വാളയാര്‍: സ്കൂള്‍-കോളേജ് വിദ്യാര്‍ഥികള്‍ക്കിടയില്‍ വിതരണത്തിനെത്തിച്ച ഒന്നര കിലോ കഞ്ചാവുമായി കോളജ് വിദ്യാര്‍ഥിയെ എക്സൈസ് അറസ്റ്റ് ചെയ്തു.
തൃശൂര്‍ പേരാമംഗലം തടത്തില്‍ വീട്ടില്‍ പ്രശാന്ത്(24)നെയാണു ചെര്‍പ്പുളശേരി എക്സൈസിന്റെ ഹൈവേ പെട്രോളിങ്ങിനിടെ പിടികൂടിയത്. ടോള്‍ പ്ലാസയ്ക്കു സമീപം നടത്തിയ പരിശോധനയില്‍ സേലത്തു നിന്ന് എറണാകുളത്തേക്കു പോയിരുന്ന തമിഴ്നാട് ട്രാന്‍സ്പോര്‍ട്ട് ബസില്‍ നിന്നാണ് കഞ്ചാവ് പിടിച്ചത്.
തൃശൂരിലെ സ്വകാര്യ കോളജ് വിദ്യാര്‍ഥിയായ പ്രശാന്ത് സംസ്ഥാനത്തെ കോളേജുകളും സ്കൂളുകളും കേന്ദ്രീകരിച്ച് കഞ്ചാവു വില്പന നടത്തുന്ന സംഘത്തിലെ പ്രധാനിയാണെന്നും എക്സൈസ് പറഞ്ഞു. പരിശോധന സംഘത്തെ വെട്ടിച്ചു ബസില്‍ നിന്നു രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ ഓടിച്ചിട്ടാണ് പിടികൂടിയത്.
കോളേജ് ബാഗില്‍ 200 ചെറിയ പൊതികളാക്കിയാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്.ഇവയ്ക്ക് വിപണിയില്‍ രണ്ടര ലക്ഷം രൂപയിലധികം വിലമതിക്കുമെന്നാണ് പ്രാഥമിക നിഗമനം.
ചെര്‍പ്പുളശ്ശേരി അസി.എക്സൈസ് ഇന്‍സ്പെക്ടര്‍ ഇ.ഗോപി, പ്രിവന്റീവ് ഓഫിസര്‍ ശിവശങ്കരന്, സിഇഒ വിവേക്, ഡ്രൈവര്‍ സുകുമാരന്‍ എന്നിവരടങ്ങിയ സംഘമാണു പരിശോധന നടത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: