ഇടുക്കി: അടിമാലി ആനച്ചാലില്‍ അനധികൃതമായി പ്രവര്‍ത്തിക്കുന്ന അമ്യൂസ്‌മെന്റ് പാര്‍ക്കിനെതിരെ സംസ്ഥാന സ്‌പെഷ്യല്‍ ബ്രാഞ്ച്. ഡ്രീംലാന്‍ഡ് സ്‌പൈസ് പാര്‍ക്കിനെതിരെയാണ് ഇന്റലിജന്‍സ് മേധാവിക്ക് റിപ്പോര്‍ട്ട് ലഭിച്ചത്. മനച്ചിരിക്കല്‍ ജോസഫ് വര്‍ക്കി, കിഴക്കേല്‍ ലില്ലി മത്തായി എന്നിവരുടെ ഉടമസ്ഥതയില്‍ രണ്ട് സര്‍വെ നമ്പറുകളിലുള്ള വസ്തുവിലാണ് പാര്‍ക്ക്. എഴുകുംവലല്‍ വേഴാമ്പത്തോട്ടത്തില്‍ ഷാജി ജോര്‍ജാണ് നടത്തിപ്പുകാരന്‍.
പാര്‍ക്ക് പ്രവര്‍ത്തിക്കുന്നത് പഞ്ചായത്ത് ലൈസന്‍സും ഫയര്‍ഫോഴ്‌സിന്റെ സുരക്ഷാ പരിശോധന റിപ്പോര്‍ട്ടും ഇല്ലാതെയാണ്. ആളൊന്നിന് 1,000 രൂപ പ്രവേശന ഫീസ് വാങ്ങുന്ന ഇവര്‍ ലക്ഷങ്ങളുടെ നികുതിയും വെട്ടിക്കുന്നു. സുരക്ഷാ പരിശോധനയില്ലാത്തത് അപകടങ്ങള്‍ക്കും സാധ്യത ഇരട്ടിപ്പിക്കുന്നു.
പാര്‍ക്കില്‍ സവാരിക്കായി ഒട്ടകങ്ങളെ ഉപയോഗിക്കുന്നു. ഇതിന് മൃഗസംരക്ഷണ വകുപ്പിന്റെ അനുമതിയില്ല. വെള്ളത്തൂവല്‍ പഞ്ചായത്ത് 2006ല്‍ ഈട്ടിസിറ്റി ഭാഗത്ത് കുടിവെള്ളം എത്തിക്കുന്നതിന് 3,41,000 രൂപ മുടക്കി നിര്‍മ്മിച്ചിരിക്കുന്ന കുടിവെള്ള പദ്ധതി ഇപ്പോള്‍ പാര്‍ക്കിനുള്ളില്‍. ഇതില്‍ നിന്ന് വന്‍തോതില്‍ കുടിവെള്ളം ചൂഷണം ചെയ്യുന്നുവെന്നും സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ടിലുണ്ട്. പോലീസും ജില്ലാ ഭരണകൂടവും ഈ കൊള്ളയ്‌ക്ക് കൂട്ടുനില്‍ക്കുന്നുണ്ടെന്ന ആക്ഷേപവും ശക്തം.
















