യുദ്ധത്തില്‍ രാവണനെ വധിച്ച രാമനെ നാരദന് സ്തുതിക്കുന്നതിങ്ങനെ: എഴുത്തച്ഛന്റെ അദ്ധ്യാത്മ രാമായണത്തിലെ ഈ വരികളില്‍ ലൗകിത നേട്ടങ്ങള്‍ക്കെല്ലാം അതീതമായി ഭഗവാനോടുള്ള സാമീപ്യവും ഭക്തിയും മാത്രാമണ് നാരദന് ആവശ്യപ്പെടുന്നത്. യഥാര്‍ത്ഥ ഭക്തിയുടെ പ്രകടനം…
ഭക്തപ്രിയനാം പരമാത്മനേ നമഃ
യാതൊരാത്മാവിനെക്കാണുന്നിതെപ്പൊഴും
ചേതസി താപസേന്ദ്രന്മാര്‍ നിരാശയാ
തത്സ്വ്രൂപത്തിനായ്ക്കൊണ്ടു നമസ്കാരം
ചിത്സ്വരൂപപ്രഭോ! നിത്യം നമോസ്തുതേ
നിര്‍വികാരം വിശുദ്ധജ്ഞാനരൂപിണം
സര്‍വലോകാധാരമാദ്യം നമോനമഃ
ത്വല്പ്രസാദം കൊണ്ടൊഴിഞ്ഞു മറ്റൊന്നിനാല്‍
ത്വദ്ബോധമുണ്ടായ് വരികയുമില്ലല്ലോ
ത്വല്പാദപത്മങ്ങള്‍ കണ്ടു സേവിപ്പതി
ന്നിപ്പോളെനിക്കവകാശമുണ്ടായതും
ചില്പുരുഷ! പ്രഭോ! നിങ്കൃപാവൈഭവ
മെപ്പോഴുമ്മെന്നുള്ളില്‍ വാഴ്ക ജഗല്‍പ്പതേ!
കോപകാമദ്വേഷമത്സരകാര്‍പ്പണ്യ
ലോഭമോഹാദി ശത്രുക്കളുണ്ടാകയാല്‍
മുക്തിമാര്‍ഗ്ഗങ്ങളില്‍ സഞ്ചരിച്ചീടുവാന്‍
ശക്തിയുമില്ല നിന് മായാബലവശാല്‍
ത്വല്‍ക്കഥാപീയൂഷപാനവും ചെയ്തുകൊ
ണ്ടുല്‍ക്കാമ്പില്‍ നിന്നെയും ധ്യാനിച്ചനാരതം
ത്വല്പൂജയും ചെയ്തു നാമങ്ങളുച്ചരി
ച്ചിപ്രപഞ്ചത്തിങ്കലൊക്കെ നിരന്തരം
നിന് ചരിതങ്ങളും പാടിവിശുദ്ധനായ്
സഞ്ചരിപ്പാനായനുഗ്രഹിക്കേണമേ
















