ഉപദേശികള്‍ ഇല്ലാതായാല്‍ കാര്യങ്ങള്‍ അവതാളത്തിലാവും. അവരുടെ മിടുക്കുപോലെയാണ് കാര്യങ്ങള്‍ മുന്നോട്ടുപോവുന്നത്. ഉപദേശികളുടെ അഭാവം മൂലം എത്രയെത്ര നല്ല സംരംഭങ്ങളാണ് എട്ടുനിലയില്‍ പൊട്ടിയത്. ആയതിനാല്‍ മാനം മര്യാദയോടെ ജീവിക്കണമെങ്കില്‍ ഉപദേശികള്‍ വേണം. ഉപദേശികള്‍ എന്നാല്‍ ഉപദേഷ്ടാക്കള്‍, ച്ചാല്‍ നേരെ ചൊവ്വേ ഓരോന്നും ചെയ്യാന്‍ പറഞ്ഞുകൊടുക്കുന്നവര്‍.
നല്ലയാളുകള്ക്കുമാത്രമേ നല്ല ഉപദേശികളെ കിട്ടൂ എന്നൊന്നുമില്ല. ആര്‍ക്കും ഇമ്മാതിരിയാളുകളെ കിട്ടും. അതിനനുസരിച്ച് റുപ്പിയ ഇറക്കണമെന്നേയുള്ളു. അത് സ്വന്തം അക്കൗണ്ടില്‍ നിന്ന് ആവണമെന്നും നിര്‍ബന്ധമില്ല.
ഇവിടെ മറ്റൊരു കാര്യം സൂചിപ്പിക്കാനുണ്ട്. ചിലയാളുകളുടെ പ്രവര്‍ത്തനം കാണുമ്പോള്‍ ചിലര്‍ ഉപദേശികളായി സ്വയം ചമഞ്ഞ് അവര്‍ക്കടുത്തേക്ക് ചെല്ലും. കാരണമെന്താണെന്നുവെച്ചാല്‍ അറിയാതെ ഓരോന്ന് ചെയ്ത് ഏടാകൂടത്തില്‍ പെടണ്ട എന്ന ഒറ്റക്കാര്യം കൊണ്ടുതന്നെ !
ഇവിടെ നമുക്കറിയാം പതിനെട്ടടവും പയറ്റിയിട്ടും ക്ലച്ചുപിടിക്കാത്ത കെഎസ്ആര്‍ടിസിയെ ഉന്തിത്തള്ളിക്കൊണ്ടുപോകാന്‍ പെടാപ്പാടുപെടുന്ന ഒരു മന്ത്രിയുണ്ടായിരുന്നു. അദ്യത്തെ കാണുമ്പോള്‍ തന്നെ സഹതാപക്കടല്‍ ആഞ്ഞടിക്കും. അതുകണ്ട് വിഷമിച്ചാണ് ഒരു പത്രക്കാരി ഉപദേശകയുടെ റോള്‍ സ്വയമെടുത്ത് രംഗത്തിറങ്ങിയത്.
ഇത്തരം കാര്യങ്ങളില്‍ വളരെ നിപുണയെന്ന് മാനേജ്മെന്റിന് ബോധ്യമുള്ളതുകൊണ്ടാണ് അവരെ തന്നെ സംഗതി ഏല്‍പ്പിച്ചത്. എന്നാല്‍ ആക്രാന്തത്തിന്റെ ശക്തി കൂടിപ്പോയതിനാല്‍ സംഭവഗതികള്‍ മാറിമറിഞ്ഞു. ചക്കിനു വെച്ചത് കൊക്കിനോ മറ്റോ കൊണ്ടു എന്നു പറഞ്ഞതുപോലെയായി. ആരെയും ഉപദ്രവിക്കണമെന്ന് ഒരു പത്രക്കാരനും, കാരിയും വിചാരിക്കില്ല. സമൂഹത്തിന് അറിയേണ്ടതും കേള്‍ക്കേണ്ടതും യുക്തിഭദ്രതയോടെ നിരത്തി വെക്കുകയെന്നതത്രേ ടിയാന്മാരുടെ ആകെയുള്ള ലക്ഷ്യം.
ആ ലക്ഷ്യത്തിന്റെ പിന്നാമ്പുറത്തേക്കൊന്നും പോകാന്‍ അവര്‍ താല്പ്പര്യമെടുക്കാറേയില്ല. നമ്മുടെ മന്ത്രിയുടെ കാര്യവും അങ്ങനെ തന്നെയാണ്. തന്റെ ഉപദേശിയായി വരുന്നയാളെ ഏതു തരത്തില്‍ ട്രീറ്റ് ചെയ്യണമെന്ന് മന്ത്രിക്കറിയാം. അതൊരു പരീക്ഷണമാണ്. സ്റ്റഫ് അറിയുക തന്നെ. ഇരുവരും സ്റ്റഫ് അറിയാന്‍ ശ്രമിക്കുന്നതിന്റെ രസച്ചരടാണ് മാനേജ്മെന്റിന്റെ പിടിവള്ളി.
ടാംറേറ്റ് കൂട്ടാന്‍ ഇതിനെക്കാള്‍ മികച്ചതൊന്നം കിട്ടില്ല എന്ന് ആര്‍ക്കാണറിയാത്തത്. ഏതായാലും ടാംറേറ്റിംഗിന്റെ ചൂണ്ടക്കൊളുത്തില്‍ പിടഞ്ഞുതൂങ്ങിയ ഇര എക്കാലത്തേക്കും പത്രക്കാരുടെയും മന്ത്രിമാരുള്‍പ്പെട്ട സംഘത്തിന്റെയും പേടിസ്വപ്നമായി മാറി എന്നതാണ് ഇതിലെ ഏറ്റവും വേദനാജനകമായ വശം.
ഒരു മന്ത്രിയെ ഇറക്കിക്കെട്ടിയതോടെ ചാനലിന് പെരുത്ത് സുഖം. ഇനി ഇമ്മാതിരി ഏര്‍പ്പാടുകള്‍ക്ക് ഇറങ്ങിപ്പുറപ്പെടുന്നവര്‍ എന്തൊക്കെ ശ്രദ്ധിക്കണമെന്നതിന്റെ ഗുണപാഠം കൂടി അതില്‍ ഉള്‍ച്ചേര്‍ന്നു കിടക്കുന്നു എന്നത് എത്ര ആശ്വാസപ്രദം !
പത്രപ്രവര്‍ത്തനം ന്യൂജന്‍ മലകയറി ഇറങ്ങുമ്പോള്‍ എന്തൊക്കെ വ്യത്യസ്ത മുഖങ്ങള്‍ കാണിക്കുന്നു എന്നു നോക്കുക. ഉപദേശിമാര്‍ അവരുടെ കഴിവും കരുത്തും ഇനിയും ഇത്തരം മാര്‍ഗങ്ങളിലൂടെ തെളിയിച്ചുകൊണ്ടേയിരിക്കും. ഒരു മുരിക്കുവടി തല്പരകക്ഷികള് കരുതി വെക്കുന്നത് നന്നാവുമെന്ന് തോന്നുന്നു.
നമ്മുടെ മുഖ്യമന്ത്രി ഇപ്പോള്‍ എത്രയൊക്കെ വകുപ്പുകള്‍ കൈകാര്യം ചെയ്യുന്നുണ്ടെന്ന് അദ്ദേഹത്തിനുപോലും വലിയ നിശ്ചയമില്ല. അതുകൊണ്ടുതന്നെ ഒന്നിനെക്കുറിച്ചും അദ്യം ഒന്നും പറയാറുമില്ല. ഇടക്കിടെ പാര്‍ട്ടി വാറോല കാണുമ്പോള്‍ ഞെട്ടിയെഴുന്നേറ്റ് എന്തൊക്കെയോ പറയും. ഉടനെതന്നെ നമ്മുടെ ലോകൈക പത്രപ്രവര്‍ത്തകനായ ഉപദേശി തദനുബന്ധമായ കാര്യങ്ങളെക്കുറിച്ച് ഒരലക്ക് അലക്കും. സംഗതി ശുഭം. എന്നാല്‍ ആഭ്യന്തരത്തിന്റെ കാര്യത്തില്‍ ഒന്നും അത്രയ്ക്കങ്ങട് ശരിയാവണില്ല.
അതിനെന്ത് വഴിയെന്ന് ചിന്തിച്ചപ്പോഴാണ് അടുത്തൂണ്‍ പറ്റിയ ഡിജിപിയേമാന്മാര് തിരയെണ്ണിക്കഴിയുകയാണെന്ന റിപ്പോര്‍ട്ടു കിട്ടിയത്. പിന്നെന്തുകൊണ്ട് ആ വഴിക്കൊരു ആലോചന ആയിക്കൂടാ. അഞ്ചോളം ഉപദേഷ്ടാക്കളുടെ പത്മവ്യൂഹത്തില്‍ പെട്ടിരിക്കുമ്പോള്‍ ഒരാള്‍ കൂടിയായാല്‍ വലിയ പ്രശ്നമില്ലല്ലോ.
പിന്നെ തറവാട്ടില്‍ നിന്ന് അണ പൈ ചെലവഴിക്കേണ്ടതുമില്ല. പൊലീസുകാര്‍ ഗുണ്ടകളാണോ ഗുണ്ടകള്‍ പൊലീസുകാരായതാണോ എന്ന സംശയം നിലനില്‍ക്കെ ഒരു പാര്‍ട്ടി കൊമ്മിസാറിനെ ഉപദേശകന്റെ റോളില്‍ വെച്ചാല്‍ എല്ലാം ടിയാന്റെ തലയില്‍ വെച്ച് തടിയൂരുകയും ചെയ്യാം.
ആണ്പോലീസിനെക്കാള് വീര്യം പെണ്‍പോലീസിനു വന്നത് സ്ത്രീശാക്തീകരണത്തിന്റെ ഗുണം കൊണ്ടാണെന്ന് കഴിഞ്ഞ ദിവസം തിര്വന്തോരത്ത് നടന്ന സംഭവഗതികളിലൂടെ നാമറഞ്ഞിട്ടുമുണ്ട്. സ്വന്തം മകന്റെ കൊലയാളികളെ കൈയാമം വെപ്പിക്കാന്‍ തിരുവനന്തപുരത്ത് സമരം നടത്തിയ ഒരമ്മയെ എത്ര ഭംഗിയായാണ് നമ്മുടെ ധീരവനിതാ സിങ്കങ്ങള്‍ കൈകാര്യം ചെയ്തത്. ഇത്തരക്കാര്‍ക്ക് കൂടുതല്‍ കരുത്ത് നല്കിയാല് ഈ മലയാള ദേശത്തെ ഏതു പ്രശ്നവും കണ്ണടച്ചു തുറക്കുമ്പോഴേക്കും പരിഹരിക്കാം.
സേനതയാറാണ്; ഇനി ഉപദേശി വന്നാല്‍ മാത്രം മതി. ഏതായാലും ഇതു വായിച്ചു തുടങ്ങുമ്പോഴേക്ക് ആഭ്യന്തര വകുപ്പില്‍ ഉപദേഷ്ടാവ് എത്തിയിരിക്കും. ഭരണത്തെക്കുറിച്ച് മണ്ണും ചാണകവുമറിഞ്ഞുകൂടാത്തവര് എന്തെങ്കിലും ചെയ്യുന്നതിനേക്കാള്‍ ഭേദം ഉപദേശികള്‍ വകതിരിവോടെ വല്ലതും ചെയ്യുന്നതല്ലേ. ഉപദേശികളുടെ ഉപദേശം കേട്ട്കേട്ട് എല്ലാവരും ഉപദേശിമാരാകുമോ എന്ന സംശയമേ ഉള്ളൂ.
***** ***** *****
സംഗീതത്തിന്റെ ഉയിരും ഉണര്‍വുമായി ജീവിതത്തിന്റെ സമ്പന്നതകളിലേക്കും സഹൃദയത്വത്തിലേക്കും ആണ്ടിറങ്ങിയ അഭൗമ വ്യക്തിത്വമായിരുന്നു കിഷോരി അമോങ്കറുടേത്. 84-ാം വയസ്സില്‍ ദീപ്ത ശോഭയാര്‍ന്ന ആ ജീവന് നീലാകാശത്തേക്ക് ചേക്കേറുമ്പോള്‍ ജയ്പൂര്‍ ഖരാനയുടെ ഹൃദയം നിലച്ചതുപോലെയുള്ള അനുഭവമാണ് സംഗീത പ്രേമികള്‍ക്കുള്ളത്.
ജീവിതം തന്നെ സംഗീതമായിരുന്നു കിഷോരിക്ക്. സംഗീതത്തെക്കുറിച്ചറിയാത്തവരോട് സംസാരിക്കുമ്പോള്‍ ഒരിക്കല്‍ പോലും സംഗീതത്തിന്റെ സാധ്യതകള്‍ അവര്‍ ഉപയോഗപ്പെടുത്തിയില്ല.
അത്ര വിശുദ്ധിയാണ് ജീവിതത്തിലുടനീളം അവര്‍ പുലര്‍ത്തിയത്. മാസങ്ങള്‍ക്കുമുമ്പ് ദില്ലിയില്‍ ഒരു സംഗീതമഴയായ് അവര്‍ പെയ്തിറങ്ങി. പോകുമ്പോള്‍ ‘ഞാന്‍ ഇനിയും വരും പാടും’ എന്ന് സംഘാടകര്‍ക്ക് വാക്കുകൊടുത്തു. എന്നാല്‍ വിധി ഒരു സംഗീതമായിത്തന്നെ അവരെ വാരിയെടുത്ത് ഖരാനയുടെ ഏതോ നീലാകാശത്ത് എത്തിച്ചിരിക്കുകയാണ്. സ്വന്തം അമ്മയില്‍ നിന്ന് കൈപ്പറ്റിയ സംഗീതത്തിന്റെ കൈവഴികളെ സാധകം ചെയ്ത ആ വാനമ്പാടിയെ ആര്‍ക്ക് മറക്കാനാവും ?
ഗീത് ഗായാ പഥറോം നേ
സാസോം കി താര് പര്
ധട്കന് കി താല് പര്
ദില്‍ കീ പുകാര്‍ കാ
രംഗ് ഭരേ പ്യാര് കാ
ഗീത് ഗായാ പഥറോം നേ…..
ഓര്‍മ്മകളില്‍ ജയ്പൂര്‍ ഖരാനയുടെ പിന്മുറക്കാരി തുള്ളിത്തുടിച്ചു വരികയാണ്. അവര്‍ക്ക് സാദര പ്രണാമം.
***** ***** *****
ഫ്ളോറി നമ്മുടെ വിപ്ലവക്കൂട്ടങ്ങള്‍ക്ക് ഒരു പേടിസ്വപ്നമാണ്. ഇന്നും അവരുടെ വയോവൃദ്ധ നേതൃത്വം നട്ടപ്പാതിരക്ക് ഫ്ളോറിയുടെ പ്രേതത്തെ കണ്ട് നടുങ്ങാറുണ്ടെന്ന് പുകസക്കാര്‍ സാക്ഷ്യം പറയാറുണ്ട്. എന്നാല്‍ ജീവനോടെ മറ്റൊരു അമ്മ ഊണിലും ഉറക്കിലും അവര്‍ക്ക് സൈ്വരം കിട്ടാതാക്കാന്‍ ഇറങ്ങിത്തിരിച്ചിരിക്കുന്നു. പൊന്നുമോനെ കൊലയ്ക്കു കൊടുത്തവര്‍ക്ക് സദ്യ വിളമ്പുന്നവരെ ശപിച്ചുകരഞ്ഞുകൊണ്ട് കേരളത്തിന്റെ മനസ്സാക്ഷിയുടെ ഉമ്മറക്കോലായില്‍ മഹിജയെന്ന അമ്മ ഉറങ്ങാതിരിക്കുന്നു. ഏത് പൊലീസിനാവും ആ അമ്മയെ അടിച്ചോടിക്കാന്‍ ? ഏതു പട്ടാളത്തിനാവും വെടിവെച്ചിടാന്‍? ഭരണകൂട ധാര്‍ഷ്ട്യത്തിനു നേരെയുള്ള ഒരമ്മയുടെ നിലവിളിക്ക് എന്തെന്തൊക്കെ മാനങ്ങളുണ്ടെന്ന് നമുക്ക് വഴിയേ അറിയാം.
നേര്‍മുറി
പിണറായി വിജയന് മന്ത്രിസഭയുടെ ഒന്നാം വാര്‍ഷികം
‘വഴികാട്ടുന്ന കേരളം’ എന്നപേരില്‍-
വാര്‍ത്ത (മനോരമ, ഏപ്രില്‍ 06)
കുഴിവെട്ടുന്ന കേരളത്തിലേക്ക്
അല്പ ദൂരം
daslak@gmail.com
പ്രതികരിക്കാൻ ഇവിടെ എഴുതുക: