വേലൂപ്പാടം: കള്ളിച്ചിത്ര പുനരധിവാസസമരത്തിന്റെ ഭാഗമായി ആദിവാസി സംയുക്ത സമരസമിതിയുടെ നേതൃത്വത്തില്‍ പാലപ്പിള്ളി റേഞ്ച് ഓഫീസ് പടിക്കല്‍ അനിശ്ചിതകാല കുടില്‍കെട്ടി സമരം ആരംഭിച്ചു.
ആനപ്പാന്തം ആദിവാസി ഊരില്‍നിന്നാരംഭിച്ച പ്രചരണജാഥ സമരസമിതി കോ-ഓര്‍ഡിനേറ്റര്‍ എം.എന്‍. പുഷ്പന്‍ ഉദ്ഘാടനം ചെയ്തു. പാലപ്പിള്ളിയില്‍ കുടില്‍കെട്ടി സമരം മനുഷ്യാവകാശപ്രവര്‍ത്തകന്‍ ടി.കെ. വാസു ഉദ്ഘാടനം ചെയ്തു. സമരസമിതി ചെയര്‍മാന്‍ ടി.വി. സജീവന്‍ കള്ളിച്ചിത്ര അധ്യക്ഷത വഹിച്ചു. എം.എന്‍. പുഷ്പന്‍, പി.കെ. വേണു, കടപ്പറ്റ ഊരുമൂപ്പന്‍ വേലായുധന്‍ എന്നിവര്‍ പ്രസംഗിച്ചു.
ചിമ്മിനി ഡാമിന്റെ നിര്‍മാണവുമായി ബന്ധപ്പെട്ട് ഡാമിന്റെ നിര്‍ദ്ദിഷ്ട പ്രദേശത്ത് നൂറ്റാണ്ടുകളായി അധിവസിച്ചിരുന്ന കള്ളിച്ചിത്ര ഊരുവാസികള്‍ക്ക് പുനരധിവാസവും കൃഷിഭൂമിയും സര്‍ക്കാര്‍ ജോലിയും വാഗ്ദാനം ചെയ്ത് മാറ്റിപ്പാര്‍പ്പിച്ചെങ്കിലും വാഗ്ദാനങ്ങള്‍ പാലിക്കപ്പെട്ടില്ലെന്ന് സമരസമിതി ആരോപിച്ചു.
1986 മുതല്‍ നടത്തിയ സമരങ്ങളുടെ ഭാഗമായി ഒന്നാംഘട്ടത്തില്‍ പുനരധിവാസപ്രശ്‌നം പരിഹരിക്കപ്പെട്ടു. തുടര്‍ന്നു നടന്ന സമരങ്ങള്‍ക്കും നിയമയുദ്ധങ്ങള്‍ക്കും ഒടുവില്‍ 2016ല്‍ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഭൂമിയും തൊഴിലും സര്‍ക്കാര്‍ അനുവദിക്കുമെന്ന് ഉറപ്പു നല്‍കി.
ഈ തീരുമാനം സര്‍ക്കാര്‍ നടപ്പാക്കാതിരുന്നതിനെത്തുടര്‍ന്ന് കോടതിയെ സമീപിക്കുകയും പ്രശ്‌നം 2016 നവംബറില്‍ പരിഹരിക്കുന്നതിന് ഹൈക്കോടതി ഉത്തരവിടുകയും ചെയ്തു.
എന്നാല്‍ ഉത്തരവു നടപ്പാക്കുന്നതിനു പകരം ആദിവാസികള്‍ക്കു നല്‍കാന്‍ വനംവകുപ്പിന്റെ കയ്യില്‍ ഭൂമിയില്ലെന്ന് അപ്പീല്‍ നല്‍കിയതായി സമരസമിതി കുറ്റപ്പെടുത്തി. എന്നാല്‍ നൂറു കണക്കിന് ഏക്കര്‍ വനഭൂമി വന്‍കിട കമ്പനികളുടെ കൈവശം ഇരിക്കേയാണ് തങ്ങള്‍ക്ക് നല്‍കാന്‍ ഭൂമിയില്ലെന്ന് കോടതിയെ തെറ്റിദ്ധരിപ്പിച്ചിരിക്കുന്നത്. ഈയൊരു സാഹചര്യത്തിലാണ് സംയുക്തസമരസമിതി അനിശ്ചിതകാല പുനരധിവാസ സമരം ആരംഭിച്ചത്.
ഡിവൈഎസ്പി ഷാഹുല്‍ ഹമീദിന്റെ നേതൃത്വത്തില്‍ വന്‍ പോലീസ് സന്നാഹവും വനംവകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയിരുന്നു.
















