കേരളം അതിരൂക്ഷമായ വരള്‍ച്ച സൃഷ്ടിച്ച കെടുതികളെ നേരിട്ടുകൊണ്ടിരിക്കുകയാണ്. 1980 കള്‍ക്കു ശേഷം ഏറ്റവും അധികം വരള്‍ച്ച നേരിട്ട വര്‍ഷമാണ് കടന്നുപൊയ്ക്കൊണ്ടിരിക്കുന്നത്. കേരളമടക്കമുള്ള എട്ട് സംസ്ഥാനങ്ങളെ വരള്‍ച്ച ബാധിത പ്രദേശങ്ങളായി പ്രഖ്യാപിച്ചിരുന്നു. 24000 കോടി രൂപയാണ് വരള്‍ച്ചബാധിത പ്രദേശങ്ങളിലേക്ക് കേന്ദ്രം അനുവദിച്ചത്.
മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതിയില്‍ 50 ദിവസത്തെ വര്‍ദ്ധനവും കേന്ദ്രം അനുവദിച്ചിട്ടുണ്ട്. തെക്കു പടിഞ്ഞാറന്‍ മണ്‍സൂണില്‍ 34 ശതമാനം കുറവാണ് ഉണ്ടായിരിക്കുന്നത്. 3000 മില്ലി ലിറ്റര്‍ മഴ ലഭിച്ചുകൊണ്ടിരുന്ന കേരളത്തില്‍ 2039 മില്ലി ലിറ്റര്‍ മഴ മാത്രമാണ് ലഭിക്കുന്നതെന്നാണ് കണക്കുകള്‍. ഭൂഗര്‍ഭ ജലവിധാനത്തില്‍ ശരാശരി പത്ത് സെന്റിമീറ്ററിന്റെ കുറവാണ് ഉണ്ടാകുന്നത്. നദികളും ജലസ്രോതസ്സുകളും വറ്റിവരണ്ടതിനെ തുടര്‍ന്ന് കടുത്ത ജലക്ഷാമമാണ് കേരളം നേരിട്ടുകൊണ്ടിരിക്കുന്നത്.
വരള്‍ച്ചയെ കേന്ദ്രസഹായം കൊണ്ടോ മറ്റ് സാമ്പത്തിക നടപടികള്‍കൊണ്ടോ പരിപൂര്‍ണ്ണമായി അതിജീവിക്കാന്‍ കഴിയില്ല. വരള്‍ച്ച ജനജീവിതത്തെ ദുരിതമയമാക്കുമ്പോള്‍ മാത്രമാണ് കേരളം അതിനെക്കുറിച്ച് ചിന്തിക്കുന്നത്. കേരളത്തിന്റെ കാലാവസ്ഥ അട്ടിമറിക്കപ്പെട്ടതെങ്ങനെയെന്ന് ആഴത്തിലുള്ള പഠനം ഉണ്ടാവേണ്ടിയിരിക്കുന്നു. നദികളാല്‍ സമ്പന്നമാണ് കേരളം. കര്‍ക്കിടക പെയ്ത്തും ഇടവപ്പാതിയും തുലാവര്‍ഷവും കേരളത്തെ ജലസമൃദ്ധമാക്കിയിരുന്നു. പശ്ചിമഘട്ടത്തിന്റെ ഹരിതകവചം അനുഗ്രഹിച്ച് നല്കിയ സുഖശീതളിമയിലാണ് കേരളം ദൈവത്തിന്റെ സ്വന്തം നാടെന്ന ഖ്യാതി നേടിയത്.
എന്നാല്‍ കാര്യങ്ങള്‍ കുഴമറിഞ്ഞുപോയിരിക്കുന്നു. നദികള്‍ മിക്കവാറും വറ്റിവരണ്ടു. പശ്ചിമഘട്ടം കഴിയാവുന്നിടത്തോളം കയ്യേറി കഴിഞ്ഞു. കാട് വെട്ടിത്തെളിച്ച് മരം വച്ചുപിടിപ്പിക്കുന്ന മലയാളിയാണ് ഇന്നുള്ളത്. വന്യമൃഗങ്ങളുടെ ആക്രമണത്തെക്കുറിച്ച് കര്‍ഷകര്‍ വിലപിക്കുന്നു. എന്നാല്‍ വനം കയ്യേറിയ മനുഷ്യന്റെ ആര്‍ത്തി എവിടെയും ചര്‍ച്ച ചെയ്യപ്പെടുന്നില്ല. കടലാക്രമണത്തിന്റെ ദുരിതങ്ങള്‍ കടലോര ജനതയുടെ ഉറക്കം കെടുത്തും.
എന്നാല്‍ കടലോരം കയ്യേറി ആവാസ വ്യവസ്ഥയെ തകിടം മറിച്ച കമ്പോളവല്ക്കരണത്തെക്കുറിച്ച് കേരളം മിണ്ടാതിരിക്കും. കര്‍ഷകരും വന്കെടുതിയെ നേരിട്ടുകൊണ്ടിരിക്കുന്നു. കാലാവസ്ഥയില്‍ ഉണ്ടാകുന്ന അപ്രതീക്ഷിത മാറ്റങ്ങള്‍ അവരുടെ ജീവിതസ്വപ്നങ്ങളെയാണ് ചുട്ടുകരിക്കുന്നത്.
പരിസ്ഥിതി സംരക്ഷണത്തെക്കുറിച്ച്, അതിന്റെ ആവശ്യകതയെക്കുറിച്ച് കേരളം ഒരു കാലത്ത് ചര്‍ച്ച ചെയ്തിരുന്നില്ല. കാരണം അന്ന് പരിസ്ഥിതിയുടെ സംരക്ഷണത്തിലായിരുന്നു കേരളം. പരിസ്ഥിതിയെയും ആവാസ വ്യവസ്ഥകളെയും ജൈവ വൈവിധ്യത്തേയും തകര്‍ത്തുകളഞ്ഞ വികസന പ്രക്രിയയുടെ ദുരന്തമാണ് നാം ഇന്ന് അനുഭവിക്കുന്നത്. കോണ്‍ക്രീറ്റ് കാടുകള്‍ നിര്‍മ്മിക്കാന്‍ പുഴകള്‍ കയ്യേറി. മണലൂറ്റി, മരങ്ങള്‍ വെട്ടി മാറ്റി, പുഴയേയും മഴയേയും ഇല്ലാതാക്കി. മനുഷ്യന്റെ അടങ്ങാത്ത ആര്‍ത്തി സൃഷ്ടിച്ച ദുരന്തമാണ് കേരളത്തെ വരള്‍ച്ചയിലേക്കും കാലാവസ്ഥാ വ്യതിയാനത്തിലേക്കും നയിച്ചത്.
ഈ പരിസ്ഥിതി ദുരന്തത്തെ അതിജീവിക്കണമെങ്കില്‍ തൊലിപ്പുറത്തെ ചികിത്സ മതിയാവില്ല. വരള്‍ച്ച സംസ്ഥാന പ്രഖ്യാപനവും സാമ്പത്തിക സഹായവും ഹരിത കേരളം പദ്ധതികളും നീര്‍ത്തടാധിഷ്ഠിത വികസന പ്രഖ്യാപനങ്ങളുമൊക്കെ താല്‍ക്കാലിക പരിഹാരങ്ങള്‍ മാത്രമാണ്. പ്രശ്നത്തെ പ്രതിസന്ധികളാക്കി വളര്‍ത്തിയ മനോഭാവത്തെയാണ് ആത്യന്തികമായി ചികിത്സിക്കേണ്ടത്. കേരളത്തിന്റെ ഹരിതകഞ്ചുകം തിരിച്ചുപിടിക്കാന്‍ ആത്മാര്‍ത്ഥമായ ശ്രമങ്ങള്‍ ഉണ്ടാകണം.
വീട്ടുമുറ്റത്തും പറമ്പിലും കെട്ടിനില്‍ക്കുന്ന മഴവെള്ളം കുത്തിയൊലിച്ചു പോകാന്‍ അവിടെ ഇന്റര്‍ലോക്ക് പാകിയ ആഡംബരപ്രിയത്തില് നിന്ന് തുടങ്ങണം പരിവര്‍ത്തനത്തിലേക്കുള്ള തുടക്കം. കാവുകളെയും കാടുകളെയും പുഴകളെയും സംരക്ഷിച്ച പാരമ്പര്യത്തെയാണ് നാം അറുത്തുമാറ്റി കളഞ്ഞത്. അത് അതേപടി സംരക്ഷിക്കുമ്പോഴാണ് പരിസ്ഥിതി സംരക്ഷണത്തിന്റെ ആദ്യപാഠമാകുന്നത്.
വരള്‍ച്ചയെ പ്രതിരോധിക്കേണ്ട ഉത്തരവാദിത്തം സര്‍ക്കാറിന്റേത് മാത്രമല്ല. ജനപങ്കാളിത്തം ഇല്ലാതെ കേരളത്തിന്റെ പാരിസ്ഥിതിക പ്രതിസന്ധി പരിഹരിക്കാനാവില്ല. എന്നാല്‍ കേരളത്തിന്റെ പാരിസ്ഥിതിക പ്രതിസന്ധിയെ കൂടുതല്‍ അപകടത്തിലാക്കുന്ന സമീപനങ്ങളാണ് മാറി മാറി വരുന്ന സര്‍ക്കാറുകള്‍ അനുവര്‍ത്തിക്കുന്നത്. കയ്യേറ്റങ്ങള്‍ക്ക് പട്ടയം നല്കി കുടിയേറ്റമായി പ്രഖ്യാപിക്കുന്നത് മുതല്‍ നിലവിലുള്ള പരിസ്ഥിതി സംരക്ഷണ നിയമങ്ങള്‍ക്ക് ഇളവുകള്‍ നല്കി വന്‍കിടക്കാരെ സംരക്ഷിക്കുന്നത് വരെയുള്ള നിലപാടുകള്‍ ഇതിന് ഉദാഹരണങ്ങളാണ്.
ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ടിനെ ഭരണപക്ഷവും പ്രതിപക്ഷവും ഒരുമിച്ചുനിന്ന് എതിര്‍ത്ത സാഹചര്യം കേരളത്തില്‍ മാത്രമാണുണ്ടായത്. ഭരണപക്ഷ – പ്രതിപക്ഷ മാറ്റങ്ങള്‍ക്കനുസരിച്ച് മാറേണ്ടതല്ല പരിസ്ഥിതിയെ ക്കുറിച്ചുള്ള നിലപാടുകളും നിയമങ്ങളും. അത് തെരഞ്ഞെടുപ്പ് വിജയം ലക്ഷ്യമാക്കിയുള്ള തന്ത്രങ്ങളുമായിക്കൂടാ.
അടുത്ത തലമുറകളെ കാത്തുരക്ഷിക്കാനുള്ള ദീര്‍ഘകാല സമീപനമാണ് പാരിസ്ഥിതിക പ്രതിസന്ധികളെ പരിഹരിക്കുന്നതില്‍ സര്‍ക്കാറുകള്‍ കൈക്കൊള്ളേണ്ടത്. സ്ഥായിയായ വികസനമാതൃകകളെ മുന്‍നിര്‍ത്തികൊണ്ടുള്ള വികസനസമീപനം കൈക്കൊള്ളുമ്പോഴാണ് പരിസ്ഥിതി സംരക്ഷിക്കപ്പെടുന്നത്.വരള്‍ച്ചയെ തടയാനുള്ള മാര്‍ഗവും അതുതന്നെ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: