പലവിചാരത്തോടെയാണ് ആള്ക്കാര് കടലുകാണുന്നത്.ചിലര്‍ക്കത് ഒരു തിരയ്ക്കു പിന്നാലെ വരുന്ന പലതിരകളാകാം.കടലിന്റെ ആഴമോ പരപ്പോ അതുണര്‍ത്തുന്ന ദാര്‍ശനിക ചിന്തകളോ ആകാം ചിലര്‍ക്ക്.തീരാത്ത ചിന്തകളുടെ നീണ്ടുപോകുന്ന അലകള്‍ ഉണ്ടാക്കുന്നതാണ് കടല്‍.കഥയും കവിതയും വരയും സിനിമയുമൊക്കയായി വലിയൊരു ക്യാന്‍വാസാണ് കടല്‍.മലയാള സിനിമയില്‍ കടലിന്റെ പ്രശാന്തവും രൗദ്രവുമായ സൗന്ദര്യം പകര്‍ത്തിയതാണ് ചെമ്മീന്‍.
പത്മരാജന്റെ മൂന്നാംപക്കം നോവൂറുന്ന നെഞ്ചിടിപ്പായിത്തീരുന്ന സിനിമയാണ്.കടലുകൊണ്ടുപോയ ജീവന് മൂന്നാംപക്കം തിരിച്ചുകൊണ്ടുവരുമെന്ന സങ്കല്‍പ്പത്തില്‍ നിന്നും ഉരുത്തിരിഞ്ഞതാണ് ഈ സങ്കട സിനിമ.കെവിന് കോസ്നര്‍ നായകനായ കടല്‍ ജീവിതത്തിന്റെ കഥപറയുന്ന ഹോളിവുഡ് ചിത്രം വാട്ടര്‍വേള്‍ഡ് ലോകം കീഴടക്കിയതാണ്.
ഇതിനൊക്കെ അപ്പുറമാണ് സുനാമിയില്‍ കടലെടുത്ത ലക്ഷക്കണക്കിനുള്ളവരുടെ ദുരന്ത കഥകള്‍.മരിച്ചവര്‍ അവശേഷിപ്പിച്ചുപോകുന്ന വ്യസന സമുച്ചയങ്ങള്‍ അവരുടെ ബന്ധുക്കളിലൂടെ നീണ്ടുപോകുന്നു.
അങ്ങനെ കടലിനെ നോക്കി പരിതപിക്കുന്നവര്‍ എത്രയോവാണ്.
കഴിഞ്ഞ ദിവസവും അദ്ദേഹത്തെ കണ്ടു.കടലുകണ്ടു വരുംവഴിയാണ്.ശോകത്തിന്റെ തിരമാലകള്‍ ആ മുഖത്ത് അപ്പഴും തിരയടിക്കുന്നുണ്ടായിരുന്നു.ഫോര്‍ട്ടുകൊച്ചി കടപ്പുറത്തു നിന്ന് കുറെനേരം നോക്കി നിന്നശേഷമുള്ള വരവാണ്.എന്തായിരിക്കും അയാള്‍ കടലിനോട് നിശബ്ദം പറഞ്ഞിട്ടുണ്ടാവുകയെന്ന് വെറുതെ ആലോചിച്ചു.എന്നാണ് എന്റെ മകനെ തിരിച്ചുകൊണ്ടു വരിക എന്നായിരിക്കുമോ ്അയാള്‍ പ്രാര്‍ഥിച്ചിട്ടുണ്ടാകുക.അല്ലെങ്കില്‍ മകനെ കവര്‍ന്നെടുത്ത കടലിനെ ശപിക്കുകയോ.
വര്‍ഷങ്ങള്‍ക്കു മുന്‍പ് ഗോവന്‍ കടപ്പുറത്തുവെച്ചാണ് അയാളുടെ മകന് കടലിനങ്ങേക്കരയിലേക്കു പോയത്.മകന് ഗോവയിലായിരുന്നു ജോലി.ഒരുദിവസം കൂട്ടുകാര്‍ക്കൊപ്പം ബീച്ചില്‍ കുളിക്കാന്‍ പോയതാണ്.അവന്മാത്രം കരയിലേക്കു തിരിച്ചു വന്നില്ല.അവനെ കടല്‍ത്തിര കൊട്ടിപ്പൊതിഞ്ഞു കൊണ്ടുപോകുന്നത് അവര്‍ പെട്ടെന്നു കണ്ടു.അവര്‍ ഒച്ചവെച്ചു.കരഞ്ഞു.ഒപ്പം എല്ലാവരും.രണ്ടു ദിവസം കടലിലെല്ലാവരും തെരഞ്ഞു.അതിനിടയില്‍ അയാള്‍ നാട്ടില്‍ നിന്നും പറന്നെത്തി.
രണ്ടുമൂന്നു രാപകലുകള്‍ അയാള്‍ കടല്‍ത്തീരത്തു തന്നെയായിരുന്നു.എല്ലാവരുംപോയിട്ടും അയാള്മാത്രംപോയില്ല.മൂന്നാംപക്കം അവന് തിരിച്ചുവരുമെന്നു അയാള്‍ വിശ്വസിച്ചിരിക്കണം.ഇന്നും അയാള്‍ ഇടയ്ക്ക് ഏതെങ്കിലുമൊരു കടല്ക്കരയില് പോയി നില്‍ക്കാറുണ്ട്. പക്ഷേ,ഇനി ഏതുപക്കം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: