പാലക്കാട്:ജില്ലയിലെ എല്‍പി സ്കൂള്‍ വിദ്യാര്‍ഥികള്‍ക്ക് സൗജന്യമായി കൈത്തറി സ്കൂള്‍ യൂണിഫോം നല്കുന്ന പദ്ധതിയുടെ ഉദ്ഘാടനം ജില്ലാപഞ്ചായത്ത് പ്രസിഡന്റ് കെ.ശാന്തകുമാരി എസ്എസ്എ പ്രോജക്ട് ഓഫീസര്‍ പി.കൃഷ്ണന് യൂണിഫോം നല്കി ഉദ്ഘാടനം ചെയ്തു. വാര്‍ഡ് കൗണ്‍സിലര്‍ എ.എം ഹസീല അധ്യക്ഷതവഹിച്ചു.
അന്തിമകണക്കുകള്‍ ലഭിച്ചപ്പോള്‍ ജില്ലയിലെ 196 സ്കൂളുകളിലെ 32,407 കുട്ടികള്‍ക്കാണ് കൈത്തറിയൂണിഫോം സൗജന്യമായിലഭിക്കുക. ഇതിനായി 14458 മീറ്റര്‍ സ്യൂട്ടിങ്ങ് തുണിത്തരങ്ങളും 18673 മീറ്റര്‍ ഷര്‍ട്ടിങ് തുണിത്തരങ്ങളുമാണ് ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ കീഴിലുള്ള തറികളില്‍ തയ്യാറാക്കിയത്.
അഞ്ച് കൈത്തറി സഹകരണ സംഘങ്ങളില്‍ നിന്നും 70 തൊഴിലാളികള്‍ ചേര്‍ന്ന് 11311 മീറ്റര്‍ തുണിയാണ് ജില്ലയില്‍ നെയ്തത്.ബാക്കി ആവശ്യമായി വരുന്നവ ഹാന്‍വീവ് നല്‍കും.
യൂണിഫോമിന് ആവശ്യമായ കളര്‍കോഡുകളും തിരഞ്ഞെടുത്ത്നല്കിയിട്ടുണ്ട്. തൊഴിലാളികള്‍ അവധി ദിവസങ്ങളില്‍പോലും ജോലിചെയ്താണ് കുട്ടികള്‍ക്ക് ആവശ്യമായ തുണി നെയ്തെടുത്തത്.
നെയ്ത തുണി തമിഴ്നാട്ടിലെ ഡൈയിങ് യൂണിറ്റുകളില്‍ എത്തിച്ചാണ് കളര്‍ ചെയ്യുന്നതിന് നേതൃത്വംവഹിച്ചത് ഹാന്‍വീവാണ്. എഇഒമാര്‍ക്ക് യൂണിഫോം എത്തിച്ച് നല്‍കിയിട്ടുണ്ട്. സ്കൂളുകളിലേക്കുളള വിതരണം എഇഒമാരുടെ നേതൃത്വത്തില്‍ നടക്കും. അടുത്ത ആഴ്ചയോടെ അര്‍ഹരായ എല്ലാകുട്ടികള്‍ക്കും കൈത്തറി യൂണിഫോം വിതരണം ചെയ്യും.
ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ ജി.രാജ്മോഹന്‍,ഹാന്‍വീവ് ക്വാളിറ്റി കണ്ട്രോള് ഇന്‍സ്പെക്ടര്‍ രാജശേഖരന്,പ്രധാനാധ്യാപിക കെ മണിയമ്മ,ജില്ലാ വ്യവസായ കേന്ദ്രം മാനേജര്‍ വി കെ ജോസഫ്,ഡെപ്യൂട്ടി രജിസ്ട്രാര്‍ ആര്.സുരേഷ് ബാബു, മുഹമ്മദ് നിസാര്‍, മാറലാട് കൈത്തറി സഹകരണ സംഘം സെക്രട്ടറി രാമസ്വാമി, പിടിഎ പ്രസിഡന്റ് വി.രവീന്ദ്രന് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: