കാടിളക്കി കൊമ്പുകോര്‍ത്ത് കാടിനെ പ്രകമ്പനം കൊള്ളിക്കുന്ന കാട്ടാനകള്‍ ബെള്ളയിലെത്തിയാല്‍ വിനയാന്വിതരാവും. കര്‍ണ്ണാടക സംസ്ഥാനത്തിലെ മൈസൂര്‍ ജില്ലയിലാണ് ഏറെ പ്രശസ്ഥമായ ബെള്ള ആന വളര്‍ത്തല്‍ കേന്ദ്രം. ഹെഗ്ഡേദേവന്‍കോട്ട താലൂക്കിലാണ് ബെള്ള. മുമ്പ് ഇതൊരു ആന പിടുത്തകേന്ദ്രം ആയിരുന്നു. ആന പിടുത്തം നിരോധിച്ചതോടെ വനാന്തരത്തില്‍ പരിക്കേല്‍ക്കുന്ന കാട്ടാനകളുടെ പരിചരണ കേന്ദ്രമായി ബെള്ള.
രാജീവ്ഗാന്ധി ദേശീയ ഉദ്യാനത്തില്‍ സംസ്ഥാന അതിര്‍ത്തിയായ ബാവലിയില്‍ നിന്ന് 15 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ ബെള്ളയായി. പ്രകൃതി കനിഞ്ഞ് നല്കിയ വനഗ്രാമം. വന്യജീവികളും, ഒപ്പം വനവാസികളും ഇഴപിരിഞ്ഞ് ജീവിക്കുന്നു. കാട്ടാനകളുടെ ചിന്നം വിളി കേട്ടാണ് ഗ്രാമം ഉണരുക. കൂടാതെ മയിലുകള്‍, കാട്ടുപോത്ത്, കേഴമാന്, കലമാന്‍ എന്നിവയൊക്കെ ഇവിടുത്തെ നിത്യകാഴ്ചകള്‍ തന്നെ. ഇവിടെ ഗ്രാമീണര്‍ക്ക് സന്തത സാഹചാരികളായി വന്യജീവികള്‍ എന്നുമുണ്ട്. കാട്ടാടുകളും മാനുകളും എന്നും ഇവര്‍ക്കൊപ്പമുണ്ടാവും. പുട്ടു, ലക്ഷ്മി, അര്ജുന്, സീത, കാവേരി,എന്നൊക്കെ നീട്ടിവിളിച്ചാല്‍, വിളികേട്ടു വരുന്നവരെ കണ്ടാല്‍ ഒന്ന് നടുങ്ങും.
രാവിലത്തെ മുത്താറി മുദ്ധയും ദോശയുമൊക്കെ ശാപ്പിടാന്‍ കാടിനുള്ളില്‍ നിന്നും പലരുമെത്തും. ഒരിക്കല്‍ അങ്ങനെ എത്തിയ ഹിരണി എന്ന മാന്കുട്ടി പിന്നെ ഇവിടം വിട്ടു പോയിട്ടില്ല. ഗ്രാമത്തിലെ പെണ്‍കുട്ടികള്‍ക്ക് ഏറെ ഇഷ്ടം പക്ഷികളെയാണ്. കുയിലും തത്തയും കുരുവിയും ഒക്കെ ഇവിടുത്തെ നിത്യസന്ദര്‍ശകര്‍. ആന ക്യാമ്പില്‍ ഒരു അമ്പലവുമുണ്ട്. മാസ്തമ്മ ക്ഷേത്രം. ചാമുണ്ടി ദേവിയാണ് മാസ്തമ്മ എന്നാണ് ഗ്രാമീണരുടെ വിശ്വാസം. ഇതുവഴി പോവുന്ന വാഹനങ്ങളിലുള്ളവര്‍ വണ്ടി നിര്‍ത്തി ഇവിടെ നാളികേരം ഉടച്ചതിന് ശേഷമാണ് യാത്ര തുടരുക. മാസ്തമ്മ ദേവിയാണ് ഇവരുടെ എല്ലാമെല്ലാം.
കുട്ടി പാപ്പാന്മാരുടെ ഗ്രാമം
ബെള്ളയിലെ പാപ്പാന്‍മാരെപോലെ പ്രശസ്തരാണ് ഇവിടുത്തെ കുട്ടി പാപ്പാന്മാരും. ബെള്ളയില്‍ ധാരാളം കുട്ടി പാപ്പാന്മാരുണ്ട്. പള്ളിക്കൂടത്തിന്റെ പടികണ്ടിട്ടില്ലെങ്കിലും എല്ലാവര്ക്കും കാട്ടാനകളുടെ കാര്യത്തില്‍ ഫുള്‍ മാര്‍ക്ക്. ഇവിടെ പിറന്നുവീഴുന്ന ഓരോ കുട്ടികളും കാട്ടാനകളുടെ പരിചാരകരാണ്. പരിക്ക് പറ്റി വീഴുന്ന കാട്ടാനകളെ വനം വകുപ്പും നാട്ടുകാരും ചേര്‍ന്ന് ആന പന്തിയിലാക്കും. പിന്നീടുള്ള മുഴുവന്‍ ശുശ്രൂഷകള്‍ക്കും കുട്ടിപാപ്പാന്‍മാരും ഒപ്പമുണ്ടാകും. കുളിപ്പിക്കുന്നതിനും ഭക്ഷണം കൊടുക്കുന്നതിനും.
വെള്ളം കൊടുക്കുന്നതിനുമെല്ലാം കുട്ടിപാപ്പാന്മാരുടെ സഹായം നിര്‍ലോഭം തന്നെ. വൈകാതെ തന്നെ ഓരോ ആനകളുടേയും പാപ്പാന് ചുമതല തന്നെ ഇവര്‍ ഏറ്റേടുക്കുന്നു. ആനകള്‍ക്ക് പേരിടുന്ന കാര്യത്തിലും കാട്ടാനകളുടെ ആവശ്യങ്ങള്‍ മനസിലാക്കുന്ന കാര്യത്തിലും കുട്ടി പാപ്പാന്മാരുടെ കഴിവ് അപാരം തന്നെ. പരമ്പരാഗതമായി പാപ്പാന് ജോലികള്‍ ചെയ്യാന്‍ നിയോഗിക്കപ്പെട്ടവരാണ് ഗ്രാമവാസികള്‍. അതുകൊണ്ടുതന്നെ അച്ഛനപ്പൂപ്പന്മാരുടെ പാരമ്പര്യ സിദ്ധികള്‍ കുട്ടിപാപ്പാന്‍മാര്‍ക്കും കൈവരുന്നു.
ഇത് ദൈവീകമായി പരിപാലിച്ച് വരുന്ന തലമുറയാണ് ബെള്ളയിലേത്. ഇവിടുത്തെ മുതിര്‍ന്ന പാപ്പാനായ ദോട്ടപ്പാജിയുടെ അച്ഛന് ദോഡ്ഡയ്യയും പാപ്പാനായിരുന്നു. ദോട്ടപ്പാജിയുടെ മകന് വിനുവും പാപ്പാന്. ദോഡ്ഡമാസ്തി, സണ്ണപ്പന്‍, മഹാദേവ, രാജു, മായപ്പ മധു തുടങ്ങിയവരെല്ലാം കേഴ്വികേട്ട പാപ്പാന്മാര്. തിമ്മ, രാമു, ഹരീഷ്, രവി, രാജണ്ണ, തുടങ്ങിയവര്‍ രണ്ടാം പാപ്പാന്മാര്.
കുട്ടിപാപ്പാന്മാരില്‍ ഇളമുറക്കാരന് നവീനാണ്. ഒന്‍പത് വയസ്. അച്ഛന് മായപ്പന് ഒരുവയസുളള്ളപ്പോള്‍ മുതല്‍ നവീനെ ആനപ്പുറത്തേറ്റി. ആനക്യാമ്പിലെ കുമാരസ്വാമിയുടെ പാപ്പാനാണ് നവീന്‍. 15 കൊല്ലം മുമ്പാണ് കുമാരസ്വാമി എന്ന കൊമ്പന് കുത്തുകൂടി പരിക്കേറ്റ് ബെള്ളയിലെത്തിയത്.
പിന്നെ പരിചരണം മുഴുവന്‍ മായപ്പന്റേതായി. നവീനാകട്ടെ, തന്റെ എല്ലാമാണ് കുമാരസ്വാമി. കൊച്ചുകുട്ടികള്‍ അനുസരിക്കുന്നതുപോലെ നവീനുമുന്‍പില്‍ കുമാരസ്വാമി അനുസരിക്കും. ഇരിക്കാന്‍ പറഞ്ഞാല്‍ ഇരിക്കും, കുനിയാന്‍ പറഞ്ഞാല്‍ കുനിയും, വെള്ളം കുടിക്കാന്‍ പറഞ്ഞാല്‍ വെള്ളം കുടിക്കും അങ്ങനെ എല്ലാം എല്ലാം. ഇടയ്ക്ക് ചില്ലറ കുറുമ്പുകളും കുമാരസ്വാമിയുടേതായുണ്ട്. എല്ലാം നവീന്‍ അനുസരിപ്പിക്കും. അനുസരണയുള്ള കുട്ടിയെപോലെ കുമാരസ്വാമിയും. ബെള്ളയിലെ കുട്ടികള്‍ക്ക് കുമാരസ്വാമി കേഡിയാണ്. കാട്ടില്‍നിന്ന് ബെള്ളയിലെത്തുന്ന കാട്ടാനകളെ ഓടിക്കാനും പേടിപ്പിക്കാനുമെല്ലാം കുമാരസ്വാമിയുടെ സഹായം വേണം. കുമാരസ്വാമിയുടെ നിഴല്‍ കാണുന്നമാത്രയില്‍ മറ്റ് കാട്ടാനകള്‍ ഓടിയൊളിക്കും. കുമാരസ്വാമിക്കാകട്ടെ പഴയ പക ബാക്കിയുമുണ്ട്.
കുമാരസ്വാമിയുടെ പുറത്താണ് നവീന്റെ യാത്ര കൂടുതലും. അച്ഛന് പഠിപ്പിച്ച വിദ്യകളെല്ലാം നവീനിന് സ്വന്തം. ബെള്ളയിലെ മറ്റ് കുട്ടിപാപ്പാന്‍മാരായ വിജേന്ദ്ര, ബാബു, രാജു, ധനു, മാസ്തി, കരിയ, ചിന്ന എന്നിവര്‍ക്കൊപ്പം സമയം പങ്കിടാനാവാത്തതുമാത്രമാണ് നവീനിന്റെ വിഷമം. പത്തിലധികം കാട്ടാനകളാണ് ബെള്ളയിലുണ്ടായിരുന്നത്. പിടിയാനകളായ ഗംഗ, യോഗലക്ഷ്മി, കോകില, രമണി എന്നിവരും ദ്രോണ, രാജേന്ദ്ര, അര്‍ജ്ജുന, കുമാരസ്വാമി, സുലക്ഷ്മണ, രാജ തുടങ്ങിയ കൊമ്പനാനകളും ബെള്ളക്ക് സ്വന്തമായിരുന്നു. ഇതില്‍ സുലക്ഷ്മണയും രാജയും കോകിലയും രമണിയും ചരിഞ്ഞ ആനകളുടെ പട്ടികയിലായി. ഗംഗയെയും യോഗലക്ഷ്മിയെയും കുടകിലെ തിത്തിമത്തി മത്തിക്കോട് ആനക്യാമ്പിലേക്ക് മാറ്റി.
ചരിഞ്ഞ ആനകളോടുള്ള ഗ്രാമീണരുടെ സമീപനം ലോകത്തിനുതന്നെ മാതൃകയാണ്.
1988ല്‍ ആണ് ദ്രോണ ചരിഞ്ഞത്. കാട്ടുമരത്തില്‍ നിന്നും ഇലകള്‍ പറിച്ചുതിന്നുന്നതിനിടെ വൈദ്യുതാഘാതമേറ്റായിരുന്നു മരണം. രാജേന്ദ്രയെ 1979ല്‍ കാട്ടാനകള്‍ കുത്തികൊല്ലുകയായിരുന്നു. മൈസൂരിലെ ദസറ മഹോത്സവത്തിന് ചാമുണ്ഡി ദേവിയുടെ തിടമ്പേറ്റാനുള്ള ഭാഗ്യവും ഇവിടുത്തെ കാട്ടാനകള്‍ക്ക് ലഭിച്ചിട്ടുണ്ട്. അര്‍ജ്ജുന ഇന്നും ദസറക്ക് പോകുന്നുണ്ട്. ദേവിയുടെ തിടമ്പും പലപ്പോഴായി ഏറ്റുന്നു. ദ്രോണയും രാജേന്ദ്രയും ചരിഞ്ഞത് ഗ്രാമവാസികള്‍ക്ക് മറക്കാനാവാത്ത അനുഭവമായിരുന്നു. ഇവരുടെ ഓര്‍മ്മയ്ക്കായി ആനക്യാമ്പിനടുത്ത് രണ്ട് കല്ലറകള്‍ പണിതിട്ടുണ്ട്. ദസറക്ക് തിടമ്പേറ്റുന്നതിന് മുമ്പ് അര്‍ജ്ജുന ഇവരുടെ കുഴിമാടത്തില്‍ നമസ്ക്കരിക്കുന്നു.
ബെള്ളയിലെ മാസ്തമ്മ ക്ഷേത്രോത്സവത്തിന് തിടമ്പേറ്റുന്നതിന് മുമ്പും ഇവിടുത്തെ ആനകളും നാട്ടുകാരും ദ്രോണയുടെയും രാജേന്ദ്രയുടെയും കുടീരങ്ങളില്‍ നമസ്ക്കരിക്കുന്ന പതിവുമുണ്ട്. ഇവിടെ അടുത്താണ് എന്ബേഗൂര്. നൂറുകണക്കിന് കാട്ടാനകള്‍ മേയുന്ന പുല്‍മേടുകള്‍ ഇവിടുണ്ട്. ബീച്ചനഹള്ളി അണക്കെട്ടിന്റെ വൃഷ്ടിപ്രദേശമാണിത്. ഇവിടുത്തെ ചെറുതോടിലേക്ക് അണക്കെട്ടിലെ വെള്ളം എത്തുന്നുണ്ട്. ഇക്കൊല്ലം അണക്കെട്ടില്‍ വെള്ളം ഇല്ലാത്തതിനാല്‍ ഇക്കുറി ഇവിടെയും വെള്ളമില്ല. അതുകൊണ്ട് ഏതാനും ആനകളെ മത്തിക്കോട് ആനപ്പന്തിയിലേക്ക് മാറ്റിയിരിക്കുകയാണ്. മനുഷ്യരും വന്യജീവികളും തമ്മിലുള്ള ബന്ധം അരക്കിട്ടുറപ്പിക്കുന്ന കാഴ്ച്ചകളാണ് ബെള്ളയിലേത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: