തമിഴ്‌നാട്ടിലെ ആര്‍കെ നഗര്‍ ഉപതെരഞ്ഞെടുപ്പ് മാറ്റിവച്ചതിനെത്തുടര്‍ന്ന് മണ്ഡലത്തില്‍ സൈനികരെ വിന്യസിച്ചപ്പോള്‍
ചെന്നൈ: ആര്‍കെ നഗറിലെ ഉപതെരഞ്ഞെടുപ്പു മാറ്റിവച്ചതിനു പിന്നാലെ വോട്ടിനു വേണ്ടി പണമൊഴുക്കിയതിന്റെ കൂടുതല്‍ തെളിവുകള്‍ പുറത്തു വരുന്നു. മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ മരണത്തെത്തുടര്‍ന്ന്, രാജ്യമാകെ ശ്രദ്ധിച്ച നിയമസഭാ ഉപതെരഞ്ഞെടുപ്പ് എഐഎഡിഎംകെയുടെ ഇരു വിഭാഗങ്ങള്‍ക്കും ജീവന്മരണ പോരാട്ടത്തിന്റെ പ്രശ്‌നമായിരുന്നു. അണ്ണാഡിഎംകെ (അമ്മ) വിഭാഗത്തിന്റെ സ്ഥാനമാര്‍ഥിയും പാര്‍ട്ടി ജനറല്‍ സെക്രട്ടറി ശശികലയുടെ മരുമകനുമായ ടിടിവി ദിനകരന്റെ വിജയത്തിനായി കോടിക്കണക്കിനു രൂപ വോട്ടര്‍മാര്‍ക്കു നല്‍കിയെന്നു കണ്ടെത്തിയതിനെത്തുടര്‍ന്നാണ് തെരഞ്ഞെടുപ്പു കമ്മീഷന്‍ ഈ മാസം പന്ത്രണ്ടിനു നടക്കേണ്ട തെരഞ്ഞെടുപ്പു മാറ്റിയത്. ദിനകരനു വേണ്ടി സംസ്ഥാനത്തെ ചില മന്ത്രിമാരുടെ നേതൃത്വത്തിലാണ് ക്രമക്കേടു നടത്തിയത്.
പണം നേരിട്ടു നല്‍കുന്ന രീതി മാത്രമല്ല സ്വീകരിച്ചതെന്ന് തെരഞ്ഞെടുപ്പു കമ്മീഷന്റെ സാമ്പത്തികകാര്യ അന്വേഷണ വിഭാഗവും ഇന്‍കം ടാക്‌സിന്റെ അന്വേഷണ വിഭാഗവും കണ്ടെത്തി. മൊബൈല്‍ ഫോണുകള്‍ക്ക് പ്രീപെയ്ഡ് റീച്ചാര്‍ജ്, ദിനപ്പത്രത്തിന്റെ വരിസംഖ്യ, എല്ലാ ദിവസവും പാല്‍ വാങ്ങാനുള്ള ടോക്കണുകള്‍, മൊബൈല്‍ വാലറ്റ് പെയ്‌മെന്റുകള്‍, സാരി വിതരണം ഇങ്ങനെ എല്ലാത്തരത്തിലും വോട്ടന്മാരെ സ്വാധീനിക്കാനുള്ള ശ്രമം നടത്തി. വോട്ടര്‍മാരുടെ ബാങ്ക് അക്കൗണ്ടുകളിലേക്കു പണം നിക്ഷേപിക്കുകയായിരുന്നു.
പണവും പാരിതോഷികങ്ങളും നല്‍കി ഫലത്തെ സ്വീധീനിക്കാന്‍ ശ്രമം തുടരുന്നുവെന്നതിന്റെ വ്യക്തമായ തെളിവുകള്‍ കിട്ടിയതിന്റെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പു മാറ്റുന്നതെന്ന് തെരഞ്ഞെടുപ്പു കമ്മീഷന്റെ അറിയിപ്പില്‍ പറയുന്നു. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷനും സംസ്ഥാന തെരഞ്ഞെടുപ്പ് ഓഫിസറും നിരന്തര സമ്പര്‍ക്കത്തിലായിരുന്നു. സംസ്ഥാനത്ത് വിവിധ തലങ്ങളില്‍ യോഗങ്ങള്‍ ചേര്‍ന്നു. ഗവര്‍ണറേയും സ്ഥിതി ഗതികള്‍ ധരിപ്പിച്ചു, കമ്മീഷന്‍ വിശദീകരിക്കുന്നു.
പാര്‍ട്ടിയില്‍ തന്റെ പിന്‍ഗാമിയായി മരുമകനെ വാഴിക്കാനുള്ള ശശികലയുടെ തീരുമാനമായിരുന്നു സ്ഥാനാര്‍ഥിത്വത്തിനു പിന്നില്‍. ജയിച്ചാല്‍ പളനിസ്വാമിയെ മാറ്റി ദിനകരനെ മുഖ്യമന്ത്രിയാക്കാനും ശശികല തീരുമാനിച്ചിരുന്നു.
ഇതോടെ ദിനകരന്റെ വിജയം ശശികലയ്‌ക്കും സംഘത്തിനും അനിവാര്യമായി. പളനിസ്വാമി, ആരോഗ്യമന്ത്രി സി. വിജയഭാസ്‌കര്‍, വനം മന്ത്രി ദിണ്ടിഗല്‍ ശ്രീനിവാസന്‍, ധനമന്ത്രി ജയകുമാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് ദിനകരന്റെ വിജയത്തിനായി പണമൊഴുക്കിയത്. മുഖ്യമന്ത്രി നേരിട്ട് 13 കോടി രൂപ ഇത്തരത്തില്‍ കൈകാര്യം ചെയ്തുവെന്നാണ് കരുതുന്നത്.
ആരോഗ്യമന്ത്രി വിജയഭാസ്‌കര്‍ ആയിരുന്നു പണമൊഴുക്കലിന്റെ സൂത്രധാരന്‍. ഇത്രയും ദിവസത്തിനിടെ എണ്‍പത്തഞ്ചു ശതമാനം വോട്ടര്‍മാര്‍ക്കും പണം നല്‍കി എന്നാണ് റിപ്പോര്‍ട്ട്. വിജയഭാസ്‌കറിന്റെ വീടുകളിലും ഓഫീസുകളിലും ഇന്‍കം ടാക്‌സ് ഉദ്യോഗസ്ഥര്‍ റെയ്ഡ് നടത്തി. വിജയഭാസ്‌കറിന്റെ അടുത്ത അനുയായിയുടെ വീട്ടില്‍ നിന്ന് 89 കോടി രൂപയാണ് കണ്ടെത്തിയത്.
എന്നാല്‍, തെരഞ്ഞെടുപ്പു മാറ്റിയതിനെ ശശികല വിഭാഗം രൂക്ഷമായി വിമര്‍ശിച്ചു. തന്റെ ജയം ഉറപ്പായപ്പോള്‍ കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശമനുസരിച്ചാണ് തെരഞ്ഞെടുപ്പു കമ്മീഷന്‍ ഈ നിലപാടെടുത്തതെന്നാണ് ദിനകരന്‍ പറയുന്നത്. ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണ്. താന്‍ അറിയാതെ ഒരു രൂപ പോലും ചെലവഴിച്ചിട്ടില്ല, ദിനകരന്‍ പറയുന്നു.
















