മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ ഭീഷണിതള്ളി കൊല്‍ക്കത്തയില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ ദിലീപ് ഘോഷിനെ പാര്‍ട്ടി പ്രവര്‍ത്തകര്‍ സ്വീകരിക്കുന്നു
കൊല്‍ക്കത്ത: ആയുധങ്ങളുമായി ഘോഷയാത്രയില്‍ പങ്കെടുക്കുന്നവര്‍ക്കെതിരെ നടപടി കൈക്കൊള്ളുമെന്ന മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ ഭീഷണി അവഗണിച്ച് ഡയമണ്ട് ഹാര്‍ബറില്‍ നേതാക്കളെ ബിജെപി പ്രവര്‍ത്തകര്‍ വരവേറ്റു. സംസ്ഥാന അധ്യക്ഷന്‍ ദിലിപ് ഘോഷ് അടക്കമുളള നേതാക്കളെ വേദിയിലേക്ക് ആനയിച്ചത് ആയുധങ്ങളുമേന്തിയാണ്.
നിയമ നടപടിയെന്ന ഉമ്മാക്കി കാട്ടി തങ്ങളെ ഭീഷണിപ്പെടുത്തേണ്ടതില്ലെന്ന് പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കവെ ദിലിപ് ഘോഷ് വ്യക്തമാക്കി. ഹിന്ദു ദൈവങ്ങളുടെ കൈവശമുണ്ടായിരുന്ന ആയുധങ്ങളാണ് തങ്ങളും ഏന്തിയത്. ഇവ ശരിക്കും ആയുധങ്ങളല്ലെന്നും ഇവ ധീരതയുടെ പ്രതീകമാണെന്നും അദ്ദേഹം പറഞ്ഞു. എന്തിന് ജയിലിലടയ്‌ക്കണം വേണമെങ്കില്‍ തൂക്കിലേറ്റിക്കൊള്ളൂ എന്നാല്‍ അതിന് മുമ്പ് നിങ്ങള്‍ക്കൊപ്പമുളള പല എംഎല്‍എമാരും എംപിമാരും ബിജെപിയില്‍ ചേര്‍ന്നിരിക്കുമെന്നും ഘോഷ് ചൂണ്ടിക്കാട്ടി.
24 സൗത്ത് പര്‍ഗാനജില്ലയിലെ ഡയമണ്ട് ഹാര്‍ബറിലായിരുന്നു പരിപാടി സംഘടിപ്പിച്ചത്. പ്രവര്‍ത്തകര്‍ ജയ് ശ്രീറാം മന്ത്രം ഉച്ചത്തില്‍ ഉരുവിടുന്നുമുണ്ടായിരുന്നു.
രാമ നവമി ആഘോഷത്തിനിടെ ആയുധം കൈവശം വച്ചതിന് ഘോഷിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. താന്‍ വാളുമായാണ് പിറന്നതെന്നും ഇത് തുടര്‍ന്നും തനിയ്‌ക്കൊപ്പമുണ്ടാകുമെന്നും ഘോഷ് പറഞ്ഞു. രാമനവമിയ്‌ക്ക് ആയുധങ്ങളുമായി എത്തുന്നവരെ വിമര്‍ശിക്കുന്നവരെ ബംഗ്ലാദേശിലേക്കും പാക്കിസ്ഥാനിലേക്കും നാടുകടത്തണമെന്നും ഘോഷ് നേരത്തെ പറഞ്ഞിരുന്നു. ഈ പ്രസ്താവനകള്‍ക്ക് പിന്നാലെയാണ് സര്‍ക്കാരിനെതിരെ ഘോഷ് പുതിയ വെല്ലുവിളികളുമായി രംഗത്തെത്തിയിരിക്കുന്നത്.
















