കടത്തിക്കൊണ്ടു വന്ന മാമത്തിന്റെ കൊമ്പുകള്‍ ചൈനീസ് കസ്റ്റംസ് അധികൃതര്‍ പരിശോധിക്കുന്നു
ബീജിങ്: ആനക്കൊമ്പുകളാണെന്നാണ് ആദ്യം കരുതിയത്. എന്നാല്‍ വിശദമായ പരിശോധനാഫലം വന്നപ്പോള്‍ ചൈനീസ് കസ്റ്റംസ് ഞെട്ടി. പിടിച്ചെടുത്തതെല്ലാം മാമത്തിന്റെ കൊമ്പുകളായിരുന്നു. ആയിരക്കണക്കിനു വര്‍ഷങ്ങള്‍ക്കു മുമ്പ് വംശനാശം സംഭവിച്ച മാമത്തുകളുടെ കൊമ്പുകള്‍. റഷ്യയില്‍ നിന്ന് കടത്തിക്കൊണ്ടു വന്നവയായിരുന്നു ഇത്.
ഹീലോങ്ജിയാങ്ങ് പ്രവിശ്യയിലെ ലുയോബി തുറമുഖത്ത് നങ്കൂരമിട്ട കപ്പലില്‍ നിന്നു കൊണ്ടുവന്ന വലിയ പെട്ടികള്‍ പരിശോധിച്ചപ്പോഴാണ് കൊമ്പുകള്‍ കണ്ടെത്തിയത്. അഞ്ചടി നീളമുള്ള കൊമ്പുകള്‍ വരെ പിടിച്ചെടുത്തതിലുണ്ട്. മറ്റു രാജ്യങ്ങളില്‍ നിന്ന് കൊമ്പുകള്‍ ഇറക്കുമതി ചെയ്യുന്നത് ചൈനയില്‍ കുറ്റകരമല്ല. എന്നാല്‍ ഈ കൊമ്പുകള്‍ എന്തിന് കൊണ്ടുവന്നു എന്നോ ആര്‍ക്കു കൈമാറുമെന്നോ കൃത്യമായി സ്‌റ്റേറ്റ്‌മെന്റ് നല്‍കാത്തതിനാലാണ് പരിശോധിച്ചതെന്ന് കസ്റ്റംസ് അധികൃതര്‍ അറിയിച്ചു.
സൈബീരിയയിലെ മഞ്ഞില്‍പ്പുതഞ്ഞ് നശിക്കാതെ ഇപ്പോഴും മാമത്തുകളുടെ അസ്ഥികൂടങ്ങളുണ്ട്. ഇവിടെ നിന്ന് കൊമ്പുകള്‍ ശേഖരിച്ചാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് കടത്തുന്നത്. നൂറിലേറെ കൊമ്പുകളാണ് ഇപ്പോള്‍ കസ്റ്റംസിന്റെ കസ്റ്റഡിയിലുള്ളത്.
കപ്പലില്‍ നിന്നു പുറത്തു കൊണ്ടുവന്ന പെട്ടികള്‍ ഒരു ട്രക്കില്‍ കയറ്റി കടത്താന്‍ ശ്രമിക്കുമ്പോഴാണ് കസ്റ്റംസ് പരിശോധിച്ചത്. മാമത്തുകളുടെ ആയിരക്കണക്കിന് അസ്ഥികൂടങ്ങള്‍ സൈബീരിയിയില്‍ മഞ്ഞിലാണ്ടു കിടപ്പുണ്ട്. ആനക്കൊമ്പുകള്‍ക്ക് ലോകത്താകെ ആവശ്യക്കാരുണ്ട്. ആനക്കൊമ്പാണെന്നു വിശ്വസിപ്പിച്ചാണ് മാമത്തുകളുടെ കൊമ്പുകളും വില്‍ക്കുന്നത്.
















