അവന്
ആത്മഹത്യ ചെയ്തുവെന്ന്
അതല്ല
അവന് കൊല്ലപ്പെട്ടുവെന്ന്
രണ്ടായാലും അമ്മയ്ക്കറിയേണ്ടത്
അവനെ ഇല്ലാതാക്കിയത്
ആരാണെന്നായിരുന്നു
അതിനായി
അമ്മ വാതിലുകളില്‍ ചെന്നു മുട്ടി
പക്ഷെ, വാതിലുകളെല്ലാം
കൊട്ടിയടയ്ക്കപ്പെട്ട നിലയിലായിരുന്നു
അമ്മ അപ്പോള്‍
അലമുറയിട്ടു കരഞ്ഞു …
അന്നേരമാണ് പാറാവുകാര്‍ വന്നത്
അവര്‍ അമ്മയെ പിടികൂടി
ചാട്ടവാര്‍ കൊണ്ട് തലങ്ങും വിലങ്ങും പ്രഹരിച്ചു
മുടിയില്‍ പിടിച്ച്
തെരുവിലൂടെ വലിച്ചിഴച്ചു
അതു കണ്ട ആളുകള്‍
അരുതേയെന്നു വിലപിച്ചു
അപ്പോഴാണ്
പൊന്നുതമ്പുരാന്റെ രഥം ആ വഴി വന്നത്
രഥം നിര്‍ത്തി തമ്പുരാന്
പാറാവുകാരോട് കല്പിച്ചു ..
നാടു കടത്തൂ ഈ കുലടയെ
തുറക്കാത്ത വാതിലുകളില്‍ മുട്ടി
കലാപമുണ്ടാക്കാന്‍ തുനിഞ്ഞു ഇവള്…
ആളുകള്‍ അതു കേട്ട് മൂക്കത്തു വിരല്‍ വച്ചു
അമ്മ മോഹാലസ്യപ്പെട്ടു വീണു
പൊന്നുതമ്പുരാന് രഥം മുന്നിലേക്കെടുത്തു
അമ്മയുടെ നെഞ്ചിലൂടെ രഥചക്രങ്ങള്‍
ജര്‍മ്മനിയിലേക്കു കുതിച്ചു….
അമ്മയെ നാടുകടത്തിയിട്ടും പക്ഷെ .
ആ നിലവിളികള്‍ മാത്രം
നാടുകടന്നു പോയില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: