസിന്, എല്ലാറ്റിനും മേലേ നിയന്ത്രണം വേണം. നീരീക്ഷണം വേണം. അല്ലെങ്കില്‍ ഓരോരുത്തരും അവരവരുടെ വഴിക്കാകും. അത് ഭരണതലത്തില്‍ പ്രശ്നമുണ്ടാക്കും. നരേന്ദ്ര മോദിയെക്കുറിച്ച്, മോദിയുടെ ഓഫീസിനെക്കുറിച്ച് ആരെങ്കിലും ആക്ഷേപം ഉന്നയിക്കുന്നെങ്കില്‍ അത് കാര്യങ്ങള്‍ അറിയാത്തവരാണ്.” അഞ്ച് പ്രധാനമന്ത്രിമാര്‍ക്കൊപ്പം പിഎംഒയില്‍ പ്രവര്‍ത്തിച്ച പി. സേതുമാധവന്, രാഷ്ട്രപതി ആര്. വെങ്കിട്ടരാമനൊപ്പവും രണ്ടുവര്ഷമുണ്ടായിരുന്നു; സിബിഐയിലും.
പതിനെട്ടാം വയസ്സില്‍ ജോലിതേടി അന്നത്തെ മദ്രാസിന് വണ്ടികയറി. കൊല്‍ക്കത്തയിലും പൂനെയിലും ദല്‍ഹിയിലും ജോലി നേടി, വരമിച്ചശേഷം എട്ടുവര്‍ഷംകൂടി ജോലിയില്‍ തുടര്‍ന്നു, സര്‍ക്കാര്‍ നിര്‍ബന്ധ പ്രകാരം. ഇപ്പോള്‍ ഒറ്റപ്പാലത്ത് മണിശ്ശേരിയില് മക്കള്‍ക്കൊപ്പം വിശ്രമിക്കുന്ന സേതുമാധവന്റെ ജീവിതം സംഭവ ബഹുലമാണ്.
കര്‍മ്മം ആരാധനയായി അനുഷ്ഠിച്ചതാണ് അദ്ദേഹത്തിന്റെ ജീവിതനേട്ടം. സത്യസന്ധതയും കൃത്യ നിഷ്ഠയും കൈമുതലായിരുന്നു. ആര്‍ക്കുമുന്നിലും അതുകൊണ്ടുതന്നെ അനാവശ്യമായി വഴങ്ങേണ്ടിവന്നില്ല. സേതുമാധവനെ സേവനത്തിനു കിട്ടാന്‍ വിവിധ ഡിപ്പാര്‍ട്ടുമെന്റുകളിലെ മേധാവികള്‍ മത്സരിക്കുകയായിരുന്നു.
ഇന്ന് മോദി സര്‍ക്കാരില്‍ പ്രവര്‍ത്തിക്കാന്‍ ക്ഷണം കിട്ടിയാല്‍ പോകാന്‍ തയ്യാറെന്നാണ് ഭാവം, തന്റെ സങ്കല്‍പ്പത്തിലെ ഭരണാധികാരിയാണ് മോദിയെന്ന മട്ടില്‍ സേതുമാധവന്റെ പ്രതികരണം: ”ഇപ്പോള്‍ അഴിമതിയെന്ന വാക്കു കേള്‍ക്കാനുണ്ടോ. അതാണ് യഥാര്‍ത്ഥ ഭരണാധികാരിയുടെ നേട്ടം.” എണ്പത്തിയേഴുകാരന് ആരോഗ്യം മാത്രമാണ് തടസ്സം.
അഴിമതിക്കും അവിഹിത ഇടപാടിനും പോകില്ലെന്നത് സേതുമാധവന്റെ നിശ്ചയ ദാര്‍ഢ്യമായിരുന്നു. സര്‍വീസിലിരുന്ന് കോടികള്‍ സമ്പാദിച്ചവര്‍ ഏറെ. പക്ഷേ, 48 വര്‍ഷത്തെ സര്‍ക്കാര്‍ സേവനത്തിനിടെ സ്വന്തമായി ഒരു വീടുകെട്ടിപ്പൊക്കാന്‍ കൂടി കഴിഞ്ഞിട്ടില്ലാത്തയാളാണ് സേതുമാധവന്, അതും അത്രയേറെ ഉയര്‍ന്ന പദവികളില്‍ ഇരുന്നിട്ടും.
സേവനത്തിന്റെ ആദ്യകാലത്ത്, യുവാവായിരിക്കെ, കോടികള്‍ വിലമതിക്കുന്ന സര്‍ക്കാര്‍ വസ്തു കൈമാറ്റ ഇടപാടില്‍, ചിലര്‍ വെച്ചുനീട്ടിയ വന്‍തുകയുടെ ‘വിഹിതം’ നിരസിച്ചതുകണ്ട് ആ വന്‍ ബിസിനസുകാരന് അമ്പരന്നു നിന്നത് വിവരിക്കുമ്പോള്‍ സേതുമാധവന് പൊട്ടിച്ചിരിക്കുന്നു. ദല്‍ഹയില്‍ സര്‍വീസിലിരിക്കെ, അന്നത്തെ ലഫ്റ്റനന്റ്ഗവര്ണ്ണര് മുന്‍കൈയെടുത്ത് സേതുവിന് ഒരു സര്‍ക്കാര്‍ ഫള്ാറ്റ് ഏര്‍പ്പാടാക്കി. ഫ്ളാറ്റ് കൈമാറ്റം ചെയ്യേണ്ട ഉദ്യോഗസ്ഥന് അതിന് അരലക്ഷം രൂപ കൈക്കൂലി ചോദിച്ചു.
വീടുവേണ്ടെന്നുവെച്ചു, അയാളെ ഓടിച്ചു വിട്ടു. ആ സംഭവങ്ങള്‍ വിവരിക്കുമ്പോള്‍ അദ്ദേഹത്തിന് ആനന്ദം, അരുതാത്തത് ചെയ്യാത്തതില്‍. കേള്‍ക്കുമ്പോള്‍ അത്ഭുതം, കാരണം, അതൊക്കെ സിനിയിലേ കണ്ടിട്ടുള്ളല്ലോ… എണ്പത്തിയേഴുകാരന് പറയുന്നു,”മക്കള്‍ക്ക് വലിയ സമ്പാദ്യമൊന്നും കൊടുക്കാനായില്ല. പക്ഷേ, വിദ്യാഭ്യാസം കൊടുത്തു, സംസ്കാരം കൊടുത്തു. അതുകൊണ്ടുതന്നെ അവരെല്ലാം നല്ല നിലയിലെത്തി.” ഭാര്യ മരിച്ചു. ആരോഗ്യ പ്രശ്നങ്ങള്‍ അലട്ടുന്നെങ്കിലും സക്രിയനാണ്, വെറുതേ ഇരിക്കാന്‍ ശീലിച്ചിട്ടില്ല.
യുപിഎസ്സി പരീക്ഷ എഴുതിയാണ് കേന്ദ്ര സര്‍ക്കാര്‍ സര്‍വീസില്‍ കയറിയത്. ക്ലാര്‍ക്കായി തുടക്കം. വിരമിക്കുമ്പോള്‍ പ്രധാനമന്ത്രിയുടെ ഓഫീസില്‍ ഉയര്‍ന്ന പദവിയില്‍. അഞ്ച് പ്രധാനമന്ത്രിമാര്‍ക്കൊപ്പം ജോലി ചെയ്തു- ഇന്ദിരാഗാന്ധി, രാജീവ് ഗാന്ധി, വി.പി. സിങ്, ചന്ദ്രശേഖര്‍, പി. വി. നരസിംഹറാവു എന്നിവര്‍ക്കൊപ്പം.
1996-ല്‍ പിരിഞ്ഞു. ഇവര്‍ ഓരോരുത്തരേയും കുറിച്ച് ഏറെ പറയാനുണ്ട്, കുറേനാള്‍ സേവനമനുഷ്ഠിച്ച സിബിഐയെ കുറിച്ചും. ”അതു പാടില്ല, പലരും ചോദിക്കും, എന്തുകൊണ്ട് അനുഭവങ്ങള്‍ എഴുതുന്നില്ല, ആളുകള്‍ അറിയട്ടെ എന്ന്. എന്നേക്കാള്‍ അനുഭവം ഉള്ള എത്രയോ പേര്, എന്റെ അനുഭവമൊന്നും ആരും പഠിക്കേണ്ടതല്ല, പകര്‍ത്തേണ്ടതല്ല. അപ്പോള്‍പ്പിന്നെ എന്തിനെഴുതണം,” എന്നാണ് ചോദ്യം. എന്നാല്‍, അങ്ങനെയൊരു കുറിപ്പുണ്ടാകാതെ പോകുന്നത് ചരിത്രത്തിന് നഷ്ടമാണെന്ന് സേതുമാധവനോട് സംസാരിച്ചിരിക്കുമ്പോള്‍ തോന്നും.
സംസാരിച്ചതൊക്കെ എഴുതട്ടെ എന്നു ചോദിച്ചാല്‍ അതിനും വിലക്ക്: ”അതു വേണ്ട. പലതും എനിക്കു മാത്രം അറിയാവുന്നതാണ്. അത് പരസ്യമാക്കുന്നത് ശരിയല്ലെന്ന് മനസ്സു പറയുന്നു,” ഈ ചിന്തയും മനസ്സും നയവും നിലപാടുമാണ് അദ്ദേഹത്തെ വേറിട്ടു നിര്‍ത്തുന്നത്. ഉള്ളതും ഇല്ലാത്തതും പറഞ്ഞും എഴുതിയും പ്രസിദ്ധീകരിച്ചും ഒറ്റനിമിഷത്തേക്ക് കീര്‍ത്തിമാനാകാന്‍ തിക്കിത്തിരക്കുന്നവര്ക്കിടയില് തികച്ചും വ്യത്യസ്തന്.
ഇതുകൂടി; ഭാഷാ പിതാവ് തുഞ്ചത്തെഴുത്തച്ഛന്റെ ജന്മദേശമായ ചിറ്റൂരിലെ സ്മാരകത്തോട് കുട്ടിക്കാലം മുതലേ സേതുമാധവന് അടുപ്പമുണ്ട്. ഏറെ അകലെയല്ലാത്ത വല്ലങ്ങിയിലാണ് സേതു ജനിച്ച തറവാട്. ഇപ്പോള്‍ എഴുത്തച്ഛനെക്കുറിച്ച് വായിക്കുകയും അന്വേഷിക്കുകയുമാണിപ്പോള് സേതു. ഭാഷാപിതാവിനെക്കുറിച്ച് നിലവിലുള്ളതെല്ലാം അപര്യാപ്തമെന്നാണ് പക്ഷം. ഇത് ഭാഷയും മലയാളിയും കാണിക്കുന്ന കടുത്ത അപരാധമാണെന്ന് നീരീക്ഷണം.
ലോകം അറിയേണ്ട എഴുത്തച്ഛനെക്കുറിച്ച് ലോകഭാഷയിലും മലയാളത്തിലും കനപ്പെട്ടതൊന്നുമില്ലെന്ന് നിഗമനം. മുമ്പ് ഇംഗ്ലീഷില്‍ കുറിച്ച കുറച്ച് വിവരങ്ങളുണ്ട്, അതിനെ സമ്പന്നമാക്കാനുള്ള പരിശ്രമത്തില്‍ ഈ പ്രായത്തിലും അന്വേഷണവും സഞ്ചാരവും വായനയും നടത്തുന്നു. ഇതും സേതുമാധവനെ ആള്‍ക്കൂട്ടത്തില്‍ വേറിട്ടു നിര്‍ത്തുന്നു. ഈ സേതുവിന് സേതുവിനോട് മാത്രമല്ല സ്നേഹം….
പ്രതികരിക്കാൻ ഇവിടെ എഴുതുക: