ലണ്ടന്‍: യേശു ക്രിസ്തു മൂന്നാം നാള് ഉയിര്‍ത്തെഴുന്നേറ്റോ? ഈ വിശുദ്ധവാരത്തിലെങ്കിലും അത്തരത്തിലൊരു സംശയമുണ്ടോ? ഉണ്ട്, ബ്രിട്ടനിലെ ഇരുപത്തഞ്ചു ശതമാനം ക്രിസ്ത്യാനികള്‍ ഉയിര്‍ത്തെഴുന്നേല്‍പ്പില്‍ വിശ്വസിക്കുന്നില്ലെന്നു വ്യക്തമാക്കുന്നു ഒരു സര്‍വേ ഫലം.
ബിബിസിയുടെ മേല്‍നോട്ടത്തില്‍ ഓശാന ഞായറാഴ്ചയാണ് സര്‍വെ സംഘടിപ്പിച്ചത്. ക്രിസ്തു ഉയിര്‍ത്തെഴുന്നേറ്റു എന്നു വിശ്വസിക്കുന്നുണ്ടോ എന്നായിരുന്നു ചോദ്യം. പൊതുജനങ്ങള്‍, ക്രിസ്ത്യാനികള്‍, കടുത്ത ക്രിസ്ത്യന്‍ വിശ്വാസികള്‍ എന്നിങ്ങനെ മൂന്നായി തിരിച്ചാണ് സര്‍വെ ഫലം വന്നത്. ഉയിര്‍ത്തെഴുന്നേല്‍പ്പിനെക്കുറിച്ചുള്ള ബൈബിള്‍ കഥ വിശ്വസിക്കുന്നതായി അമ്പത്തിയഞ്ചു ശതമാനം കടുത്ത ക്രി സ്ത്യന്‍ വിശ്വാസികളും പറഞ്ഞു.
എന്നാല്‍, ഇവരില്‍ അടുത്ത നാല്‍പ്പതു ശതമാനം ഉയിര്‍ത്തെഴുന്നേല്‍പ്പില്‍ വിശ്വസിക്കുന്നുവെങ്കിലും അത് ബൈബിളില്‍ പറയുന്നതു പോലെയല്ല എന്ന അഭിപ്രായമാണ് രേഖപ്പെടുത്തിയത്.
സാധാരണ ക്രിസ്ത്യാനികളില്‍ ഇരുപത്തഞ്ചു ശതമാനം ഉയിര്‍ത്തെഴുന്നേല്‍പ്പില്‍ വിശ്വസിക്കുന്നില്ല. അവരില്‍ നാല്‍പ്പതു ശതമാനം പേര് ഉയിര്‍ത്തെഴുന്നേല്‍പ്പില്‍ വിശ്വസിക്കുന്നുവെങ്കിലും ബൈബിളില്‍ പറയുന്നത് അംഗീകരിക്കുന്നില്ല. ഫെബ്രുവരി രണ്ടു മുതല്‍ പന്ത്രണ്ടു വരെയാണ് സര്‍വൈ നടത്തിയത്. സര്‍വെയുടെ ശരാശരി ഫലം കണക്കാക്കിയാല്‍ അമ്പതു ശതമാനത്തോളം പേര് ഉയിര്‍ത്തെഴുന്നേല്‍പ്പില്‍ വിശ്വസിക്കുന്നില്ലെന്നാണ് രേഖപ്പെടുത്തിയതെന്ന് ബിബിസി റിപ്പോര്‍ട്ടു ചെയ്യുന്നു.
മരണാനന്തര ജീവിതത്തില്‍ നാല്പ്പത്താറു ശതമാനം ആളുകള്‍ക്ക് വിശ്വാസമില്ല. ചിലര്‍ ഉയിര്‍ത്തെഴുന്നേല്‍പ്പില്‍ വിശ്വസിക്കുന്നുണ്ടെങ്കിലും അക്കാര്യത്തിലുള്ള ബൈബിള്‍ വ്യാഖ്യാനത്തില്‍ വിശ്വസിക്കുന്നില്ല എന്നതാണ് കൗതുകമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
















