തിരുവനന്തപുരം: ഏപ്രില്‍ നാലിന് തിരുവനന്തപുരത്തേക്ക് തിരിച്ച ജിഷ്ണുവിന്റെ കുടുംബത്തെ ആവേശപൂര്‍വമാണ് വളയത്തെ സിപിഎം പ്രാദേശികനേതൃത്വം യാത്രഅയച്ചത്. യാത്രാസംഘത്തിലെ 14 പേരെയും രക്തഹാരമണിയിച്ചു. റെയില്‍വേസ്റ്റേഷനില്‍ തീവണ്ടിയുടെ ശബ്ദത്തേക്കാള്‍ ഉറക്കെ ഇന്‍ക്വിലാബ് മുഴങ്ങി. എന്നാല്‍ സ്വന്തം പാര്‍ട്ടി ഭരിക്കുമ്പോള്‍ പോലീസില്‍ നിന്ന് ഇത്തരമൊരു വരവേല്‍പ്പ് ലഭിക്കുമെന്ന് സ്വപ്‌നത്തില്‍പോലും കരുതിയിരുന്നില്ലെന്ന് ജിഷ്ണുവിന്റെ സുഹൃത്ത് ബിമല്‍ പറഞ്ഞു.
തിരുവനന്തപുരത്തെത്തിയ ശേഷം എല്ലാവരുടെയും പിന്തുണ അഭ്യര്‍ത്ഥിച്ചശേഷമാണ് ഡിജിപിയെ കാണാനെത്തിയത്. ഡിജിപി ഓഫീസിലേക്കെത്തും മുമ്പേ പോലീസ് ആക്രമിച്ചു. മഹിജയെ റോഡിലൂടെ വലിച്ചിഴയ്‌ക്കുന്ന രംഗം ഭീതിയോടെയാണ് ബിമല്‍ വിവരിച്ചത്. നിന്നോടൊക്കെ സമാധാനം പറഞ്ഞിട്ട് കാര്യമില്ലെന്ന് ആക്രോശിച്ചുകൊണ്ടാണ് കന്റോണ്‍മെന്റ് എസി ബൈജു സംഘത്തിന് നേരെ പാഞ്ഞടുത്തത്. ഡിജിപിയെ കാണാനുള്ള അനുമതി ഉണ്ടെന്ന് പറഞ്ഞപ്പോള്‍ അത് കയ്യില്‍ വച്ചാല്‍ മതിയെന്നായിരുന്നു മറുപടി. മിനിട്ടുകള്‍ക്കുള്ളില്‍ പോലീസ് വളഞ്ഞു. നാലുഭാഗത്ത് നിന്നും പോലീസ് മര്‍ദ്ദിച്ചു. റോഡില്‍ വീണ അമ്മയെ ചവിട്ടിയപ്പോള്‍ പിടിച്ചുമാറ്റാനായി ചെന്ന തന്നെ പോലീസ് പിന്നില്‍ നിന്ന് വലിച്ചു തറയിലിട്ടു. കഴുത്തിന് കുത്തിപ്പിടിച്ചാണ് വാനിലുള്ളിലേക്ക് തള്ളിയത്.
വാനിലുള്ളിലാണ് പോലീസിന്റെ യഥാത്ഥരൂപം കണ്ടത്. ഭീകരരോടെന്ന പോലെയാണ് പോലീസ് പെരുമാറിയത്. ശ്വാസംവിടാന്‍ പോലും അനുവദിച്ചില്ല. ആദ്യം പുരുഷന്മാരെ മാത്രം കയറ്റി വാതിലടച്ചു. ബാക്കിയുള്ളവര്‍ എവിടെയെന്ന ചോദ്യത്തിന് ഭീഷണിയായിരുന്നു മറുപടി. നിനക്കൊന്നും മിണ്ടാന്‍ അവകാശമില്ല, ഞങ്ങള്‍ പറയുന്നത് കേട്ടാല്‍ മതിയെന്നായിരുന്നു പോലീസ് ആക്രോശിച്ചത്. വാനിലുള്ളിലേക്ക് പാഞ്ഞുകയറി എസി ബൈജു ജിഷ്ണുവിന്റെ അമ്മയെ ‘എടീ’ എന്നുവിളിച്ച് അധിക്ഷേപിച്ച് സംസാരിച്ചു. മറ്റുള്ളവര്‍ എതിര്‍ത്തപ്പോള്‍ മര്‍ദ്ദിക്കുമെന്നായി. ഇതെല്ലാം പറയുമ്പോള്‍ ബിമലിന്റെ കണ്ണുകളിലെ ഭയം മാത്രം മതി പോലീസ് നടപടി സത്യമാണെന്ന് തിരിച്ചറിയാന്‍. തളര്‍ന്നുവീണ മഹിജയെ ആദ്യം ആശുപത്രിയിലെത്തിക്കാന്‍ പോലീസ് തയ്യാറായില്ല. ബഹളം വച്ചശേഷമാണ് ആശുപത്രിയിലെത്തിക്കാന്‍ തയ്യാറായത്.
ബാക്കിയുള്ളവരെ നന്ദാവനം എആര്‍ ക്യാമ്പിലെത്തിച്ചു. ആ സമയമൊന്നും തോക്കുസ്വാമി തങ്ങള്‍ക്കൊപ്പം ഇല്ലായിരുന്നുവെന്ന് ബിമല്‍ ഓര്‍ക്കുന്നു. ഷാജഹാനും ഷാജിര്‍ഖാനും ഉണ്ടായിരുന്നു. ആദ്യം ബന്ധുക്കളെ മാത്രം വിട്ടയച്ചു. നിരവധി തവണ വിവരങ്ങള്‍ എഴുതിയെടുത്തു. മണിക്കൂറുകള്‍ കഴിഞ്ഞാണ് തന്നെയും സുഹൃത്തിനെയും വിട്ടയച്ചത്. ബാക്കിയുള്ളവര്‍ ഗൂഢാലോചനക്കാരാണെന്നും അവരെ വിടരുതെന്നുമാണ് മുകളില്‍ നിന്നുള്ള അറിയപ്പെന്ന് പോലീസ് പറഞ്ഞതായും ബിമല്‍ ചൂണ്ടിക്കാട്ടി.
ജിഷ്ണുവിന്റെ സീനിയറായാണ് ബിമല്‍ നെഹ്‌റുകോളേജില്‍ പഠിച്ചത്. ജിഷ്ണുവിന്റെ മരണം മുതല്‍ എല്ലാത്തിനുമൊപ്പം ബിമലുണ്ട്. ആശുപത്രിയിലും കിടക്കയ്‌ക്കരികിലും മഹിജയുടെ ആശ്വാസമാണ് ബിമല്‍. ജിഷ്ണുവിന്റെ നിരവധി കൂട്ടുകരാണ് ഓരോദിവസവും മഹിജയെ കാണാനെത്തുന്നത്. മകന്റെ കൂട്ടുകാരെ കാണുമ്പോള്‍ തളര്‍ച്ചയ്‌ക്കിടയിലും മഹിജയുടെ മുഖത്ത് ആശ്വാസം വിരിയും. കണ്‍കോണുകളില്‍ അപ്പോഴും ഒരുതുള്ളി കണ്ണുനീര്‍ പൊഴിയാന്‍ കാത്തുനില്‍കുന്നുണ്ടാകും.
















