ആത്മീയപാരമ്പര്യത്തിന്റെ ചരിത്രത്തില്‍ അമ്മപഠിപ്പിച്ച ധ്യാനമാര്‍ഗ്ഗം ഒരു നാഴികക്കല്ലാണ്. അമ്മയുടെ ഉദ്‌ബോധനങ്ങളില്‍ ഊന്നി നില്‍ക്കുന്ന കാര്യം മായാവാദമല്ല. പ്രവൃത്തിരാഹിത്യമല്ല, മറിച്ച് ജീവിതത്തിന്റെ എല്ലാ മേഖലയേയും ആത്മീയവല്‍കരിക്കുക എന്നതാണ്. ഓരോ ഗൃഹത്തേയും ആത്മീയസ്വര്‍ഗ്ഗമാക്കി ഉയര്‍ത്താന്‍ അമ്മയുടെ അവതാരത്തിനും ഉദ്‌ബോധനങ്ങള്‍ക്കും ഏറ്റവും ലളിതമായ ഉപദേശങ്ങളില്‍പോലും ധര്‍മ്മത്തെ വ്യക്തമായി നിര്‍വചിച്ചിട്ടുണ്ട്. ധാര്‍മ്മികമായ ജീവിതത്തിന് ഉത്തേജനമേകുന്നതാണ് അമ്മയുടെ സന്ദേശം. ദമ്പതികള്‍ ധാര്‍മ്മികതയില്‍ ഉറച്ചു നില്‍ക്കണം അത് ആദ്ധ്യാത്മിക പുരോഗതിക്കു വേണ്ട കാര്യമാണ്. കൃപയ്‌ക്കും മാര്‍ഗ്ഗദര്‍ശനത്തിനും വേണ്ടി അമ്മയെ സമീപിക്കുന്നവര്‍ക്ക് അമ്മ പരമമായ രക്ഷ നല്‍കുന്നു. സ്‌നേഹത്തോടെ കൂടെ നടക്കുന്നു.
ആന്തരിക പരിശുദ്ധി
അന്തക്കരണം പരിശുദ്ധമാവുമ്പോള്‍ മാത്രമേ ഈശ്വരദര്‍ശനം ലഭിക്കുകയുള്ളു. നിരന്തരമായ ഈശ്വരസ്മരണ, സത്യത്തിനെ ഏകാഗ്രമനസ്സോടെ ധ്യാനിക്കല്‍, സ്വര്‍ത്ഥക വെടിഞ്ഞ് സേവനമനോഭാവത്തോടെ കര്‍ത്തവ്യങ്ങള്‍ നിര്‍വഹിക്കല്‍ എന്നിവയാണ് ആത്മസാക്ഷാത്കാരത്തിനായി അമ്മ നിര്‍ദേശിക്കുന്ന ആദ്ധ്യാത്മികചര്യകള്‍.
ഗൃഹസ്ഥാശ്രമം
ഗൃഹസ്ഥാശ്രമ ജീവിതത്തെ സംബന്ധിച്ചിടത്തോളം പതിയും, പത്‌നിയും പരസ്പരം ഈശ്വരന്റെ പ്രതിരൂപമായി കണക്കാക്കുകയും ആത്മൈക്യത്തിന്റെ ആനന്ദം കണ്ടെത്തുകയും വേണം. പ്രേമത്തിന്റെ മൂന്നു രൂപമായി മനസ്സില്‍ കാണേണ്ടത് ഈശ്വരനെ മാത്രമാണ്.
പെണ്‍കുട്ടിയ്‌ക്കൊരു പൂമാല
അമ്മയുടെ സായാഹ്നസല്‍സംഗങ്ങളില്‍ പങ്കെടുക്കാന്‍ പോകുന്ന ഭക്തജനങ്ങള്‍ അമ്മയ്‌ക്ക് അര്‍പ്പിക്കാന്‍ കുറച്ചു പുഷ്പങ്ങളും കൈയില്‍ കരുതുക പതിവുണ്ട്. അമ്മയുടെ ഗൃഹത്തിലേയ്‌ക്കു പോകുന്ന വഴിയില്‍ ഒരു പരദൂഷണക്കാരി സ്ത്രീയുണ്ടായിരുന്നു. അവര്‍ സല്‍സംഗത്തിനു പോകുന്നവരെ കളിയാക്കുകയും പഴി പറയുകയും ചെയ്യുമായിരുന്നു. എന്താണ് ദിവസവും ഇങ്ങനെ പോകാനുള്ളത്? അതുകൊണ്ട് എന്താ കിട്ടാന്‍ പോകുന്നത്? എന്നൊക്കെ ആ സ്ത്രീ പോകുന്നവരോട് ചോദിക്കും. ഒരു ദിവസം എന്തുകൊണ്ട് എനിക്കും അവിടംവരെ ഒന്നു പോയികൂടാ എന്ന് ഈ സ്ത്രീയുടെ മനസ്സില്‍ തോന്നി. അവിടെ എന്താണ് നടക്കുന്നതെന്ന് അറിയാമല്ലോ. അങ്ങനെ അവരും അമ്മയ്‌ക്കു സമര്‍പ്പിക്കുവാന്‍ നല്ല സുഗന്ധമുള്ള മുല്ലപ്പൂ കോര്‍ത്ത് ഒരു മാലയുണ്ടാക്കി അതുമായി പുറപ്പെട്ടു. അമ്മയുടെ ഗൃഹത്തിലെ സല്‍സംഗത്തിന് സ്ഥിരമായി പോയിക്കൊണ്ടിരുന്ന ഒരു പെണ്‍കുട്ടി ആ മാല കണ്ടപ്പോള്‍ ഒരു കഷ്ണം തരുമോ എന്നു ചോദിച്ചു. ആ സ്ത്രീ അവളെ കുറെ ചീത്ത പറയുകയാണ് ചെയ്തത്. അവള്‍ക്ക് മാല കൊടുത്തതുമില്ല.
രണ്ടുപേരും അമ്മയുടെ ഗൃഹത്തിലെത്തി. സല്‍സംഗം കഴിഞ്ഞപ്പോള്‍ ഓരോരുത്തരായി അമ്മയ്‌ക്ക് പ്രണാമം അര്‍പ്പിക്കാന്‍ മുന്നോട്ട് വന്നു. ഈ പരദൂഷണക്കാരി സ്ത്രീക്ക് അമ്മയുടെ മുന്നിലേയ്‌ക്ക് വരാന്‍ ഒരു മടി. അവള്‍ പരുങ്ങി നിന്നു. അപ്പോള്‍ അമ്മ അവരെ കൈകാട്ടി അടുത്തേയ്‌ക്കു വിളിച്ചു. ആ സ്ത്രീയ്‌ക്ക് സന്തോഷമായി. അവര്‍ അമ്മയ്‌ക്ക് ആ പൂമാല സമര്‍പ്പിച്ചു. ഉടനെത്തന്നെ അമ്മ ആ മാലയിലൊരു കഷ്ണം മുറിച്ചെടുത്ത് ആ പെണ്‍കുട്ടിയെ വിളിച്ച് പൂമാലക്കഷ്ണം കൊടുത്തു. ആ സ്ത്രീയും പെണ്‍കുട്ടിയും അമ്മയുടെ കരുണാര്‍ദ്രമായ പ്രവൃത്തി കണ്ട് അത്ഭുതപ്പെട്ടു നിന്നു. പെണ്‍കുട്ടി ചോദിച്ചപ്പോള്‍ പൂമാല കൊടുക്കാത്തതിനെപറ്റിയോര്‍ത്തപ്പോള്‍ ആ സ്ത്രീക്ക് ജാള്യത തോന്നി.
കള്ളനു കിട്ടിയ അനുഗ്രഹം
അമ്മയുടെ ദര്‍ശനത്തിന് ദൂരസ്ഥലത്തു നിന്നും വരുന്നവരുടെ സൗകര്യത്തിനായി മംഗലാപുരത്ത് അമ്മയുടെ താമസസ്ഥലത്തിനടുത്ത് ഒരു വലിയ വീടു വാടകക്കെടുത്തിരുന്നു. ഭജനയും പ്രവചനങ്ങളും അമ്മയുടെ ദര്‍ശനവും സല്‍സംഗവും കൊണ്ട് ആ സാധനാമന്ദിരം നിരന്തരമായ പരിപാടികളാല്‍ ത്രസിച്ചിരുന്നു. അമ്മയുടെ സാന്നിദ്ധ്യസുഖത്തില്‍ ആനന്ദം അനുഭവിക്കുവാന്‍ ധാരാളം ഭക്തജനങ്ങള്‍ അവിടേയ്‌ക്കു വന്നുകൊണ്ടിരുന്നു. ഒരു കളളന്‍ നെറ്റിയില്‍ കുങ്കുമക്കുറിയുമണിഞ്ഞ് മറ്റു ഭക്തന്മാരുടെ കൂടെ സാധനാമന്ദിരത്തില്‍ എത്തിച്ചേര്‍ന്നു.
ഭക്തിയുടെ മറവില്‍ മോഷണം നടത്തുക എന്നതായിരുന്നു ഉദ്ദേശ്യം. പക്ഷേ അന്നു രാത്രി അവന് അതിശക്തമായ പനി ബാധിച്ചു.
വിറച്ചും കോച്ചിയും അവന് രാത്രി ഉറങ്ങാന്‍ കഴിഞ്ഞില്ല. അമ്മ ഇതറിഞ്ഞപ്പോള്‍ അവനുവേണ്ടി ഭക്ഷണം കമ്പിളി, വസ്ത്രം മരുന്ന് എന്നിവ കൊടുത്തയച്ചു. അവന്‍ അതുമൂലം പെട്ടെന്ന് തന്നെ സുഖം പ്രാപിച്ചു. അത് അവനില്‍ വലിയ പരിവര്‍ത്തനം ഉണ്ടാക്കി. കണ്ണുനീരൊഴുക്കിക്കൊണ്ടവന്‍ അമ്മയുടെ ചരണങ്ങളില്‍ വീണു, തന്റെ ദുരുദ്ദേശ്യത്തെപറ്റി അമ്മയോടു പറയുകയും ക്ഷമായാചനം ചെയ്യുകയും ചെയ്തു. താന്‍ മോഷ്ടിക്കാന്‍ വന്നതായിരുന്നു. പക്ഷേ അമ്മയുടെ അളവറ്റ സ്‌നേഹംകൊണ്ട് ആമ്മ അവന്റെ ഹൃദയംകവര്‍ന്നു. ഇനി എന്നും ധാര്‍മ്മിക മാര്‍ഗ്ഗത്തില്‍ മാത്രമേ ചരിക്കൂ എന്ന് ആ മോഷ്ടാവ് പ്രതിജ്ഞ ചെയ്തു.
(ഡിവൈന്‍ മദര്‍ ശ്രീ രമാദേവി എന്ന പുസ്തകത്തിന്റെ വിവര്‍ത്തനം: കെ. എന്‍. കെ. നമ്പൂതിരി. 9446323355)
(തുടരും)
















