കാസര്‍കോട്: പോലീസ് കസ്റ്റഡിയില്‍ യുവാവ് മരിക്കാനിടയായ സംഭവത്തില്‍ പ്രതിഷേധിച്ച് ബിജെപി കാസര്‍കോട് നിയോജകമണ്ഡലം കമ്മിറ്റി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ പൂര്‍ണം. കാസര്‍കോട് നഗരത്തിലെ ബിഎംഎസ് ഓട്ടോ ഡ്രൈവറായ സന്ദീപ് (28) ആണ് പോലീസ് മര്‍ദ്ദനത്തില്‍ മരിച്ചത്.
താളിപ്പടുപ്പ് പ്രദേശത്ത് ഹര്‍ത്താല്‍ അനുകൂലികള്‍ക്ക് നേരെ പോലീസ് അതിക്രമം നടക്കുന്നതറിഞ്ഞെത്തിയ യുവമോര്‍ച്ച സംസ്ഥാന സെക്രട്ടറി എ.പി. ഹരീഷ്‌കുമാറി(29)നെ പോലീസ് മര്‍ദ്ദിച്ചു. ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പോലീസും സമരക്കാരുമായി സംസാരിച്ചുകൊണ്ടിരിക്കേ പിന്നില്‍ നിന്നെത്തിയ ഒരു പോലീസുകാരന്‍ തലയ്‌ക്ക് അടിക്കുകയായിരുന്നുവെന്ന് ബിജെപി നേതാക്കള്‍ പറഞ്ഞു.
സംഭവസ്ഥലത്ത് തന്നെ ഹരീഷ് കുമാര്‍ ബോധരഹിതനായി. ബിജെപി സംസ്ഥാന സമിതിയംഗം രവീശ തന്ത്രി കുണ്ടാര്‍, ജില്ലാ ജനറല്‍ സെക്രട്ടറി പി. രമേശ്, മഹിളാ മോര്‍ച്ച സംസ്ഥാന സമിതിയംഗം അനിത ആര്‍. നായ്‌ക് തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു. ലാത്തിച്ചാര്‍ജ്ജില്‍ പരിക്കേറ്റ ഗുഡെ ടെമ്പിള്‍ സ്വദേശി ഉദയന്‍ (36), നെല്ലിക്കുന്ന് സ്വദേശി ഹര്‍ഷത്ത് (18) എന്നിവര്‍ കാസര്‍കോട് സ്വകാര്യാശുപത്രിയില്‍ ചികിത്സ തേടി.
















