കൊല്ലങ്കോട്: സാംക്രമിക രോഗങ്ങള്‍ പടരുമ്പോഴും ശേഖരിക്കുന്ന മാലിന്യങ്ങള്‍ സംസ്ക്കരിക്കുവാന്‍ കഴിയാതെ പാതയേരങ്ങളെ ആശ്രയിക്കുകയാണ് പഞ്ചായത്ത്.
പല്ലശ്ശന പാതയില്‍ മുതലിയാര്‍ കുളത്തിന് സമീപമാണ് കൊല്ലങ്കോട് പഞ്ചായത്ത് മാലിന്യ കൂമ്പാരമാക്കിയിരിക്കുന്നത്. മുന്‍വര്‍ഷങ്ങില്‍ പഞ്ചായത്ത് ഭരണം നടത്തിയവരാണ് ഇതിനു ഉത്തരവാദികളെന്ന് നാട്ടുകാര്‍ കുറ്റപ്പെടുത്തി.
മാലിന്യ സംസ്ക്കരണത്തിനായി പയ്യല്ലൂരില്‍ സ്ഥലം ഏറ്റെടുക്കുകയും ലക്ഷങ്ങള്‍ ഫണ്ട് വകയിരുത്തി ഏഴ് വര്‍ഷം മുമ്പ നിര്‍മ്മാണം തുടങ്ങിയ മാലിന്യ സംസ്ക്കരണ പ്ലാന്റിന്റെ പ്രവര്‍ത്തനം എങ്ങുമെത്തിയില്ല.മാത്രമല്ല ലക്ഷങ്ങള്‍ കരാറുകാരനെ കൈമാറിയിട്ടും പണി പൂര്‍ത്തിയാക്കാത്തതില്‍ പഞ്ചായത്ത് ഭരണസമിതി ഇവര്‍ക്കെതിരെ നടപടിയെടുത്തിട്ടില്ല്.
11 ലക്ഷം രൂപ നല്‍കിയതില്‍ ആറു ലക്ഷം രൂപയുടെ ‘പണികള്‍ മാത്രമാണ് നടത്തിയിട്ടുള്ളത്. ചര്‍ച്ച നടത്താതെ മാലിന്യ സംസ്ക്കരണ ശാല നിര്‍മ്മിക്കുന്നതിന് വാങ്ങിയ സ്ഥലത്ത് പരിസരവാസികളുടെ എതിര്‍പ്പ് ഉയര്‍ന്നതോടെ മാലിന്യം മാലിന്യ നിക്ഷേപം നടക്കാതെയായി.
മുതലിയാര്‍ കുളത്തിനെ സമീപത്തെ മാലിന്യ നിക്ഷേപത്തിനെതിരെ നാട്ടുകാര്‍ പ്രതിഷേധവുമായി വന്നതോടെ ജെസിബി ഉപയോഗിച്ച് മാലിന്യങ്ങള്‍ റോഡരികില്‍ നിന്നും പുറകോട്ടു നീക്കിയിട്ടു.
മാലിന്യ നിക്ഷേപത്തിനടിയിലൂടെയാണ് പ്രധാന കുടിവെള്ള പൈപ്പ് ലൈന്‍ കടന്നു പോകുന്നത്. ഇത് അടിക്കടി പൊട്ടുന്നതിനാല്‍ മാലിന്യത്തില്‍ നിന്നും അഴുകി വരുന്ന ദ്രാവകം കുടിവെള്ളത്തില്‍ കലര്‍ന്ന സംഭവം ഇതിന് മുമ്പുണ്ടായിട്ടുണ്ട്. മാലിന്യ കൂമ്പാരത്തിലെ മാംസാവശിഷ്ടങ്ങള്‍ ഭക്ഷിക്കുന്നതിനായി കൂട്ടമായി എത്തുന്ന നായകള്‍ ഇരുചക്രവാഹനങ്ങള്‍ക്കും കാല്‍നടയാത്രക്കാര്‍ക്കും ഭീഷണിയാണ്. അധികൃതര്‍ ഇതൊന്നും കണ്ടില്ലെന്ന് നടിക്കുകയാണ്. മലിന ജലം ഒഴുകി നെല്പ്പാടത്തും ഇവിടന്നും സമീപത്തുള്ള മുതലിയാര്‍ കുളത്തിലും എത്തുന്നുണ്ട്. കളിക്കുന്നവര്‍ക്ക് ചൊറിച്ചില്‍ അനുഭവപ്പെടുന്നതായും പറയുന്നു.
മാലിന്യക്കൂമ്പാരത്തില്‍ നിന്നു പക്ഷികള്‍ മാംസാവശിഷ്ടങ്ങള്‍ കൊത്തിയെടുത്ത് സമീപത്തുള്ള കിണറുകളിലും വീടിന്റെ ടെറസുകളിലും ഇടുന്നതായി പ്രദേശവാസികളും പറയുന്നു.
നിലവില്‍ മാലിന്യം നിക്ഷേപിക്കുന്ന സ്ഥലത്തു തന്നെ മാലിന്യങ്ങള്‍ വേര്‍തിരിച്ച് ജൈവ മാലിന്യപ്ലാന്റ് സ്ഥാപിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: