ചിറ്റൂര്‍ : ഗോപാലപുരം വാണിജ്യ നികുതി ചെക്ക്പോസ്റ്റില്‍ വിജിലന്‍സ് റെയ്ഡ്. പരിശോധനയില്‍ അനധികൃതമായി സൂക്ഷിച്ചിരുന്ന 29,320 രൂപ പിടിച്ചെടുത്തു. പാലക്കാട് വിജിലന്‍സ് ഡിവൈഎസ്പി കെ.സുകുമാരന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.
വിജിലന്‍സ് എസ്പിക്ക് ലഭിച്ച രഹസ്യ വിവരത്തെത്തുടര്‍ന്നായിരുന്നു ഗോപാലപുരം ചെക്ക്പോസ്റ്റിലെ മിന്നല്‍ പരിശോധന. നികുതിയിനത്തില്‍ സര്‍ക്കാരിന് ലഭിച്ച 53,000 രൂപക്ക് പുറമെയാണ് അനധികൃതമായി സൂക്ഷിച്ചിരുന്ന പണം വിജിലന്‍സ് പിടിച്ചെടുത്തത്.
2000 രൂപയുടെ മൂന്നു നോട്ടും,500 രൂപയുടെ 22 നോട്ടും, 100 രൂപയുടെ 84 നോട്ടും,50 രൂപയുടെ 58 നോട്ടും, 20 രൂപയുടെ നാലു നോട്ടും 10 രൂപയുടെ 18 നോട്ടുകളുമാണ് വിജിലന്‍സ് സംഘം കണ്ട് കെട്ടിയത്. രണ്ടായിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകളുള്‍പ്പടെ 29,320 രൂപ കടലാസില്‍ പൊതിഞ്ഞ ശേഷം പഴയ ഫയലുകളുടെ ഇടയില്‍ തിരുകിയ നിലയിലായിരുന്നു. മണിക്കൂറുകള്‍ നീണ്ട തെരച്ചിലിനൊടുവിലാണ് വിവിധ ഇടങ്ങളിലായി സൂക്ഷിച്ച പണം വിജിലന്‍സിന് കണ്ടെത്താനായത്.
പരിശോധന കര്‍ശനമാക്കിയിട്ടുണ്ടെന്നും അഴിമതി ഇല്ലാതാക്കുമെന്നും വിജിലന്‍സ് ഡിവൈഎസ്പി എം.സുകുമാരന്‍ അറിയിച്ചു. വിജിലന്‍സ് സിഐ എം.ശശിധരന്, എഎസ്ഐമാരായ ബി.സുരേന്ദ്രന്, കെ.എല്‍.ശിവദാസ്, ജയശങ്കര്‍, സന്തോഷ്, രതീഷ്, ഗസറ്റഡ് ഓഫീസര്‍ ഇ.എസ് രജിത്കുമാര്‍ എന്നിവരാണ് പരിശോധന നടത്തിയത്.
രണ്ട് വാണിജ്യ നികുതി ഇന്‍സ്പെക്ടര്‍മാരുള്‍പ്പെടെ അഞ്ച് ജീവനക്കാരാണ് പരിശോധന നടന്ന സമയം ഡ്യൂട്ടിയിലുണ്ടായിരുന്നത്. വിജിലന്‍സ് സംഘത്തെ കണ്ടയുടന്‍ ജീവനക്കാര്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചു. സംസ്ഥാന വ്യാപകമായി വിജിലന്‍സ് നടത്തിയ പരിശോധനയുടെ ഭാഗമായിരുന്നു ഗോപാലപുരത്തെയും റെയ്ഡ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: