തിരുവനന്തപുരം: പകര്‍ച്ചപ്പനി വ്യാപിച്ച സാഹചര്യത്തില്‍ ആരോഗ്യവകുപ്പ് സ്വീകരിച്ച പ്രതിരോധനടപടികള്‍ സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്ന ആവശ്യം നിരാകരിച്ചതിനെത്തുടര്‍ന്ന് പ്രതിപക്ഷം നിയമസഭയില്‍ നിന്ന് ഇറങ്ങിപ്പോയി. വി.എസ്. ശിവകുമാറാണ് അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കിയത്.
പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ആവിഷ്കരിക്കാന്‍ വളരെ വൈകി.
തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍ പ്രത്യേകിച്ച് തിരുവനന്തപുരം നഗരസഭ മാലിന്യനിര്‍മാര്‍ജനം, കൊതുകുനശീകരണം എന്നിവ നടപ്പാക്കിയില്ല. ഉദ്യോഗസ്ഥര്‍ ചുമതല നിര്‍വഹിക്കുന്നതില്‍ ഗുരുതരവീഴ്ച വരുത്തിയെന്നും ശിവകുമാര്‍ ആരോപിച്ചു. തിരുവനന്തപുരത്ത് നഗരസഭയും സര്‍ക്കാരും പരസ്പരം പഴിചാരുകയാണ്. വിലപ്പെട്ട 72 ജീവനുകള്‍ നഷ്ടപ്പെട്ടു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് ഇവരുടെ കുടുംബങ്ങള്‍ക്ക് രണ്ടുലക്ഷംരൂപ നഷ്ടപരിഹാരം നല്‍കണം. ശിവകുമാര്‍ ആവശ്യപ്പെട്ടു.
പ്രതിപക്ഷം സഭയെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് മന്ത്രി കെ.കെ. ശൈലജ മറുപടി നല്കി. പ്രതിരോധപ്രവര്‍ത്തനങ്ങള്‍ കൃത്യമായി നടത്തിയതിനാലാണ് സ്ഥിതി നിയന്ത്രണവിധേയമായിരിക്കുന്നത്. ഇല്ലെങ്കില്‍ ഗുരുതരമായേനെ. എന്നാല്‍ ശുചീകരണപ്രവര്‍ത്തനങ്ങള്‍ നടത്തുന്നതില്‍ തിരുവനന്തപുരം നഗരസഭയ്ക്ക് വീഴ്ചകള്‍ സംഭവിച്ചെന്ന് മന്ത്രി സമ്മതിച്ചു. പ്രമേയം തള്ളിയ സ്പീക്കറുടെ നടപടിയില്‍ പ്രതിഷേധിച്ചാണ് പ്രതിപക്ഷം സഭ വിട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: