കൊച്ചി: ഇപ്പം എനിക്ക് വയ്യാണ്ടായ്…ഞാന്‍ കൊയ്യ്ഞ്ഞേക്കണു… സ്വയം കൈപ്പിടിയിലൊതുക്കിയിരുന്ന ജീവിതം മാറി മറയുന്ന ഒരു സ്ത്രീയുടെ വാക്കുകളാണിത്. ഈ വയ്യായ്മകള്‍ നിറപുഞ്ചിരിയോടെ അവള് ആസ്വദിക്കുകയാണ്. പേര് സുരഭി ലക്ഷ്മി. മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം നേടിയ സുരഭി എറണാകുളം പ്രസ് ക്ലബില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു. സിനിമയില്‍ ചെറിയ വേഷം ചെയ്ത് വന്ന തന്റെ ജീവിതം ഓരൊറ്റ ദിവസം കൊണ്ടാണ് മാറിയത്.
ദേശീയ അവാര്‍ഡ് പ്രഖ്യാപനത്തിന് ശേഷം യാഥാര്‍ഥ്യവും, സ്വപ്നവും തമ്മില്‍ തിരിച്ചറിയാന്‍ കഴിയുന്നില്ല. രണ്ട് ദിവസത്തെ ഷൂട്ടിങ്ങില്‍ ഒതുങ്ങിയിരുന്ന ജോലികള്‍ക്ക് മാറ്റം കൊണ്ട്വന്നത് മിന്നാമിനുങ്ങിലെ കഥാപാത്രമാണ്. ജീവിതത്തില്‍ ആദ്യമായി ഒരു സ്ക്രിപ്റ്റ് പൂര്‍ണമായും വായിക്കാന്‍ കഴിഞ്ഞു. അഭിനയത്തിന് നല്കിയ സ്വാതന്ത്ര്യമാണ് അവാര്‍ഡ് നേടി തന്ന മിന്നാമിനുങ്ങിലെ കേന്ദ്രകഥാപാത്രത്തെ മികവുറ്റതാക്കാന്‍ സഹായിച്ചത്.
സ്വന്തം പ്രായം മറികടന്നുള്ള കഥാപാത്രങ്ങളെ അവതരിപ്പിക്കാന്‍ സ്ത്രീകള്‍ക്കും കഴിയും. ഇവിടെ ഇമേജിനെപ്പറ്റി ചിന്തിക്കാതെ അവയെ വെല്ലുവിളിയായി ഏറ്റെടുക്കണം. സിനിമയും, നാടകവും രണ്ട് തരത്തിലുള്ള സ്വാതന്ത്ര്യമാണ് നല്‍കുന്നത്. സിനിമയുടെ സെറ്റുകളില്‍ സ്ത്രീകള്‍ സുരക്ഷിതരാണ്.പൊതുസമൂഹത്തിലെ ചിലയാളുകളുടെ സ്വഭാവങ്ങള്‍ എല്ലാ മേഖലയിലെയും എന്നപോലെ സിനിമയിലുമുണ്ട്. തനിക്ക് നേരെ തുടരെ മിന്നുന്ന കാമറ ഫ്ളാഷുകള്‍, അവ നല്കുന്ന പ്രശസ്തി, സന്തോഷം…ഇവയൊക്കെ ജീവിതത്തിലെ സ്വപ്നങ്ങളായിരുന്നു. ഇന്നത് യാഥാര്‍ഥ്യമായി. ഫ്ളക്സിബിള്‍ ആര്‍ട്ടിസ്റ്റായി മാറുകയാണ് ലക്ഷ്യം.
സത്യസന്ധമായ അഭിനയമാണ് വിജയത്തിന്റെ രഹസ്യം. പുരസ്കാരത്തിന് ശേഷം സീരിയസ് റോളുകളേ ചെയ്യൂ എന്ന് വാശിപിടിച്ചാന് താ ന് ഈച്ചയാട്ടി വീട്ടിലിരിക്കേണ്ടി വരുമെന്ന ബോധ്യമുണ്ടെന്നും സുരഭി പറഞ്ഞു. രണ്ട് മാസത്തിനകം മിന്നാമിനുങ്ങ് റിലീസ് ചെയ്യുമെന്ന് പത്രസമ്മേളനത്തില്‍ പങ്കെടുത്ത സിനിമയുടെ സംവിധായകന് അനില്‍ തോമസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: