യുഎന്‍/മോസ്‌ക്കോ: സിറിയയിലെ വ്യോമത്താവളത്തിനുനേരെയുണ്ടായ അമേരിക്കന്‍ മിസൈല്‍ ആക്രമണത്തിന് ഗുരുതര പ്രത്യാഘാതങ്ങളുണ്ടാകുമെന്ന് റഷ്യ. നിയമപരമല്ലാത്ത അമേരിക്കന്‍ നടപടിയെ അപലപിക്കുന്നുവെന്നും തിരിച്ചടി നേരിടാന്‍ അമേരിക്ക തയാറായിരിക്കാനും യുഎന്‍ സുരക്ഷ കൗണ്‍സില്‍ യോഗത്തില്‍ റഷ്യന്‍ പ്രതിനിധി വ്‌ളാഡിമിര്‍ സഫ്രോന്‍കോവ് പറഞ്ഞു. റഷ്യന്‍ സൈന്യവുമായുള്ള പോരാട്ടത്തിന് നടപടി കാരണമാകുമെന്ന് പ്രധാനമന്ത്രി ദിമിത്രി മെദ്‌വവേവും വ്യക്തമാക്കി.
കഴിഞ്ഞ ദിവസമാണ് യുഎസ് സൈന്യം സിറിയയിലെ വ്യോമത്താവളം ആക്രമിച്ചത്. വിമതര്‍ക്കു നേരെ സിറിയന്‍ സൈന്യം രാസായുധം പ്രയോഗിച്ചതിന് മറുപടിയായിരുന്നു യുഎസ് നടപടി. അതേസമയം, ആക്രമണ വിവരം യുഎസ് മുന്‍കൂട്ടി റഷ്യയെ അറിയിച്ചിരുന്നുവെന്നും റിപ്പോര്‍ട്ട്. ഈ വ്യോമത്താവളങ്ങളിലുണ്ടാകാനിടയുള്ള റഷ്യന്‍ സൈനികരെ രക്ഷിക്കാനാണിത്. യുഎസ് ലക്ഷ്യമിട്ട പ്രദേശത്താണ് റഷ്യന്‍ സൈന്യവും സന്നാഹങ്ങളുമുള്ളത്.
അതേസമയം, വീണ്ടും ആക്രമണത്തിനു മടിക്കില്ലെന്ന് യുഎന്നിലെ അമേരിക്കന്‍ അംബാസഡര്‍ നിക്കി ഹാലെ പറഞ്ഞു. ആറു വര്‍ഷമായി തുടരുന്ന സിറിയന്‍ ആഭ്യന്തര കലാപത്തില്‍ ആദ്യമായാണ് അമേരിക്ക നേരിട്ട് ഇടപെടുന്നത്. സിറിയയുടെ രസായുധ ആക്രമണമാണ് അമേരിക്കയെ സൈനിക നടപടിക്ക് പ്രേരിപ്പിച്ചത്.
















