ന്യൂദല്‍ഹി: ഇന്ത്യ- പാക്ക് ബന്ധം വഷളായിരിക്കെ, മൂന്ന് ഇന്ത്യന്‍ ചാരന്‍മാരേക്കൂടി അറസ്റ്റു ചെയ്തതായി പാക്കിസ്ഥാന്‍. പാക്ക് അധികൃതര ഉദ്ധരിച്ച് ‘ദ എക്‌സപ്രസ് ട്രിബ്യൂണാ’ണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ഖാലിദ്, ഇംതിയാസ്, റാഷിദ് എന്നീ മൂന്നു പേരെയാണ് അറസ്റ്റ് ചെയ്തതെന്നും ഇവര്‍ ഇന്ത്യന്‍ രഹസ്യാന്വേഷണ വിഭാഗമായ ‘റോ’ നിയോഗിച്ച ചാരന്‍മാരാണെന്നും പാക്കിസ്ഥാന്‍ ആരോപിക്കുന്നു.
പിടിയിലായ മൂന്നുപേരെയും തീവ്രവാദ വിരുദ്ധ നിയമപ്രകാരമാണ് അറസ്റ്റ് ചെയ്തിട്ടുള്ളത്. ഇവരെ പാക്കിസ്ഥാനിലെ തീവ്രവാദ വിരുദ്ധ കോടതിയില്‍ ഹാജരാക്കും. പലതവണ നിയന്ത്രണരേഖ കടന്ന് ഇന്ത്യന്‍ സൈനിക ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തിയിട്ടുള്ള ഇവര്‍, ഏറെക്കാലമായി ഇന്ത്യന്‍ ചാരന്‍മാരായി പ്രവര്‍ത്തിച്ചുവരികയാണെന്നാണ് പാക്കിസ്ഥാന്റെ ആരോപണം.
സിപിഇസി പദ്ധതി, റവാലക്കോട്ടെ സംയുക്ത മിലിട്ടറി ആശുപത്രി, ചൈനീസ് എന്‍ജിനീയര്‍മാര്‍, പാക്ക് അധീന കശ്മീരിലെ അതീവ രഹസ്യ സ്വഭാവമുള്ള വിവരങ്ങള്‍ എന്നിവ ചോര്‍ത്തുന്നതിനായിട്ടാണ് ‘റോ’ ഇവരെ അയച്ചതെന്നും പാക്ക് പോലീസ് പറയുന്നു. കഴിഞ്ഞ വര്‍ഷം പാക്കിസ്ഥാനിലെ അബ്ബാസ്പുരില്‍ നടന്ന ബോംബ് സ്‌ഫോടനത്തിലു ഇവര്‍ക്കു പങ്കുണ്ടെന്ന് പാക്കിസ്ഥാന്‍ ആരോപിച്ചിട്ടുണ്ട്.
ഇന്ത്യന്‍ മുന്‍ നാവികോദ്യോഗസ്ഥന്‍ കുല്‍ഭൂഷന്‍ ജാദവിനെ ചാരന്‍ എന്നാരോപിച്ച് പാക്കിസ്ഥാന്‍ സൈനിക കോടതി വധശിക്ഷയ്‌ക്ക് വിധിച്ചിരുന്നു. തുടര്‍ന്ന് ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധത്തില്‍ വലിയ ഉലച്ചില്‍ സംഭവിച്ചിരുന്നു.
പാക്കിസ്ഥാനോടുള്ള നിലപാട് കടുപ്പിച്ച ഇന്ത്യ സമുദ്രസുരക്ഷയുമായി ബന്ധപ്പെട്ട് തിങ്കളാഴ്ച നടത്താന്‍ നിശ്ചയിച്ചിരുന്ന ചര്‍ച്ച ഉള്‍പ്പെടെയുള്ള എല്ലാ നയതന്ത്ര ചര്‍ച്ചകളും മരവിപ്പിച്ചിരുന്നു.
















