വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് വിമര്‍ശനങ്ങളും പ്രതിഷേധവും പുതുമയുള്ള കാര്യമല്ല. പ്രസിഡന്റാകുന്നതിന് മുമ്പ് തന്നെ വിമര്‍ശനങ്ങള്‍ പല കോണുകളില്‍ നിന്നായി ട്രംപിന് ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ട്. എന്നാല്‍ ബഹിരാകാശത്ത് നിന്നും വിമര്‍ശനമേറ്റുവാങ്ങേണ്ടി വന്ന ആദ്യത്തെയാളായി മാറിയിരിക്കുകയാണ് ട്രംപ്.
സ്വതന്ത്ര ബഹിരാകാശ ഏജന്‍സി വിക്ഷേപിച്ച കാലാവാസ്ഥ ബലൂണിലാണ് ട്രംപിനെ വിമര്‍ശിച്ചുള്ള വാക്കുകള്‍ പ്രത്യക്ഷപ്പെട്ടത്. ലുക്ക് അറ്റ് ദാറ്റ് യൂ സണ്‍ ഓഫ് എ ബിച്ച് എന്ന് എഴുതിയിരിക്കുന്ന പോസ്റ്റര്‍ ബഹിരാകാശ ബലൂണില്‍ ഘടിപ്പിച്ചിരിക്കുന്നു.
ജിപിഎസ് സെന്‍സറും, ക്യാമറയും, അടക്കം എല്ലാവിധ സജ്ജീകരണങ്ങളോട് കൂടിയുള്ള ബലൂണ്‍ യൂറിഗഗാറിന്റെ ബഹിരാകാശ യാത്രയുടെ അമ്പത്തിയാറാം വാര്‍ഷിക ദിനത്തിലാണ് വ്യത്യസ്തവും വിചിത്രവുമായ പ്രതിഷേധവുമായി രംഗത്ത് എത്തിയിരിക്കുന്നത്.
‘അഫ്രോഡിറ്റ്’ എന്ന് പേരിട്ടിട്ടുള്ള ഈ ബലൂണിന്റെ വിക്ഷേപണത്തിന് നേതൃത്വം നല്‍കിയതും പദ്ധതിക്ക് ഏകോപനം നടത്തിയതും സ്വതന്ത്ര ബഹിരാകാശ ഏജന്‍സിയാണ്. ബഹിരാകാശത്തുള്ള ആദ്യ രാഷ്‌ട്രീയ പ്രതിഷേധമാണ് ഇതെന്നാണ് സ്വതന്ത്ര ബഹിരാകാശ ഏജന്‍സിയിലെ ഒരംഗം വാഷിങ്ടണ്‍ പോസ്റ്റിന് അയച്ച മെയില്‍ പറഞ്ഞിരിക്കുന്നത്.
നാസയുടെ ഭൗമശാസ്ത്ര പഠനത്തിനുള്ള ഫണ്ട് വെട്ടിക്കുറക്കാനുള്ള ട്രംപിന്റെ നടപടിക്കെതിരായ പ്രതിഷേധത്തിന്റെ ഭാഗമായാണ് ഈ പ്രതിഷേധം.
















